Quantcast

'പണപ്പെരുപ്പം ബാധിച്ചത് ദരിദ്രരെയല്ല, സമ്പന്നരെ'; വിചിത്ര കണ്ടെത്തലുമായി ധനമന്ത്രാലയം

ചില്ലറ മേഖലയിലെ പണപ്പെരുപ്പം എട്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്

MediaOne Logo

Web Desk

  • Published:

    14 May 2022 7:37 AM GMT

പണപ്പെരുപ്പം ബാധിച്ചത് ദരിദ്രരെയല്ല, സമ്പന്നരെ; വിചിത്ര കണ്ടെത്തലുമായി ധനമന്ത്രാലയം
X

ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പം ഏറ്റവും കൂടുതൽ ബാധിച്ചത് സമ്പന്നരെയെന്ന് കേന്ദ്രധനമന്ത്രാലയം. മന്ത്രാലയം പുറത്തിറക്കുന്ന പ്രതിമാസ റിവ്യൂ റിപ്പോർട്ടിലാണ് പരാമര്‍ശം. പണപ്പെരുപ്പം ദരിദ്രവിഭാഗങ്ങളെ ദോഷകരമായി ബാധിച്ചെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ധനമന്ത്രാലയത്തിന്റെ വിചിത്രമായ കണ്ടെത്തൽ. മാർച്ചിലെ റിവ്യൂ റിപ്പോർട്ട് മെയ് 12നാണ് മന്ത്രാലയം പ്രസിദ്ധീകരിച്ചത്.

'ഉപഭോഗ രീതി കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ പണപ്പെരുപ്പം വരുമാനം കൂടിയവരേക്കാൾ വരുമാനം കുറഞ്ഞവരിൽ ചെറിയ ആഘാതമാണ് ഉണ്ടാക്കിയത്' -എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിനെ അടിസ്ഥാനമാക്കി സാമ്പത്തിക മാധ്യമമായ മണി കൺട്രോളാണ് വാർത്ത തയ്യാറാക്കിയത്.

കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞ വാക്കുകൾക്ക് കടകവിരുദ്ധമാണ് മന്ത്രാലയത്തിന്റെ കണ്ടെത്തൽ. 'രാജ്യത്തെ ദരിദ്ര വിഭാഗങ്ങൾക്കു മേൽ പണപ്പെരുപ്പം ആഘാതമുണ്ടാക്കി. അവരുടെ വാങ്ങൽ ശേഷിയെ ഇല്ലാതാക്കി' - എന്നാണ് റിപ്പോ നിരക്ക് നാൽപ്പത് പോയിന്റ് കുറച്ച തീരുമാനം പ്രഖ്യാപിക്കവെ ആർബിഐ ഗവർണർ പറഞ്ഞിരുന്നത്.

2011-12ലെ ദേശീയ സാമ്പിൾ സർവേ അടിസ്ഥാനപ്പെടുത്തിയാണ് ധനമന്ത്രാലയം ഡാറ്റ തയ്യാറാക്കുന്നത്. സർവേ പ്രകാരം ഇന്ത്യയിലെ ഉപഭോക്താക്കളെ മൂന്നു ശതമാനമായി തിരിച്ചിട്ടുണ്ട്- കൂടുതൽ വാങ്ങൽ ശേഷിയുള്ള 20 ശതമാനം, മധ്യത്തിൽ നിൽക്കുന്ന 60 ശതമാനം, താഴേത്തട്ടിൽ നിൽക്കുന്ന 20 ശതമാനം എന്നിങ്ങനെ.

മെയ് 12ന് കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം ഏപ്രിലിലെ ഉപഭോക്തൃ പണപ്പെരുപ്പം 7.79 ശതമാനമാണ്. ദരിദ്രവിഭാഗങ്ങളെ പണപ്പെരുപ്പം കുറഞ്ഞ രീതിയിൽ ബാധിച്ചു എന്ന് പറയുമ്പോഴും ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പ നിരക്ക് 8.38 ശതമാനമാണ്. എട്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 18 മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് നഗരമേഖലയിലെ പണപ്പരുപ്പം- 7.09 ശതമാനം.

ചില്ലറ മേഖലയിലെ പണപ്പെരുപ്പവും എട്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 7.8 ശതമാനമാണിത്. തുടർച്ചയായ നാലാം മാസവും ആർബിഐ നിഷ്‌കർഷിച്ച പരിധിയായ ആറു ശതമാനത്തിനും മുകളിലാണ് പണപ്പെരുപ്പം. ഭക്ഷ്യവിലപ്പെരുപ്പവും ഉയർന്ന നിലയിലാണ്. 8.4 ശതമാനം. മാർച്ചിൽ ഇത് 7.7 ശതമാനമായിരുന്നു.

പണപ്പെരുപ്പം വർധിച്ചതോടെ മിക്ക അവശ്യസാധനങ്ങൾക്കും തീവിലയാണ്. ഇതിന് പുറമേയാണ് ഇന്ധനത്തിന്റെയും പാചക വാതക വാതകത്തിന്റെയും അടിക്കടിയുള്ള വില വർധന. ഗാർഹിക പാചക വാതക സിലിണ്ടറിന് ആയിരം രൂപയാണ് വില. പെട്രോളും ഡീസലും ലിറ്റർ ഒന്നിന് നൂറു രൂപയ്ക്ക് മുകളിൽ നിൽക്കുകയാണ്.

TAGS :

Next Story