ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അതീവ ആശങ്കാജനകം: പി ചിദംബരം

'കഴിഞ്ഞ എട്ട് വർഷത്തെ മന്ദഗതിയിലുള്ള വളർച്ചാ നിരക്കാണ് ഇപ്പോഴത്തെ സർക്കാരിന്റെ മുഖമുദ്ര'

MediaOne Logo

Web Desk

  • Updated:

    2022-05-14 10:38:37.0

Published:

14 May 2022 10:31 AM GMT

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അതീവ ആശങ്കാജനകം: പി ചിദംബരം
X

ഉദയ്പൂർ: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അതീവ ആശങ്കാജനകമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. കഴിഞ്ഞ എട്ട് വർഷത്തെ മന്ദഗതിയിലുള്ള വളർച്ചാ നിരക്കാണ് ഇപ്പോഴത്തെ സർക്കാരിന്റെ മുഖമുദ്രയെന്നും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ച് സമഗ്രമായ അവലോകനത്തിന് സമയമായെന്നും ചിദംബരം പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന ചിന്തൻ ശിബിരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രൂപീകരിച്ച സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള പാനലിന്റെ തലവനാണ് അദ്ദേഹം. 2017ൽ മോദി സർക്കാർ കൊണ്ടുവന്ന രൂപരേഖയും അന്യായമായി നടപ്പാക്കിയ ജിഎസ്ടിയുടെയും അനന്തരഫലങ്ങൾ എല്ലാവർക്കും കാണാവുന്നതാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പെങ്ങുമില്ലാത്തവിധം ദുർബലമാണ്. അതിനാൽ അടിയന്തര നടപടികൾ ആവശ്യമാണെന്നും മുൻധനമന്ത്രി കൂടിയായ ചിദംബരം പറഞ്ഞു.

1991ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഉദാരവൽക്കരണത്തിന്റെ പുതിയ യുഗത്തിന് തുടക്കമിട്ടിരുന്നു. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ, പുതിയ സംരംഭങ്ങൾ, ബിസിനസുകൾ, കയറ്റുമതികൾ, തുടങ്ങിയവയിൽ 27 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി അദ്ദേഹം ഓർമ്മിപ്പിച്ചു.

30 വർഷത്തിന് ശേഷം, ആഗോളവും ആഭ്യന്തരവുമായ സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ, സാമ്പത്തിക നയങ്ങളുടെ പുനഃസജ്ജീകരണത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമായി. ദാരിദ്ര്യം, വർധിച്ചു വരുന്ന അസമത്വം, ആഗോള ദാരിദ്ര്യ സൂചിക തുടങ്ങിയവ ഇനിയും പരിഹരിക്കേണ്ടതുണ്ടെന്നും ചിദംബരം കൂട്ടിച്ചേർത്തു.

ഇത്തരം കാര്യങ്ങളെ കുറിച്ച് സർക്കാറിന് വ്യക്തതയില്ല. വരും ദിവസങ്ങളിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ ഏറ്റവും മികച്ച സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള രാജ്യവ്യാപകമായ ചർച്ചയ്ക്ക് നിർണായക സംഭാവന നൽകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

TAGS :

Next Story