Quantcast

ഒഡീഷ ട്രെയിൻ ദുരന്തം: 'മുസ്‌ലിം എഞ്ചിനീയർ ഒളിവിൽ' എന്ന ഹിന്ദുത്വ വ്യാജ- വിദ്വേഷ പ്രചരണം പൊളിച്ച് റെയിൽവേ

ഇത് മൂന്നാം തവണയാണ് ഒഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ അനുകൂല സോഷ്യൽമീഡിയ ഹാൻഡിലുകൾ വ്യാജ- വിദ്വേഷ പ്രചരണവുമായി രം​ഗത്തെത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-06-20 16:15:30.0

Published:

20 Jun 2023 1:45 PM GMT

Indian Railway Rejects Fake and Hate Spread of Hindutva Handles as Muslim Engineer Absconding in Odisha Train Accident
X

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ വീണ്ടും വ്യാജ- വിദ്വേഷ പ്രചരണവുമായി സംഘ്പരിവാർ അനുകൂല മാധ്യമങ്ങളും സോഷ്യൽമീഡിയ ഹാൻഡിലും. അമീർ ഖാൻ എന്ന് പേരുള്ള റെയിൽവേയിലെ മുസ്‍ലിമായ ജൂനിയർ എൻജിനീയർ അപകടത്തിന് ശേഷം ഒളിവിലാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് തീവ്ര ഹിന്ദുത്വവാദികളും സംഘ്പരിവാർ അനുകൂല മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ പ്രചരണം വ്യാജമാണെന്നും ഒരു ഉദ്യോ​ഗസ്ഥനും ഒളിവിൽ പോയിട്ടില്ലെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു.

എല്ലാ ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേ സിപിആർഒ ആദിത്യ കുമാർ ചൗധരി വ്യക്തമാക്കി. ’ബഹനാഗ റെയിൽവെ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ ഒളിവിലാണെന്നും കാണാതായെന്നും ചില മാധ്യമ റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇത് വസ്തുതാപരമായി തെറ്റാണ്. മുഴുവൻ ജീവനക്കാരും ഹാജരുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അവർ സിബിഐക്ക് മുന്നിൽ ഹാജരാകുന്നുമുണ്ട്’- ആദിത്യ കുമാർ ചൗധരി വീഡിയോയിൽ പറഞ്ഞു.

ബാലസോർ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്തം മുസ്‍ലിം ജൂനിയർ എൻജിനീയർ അമീർ ഖാന്റെ മേൽ ചുമത്തി വലതുപക്ഷ ഹാൻഡിലുകളും ഗോഡി മീഡിയയും ആഘോഷിക്കുകയാണെന്നും സർക്കാരിൽ നിന്ന് കുറ്റം മുസ്‌ലിമിന്റെ തലയിലേക്ക് മാറ്റാൻ പരമാവധി ശ്രമിക്കുകയാണെന്നും വീഡിയോ പങ്കുവച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ കുറിച്ചു.

ഇത് മൂന്നാം തവണയാണ് ഒഡീഷ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ അനുകൂല സോഷ്യൽമീഡിയ ഹാൻഡിലുകൾ വ്യാജ- വിദ്വേഷ പ്രചരണവുമായി രം​ഗത്തെത്തുന്നത്. അപകടം നടന്ന സ്ഥലത്തിനടുത്ത് മുസ്‍ലിം പള്ളിയുണ്ടെന്നും വെള്ളിയാഴ്ച അപകടം നടന്നത് ദുരൂഹമാ​ണെന്നുമായിരുന്നു ആദ്യത്തെ കുപ്രചരണം. അപകടം നടന്ന ട്രാക്കിന് സമീപമുള്ള വെള്ളനിറത്തിലുള്ള കെട്ടിടത്തിന് നേരെ ആരോമാർക്ക് നൽകിയ ചിത്രം സഹിതമായിരുന്നു പ്രചാരണം. എന്നാൽ, അത് പള്ളിയല്ലെന്നും ഇസ്കോൺ ക്ഷേത്രമാണെന്നും പിന്നീട് വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസടക്കമുള്ളവ തെളിയിച്ചു.

ഈ നുണ പൊളിഞ്ഞതോടെ അടുത്ത വ്യാജപ്രചരണവുമായി ഹിന്ദുത്വവാദികൾ രംഗത്തെത്തി. ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായ ‘ഷരീഫ്’ അപകടത്തിന് പിന്നാലെ ഒളിവിലാണെന്നായിരുന്നു രണ്ടാമത്തെ പ്രചാരണം. ബാലസോറിൽ നടന്നത് ഒരു അപകടമോ അശ്രദ്ധയോ അല്ലെന്നും ഒളിവിൽ കഴിയുന്ന സ്റ്റേഷൻ മാസ്റ്റർ ഷെരീഫ് മനഃപൂർവം നടപ്പിലാക്കിയതാണ് എന്നുമായിരുന്നു വ്യാജപ്രചരണത്തിൽ ഒന്ന്.

എന്നാൽ ഇങ്ങനെയൊരാൾ ആ സ്റ്റേഷനിൽ ജോലി ചെയ്യുന്നില്ലെന്ന് ആൾട്ട് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ‘സ്റ്റേഷൻ മാസ്റ്റർ ഷരീഫ്’ എന്ന വ്യാജപ്രചാരണത്തിന് ശക്തിയേകാൻ തീവ്രഹിന്ദുത്വ ട്വിറ്റർ ഹാൻഡിലുകൾ ഒരു സ്റ്റേഷൻ മാസ്റ്ററു​ടെ ഫോട്ടോയും പ്രചരിപ്പിച്ചിരുന്നു. vikaschander.com എന്ന വെബ്സൈറ്റിൽ 2004 മാർച്ചിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് ഇതിന് ഉപയോഗിച്ചത്. എന്നാൽ ബോറ ഗുഹാലു റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററുടേതായിരുന്നു ഈ ഫോട്ടോ.


TAGS :

Next Story