Quantcast

കാണാതായിട്ട് 38 വർഷങ്ങൾ; സൈനികന്‍റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി ഇന്ത്യൻ ആർമി

1984 മെയ് 29 മുതൽ കാണാതായ 19 കുമയൂൺ റെജിമെന്‍റിലെ സൈനികനായ ചന്ദർശേഖർ ഹർബോളയുടെ മൃതദേഹമാണിതെന്ന് സൈന്യം സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Published:

    16 Aug 2022 2:13 AM GMT

കാണാതായിട്ട് 38 വർഷങ്ങൾ; സൈനികന്‍റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി ഇന്ത്യൻ ആർമി
X

ഹൽദ്വാനി: 38 വർഷങ്ങൾക്ക് മുൻപ് സിയാച്ചിനിൽ കാണാതായ ഇന്ത്യൻ സൈനികന്‍റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. സിയാച്ചിനിലെ പഴയ ബങ്കറിനുള്ളിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. 1984 മെയ് 29 മുതൽ കാണാതായ 19 കുമയൂൺ റെജിമെന്‍റിലെ സൈനികനായ ചന്ദർശേഖർ ഹർബോളയുടെ മൃതദേഹമാണിതെന്ന് സൈന്യം സ്ഥിരീകരിച്ചു. ഹിമപാതത്തിലെ പട്രോളിംഗിനിടെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

പാകിസ്താനെതിരെ പോരാടാൻ 1984ൽ സിയാച്ചിനിലെ ഗ്യോങ്‌ല ഹിമാനിയിലേക്കുള്ള 'ഓപ്പറേഷൻ മേഘദൂതിനായി' വിന്യസിച്ച 20 സൈനികരിൽ ഒരാളായിരുന്നു ചന്ദർശേഖർ ഹർബോള. പതിവ് പട്രോളിംഗ് നടത്തുന്നതിനിടെ ഉണ്ടായ ഹിമക്കാറ്റിൽ 20 സൈനികരെയും കാണാതാവുകയായിരുന്നു. ഇതുവരെ 15 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നത്. ബാക്കിയുള്ള അഞ്ച് പേരിൽ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

മൃതദേഹാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടന്ന ആർമി ടാഗുകളാണ് ചന്ദർശേഖറിന്‍റെ മൃതദേഹം തിരിച്ചറിയാൻ സഹായകമായതെന്ന് സൈന്യം പറയുന്നു. തുടർന്ന് ഔദ്യോഗിക രേഖകൾ പരിശോധിച്ച് മൃതദേഹം ചന്ദർശേഖറിന്‍റേത് തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആർമി രേഖകൾ പ്രകാരം 1984ലാണ് ചന്ദർശേഖർ 'ഓപ്പറേഷൻ മേഘദൂതിനായി' സിയാച്ചിനിലെ ഗ്യോങ്‌ല ഹിമാനിയിൽ വിന്യസിക്കപ്പെട്ടത്. സിയാചിൻ ഗ്ലേഷ്യർ നിയന്ത്രണത്തിലാക്കാനായി 1984 ഏപ്രിൽ 13ന് ആരംഭിച്ച ഇന്ത്യൻ സേനയുടെ സൈനിക നീക്കമായിരുന്നു 'ഓപ്പറേഷൻ മേഘദൂത്'. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാചിനിലെ ആദ്യ സൈനിക നീക്കമായിരുന്നു ഇത്. ഈ സൈനിക ഓപ്പറേഷന്‍റെ ഫലമായി സിയാചിൻ ഗ്ലേഷ്യറിന്‍റെ പൂർണ നിയന്ത്രണം ഇന്ത്യയുടെ കൈകളിലാവുകയും ചെയ്തു.

പാകിസ്താനെതിരെ നടത്തിയ ഇന്ത്യയുടെ നിർണായക നീക്കം വിജയിക്കാൻ കാരണമായത് ചന്ദർശേഖർ ഉൾപ്പടെയുള്ള സൈനികരുടെ മനോധൈര്യം തന്നെയാണ്. ചന്ദർശേഖറിന്‍റെ മൃതദേഹം അദ്ദേഹത്തിന്റെ ഭാര്യ താമസിക്കുന്ന സരസ്വതി വിഹാർ കോളനിയിലേക്ക് എത്തിക്കുമെന്ന് സൈന്യം അറിയിച്ചു. വിവാഹം കഴിഞ്ഞ് ഒൻപത് വർഷത്തിന് ശേഷമാണ് അദ്ദേഹത്തെ കാണാതാകുന്നതെന്ന് ഭാര്യ ശാന്തി ദേവി പറയുന്നു. ജനുവരി 1984ലായിരുന്നു അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്. വൈകാതെ തിരികെയെത്താമെന്ന് പറഞ്ഞ് പോയതായിരുന്നുവെന്ന് കണ്ണീരോടെ ഭാര്യ പറയുന്നു. അതേസമയം, ചന്ദർശേഖറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തന്നെ സംസ്കരിക്കുമെന്ന് സൈന്യം അറിയിച്ചു.

TAGS :

Next Story