Quantcast

ഭരിക്കുന്നവർ തന്നെ ജഡ്ജിയും ജൂറിയും ആരാച്ചാരുമാകുന്നത് അംഗീകരിക്കാൻ കഴിയില്ല; 'ബുൾഡോസർ നീതി'ക്കെതിരെ ചീഫ് ജസ്റ്റിസ്

സ്വകാര്യ കെട്ടിടങ്ങൾ പൊളിക്കുന്ന സർക്കാരിന്റെ പ്രതികാര നടപടിക്കെതിരായ സുപ്രിം കോടതിയുടെ വിധിയെ ഉദ്ധരിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഇറ്റലിയിലെ മിലാനിൽ വെച്ച് നടന്ന 'മിലാൻ കോർട്ട് ഓഫ് അപ്പീലി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

MediaOne Logo

Web Desk

  • Updated:

    2025-06-21 10:55:19.0

Published:

21 Jun 2025 4:21 PM IST

ഭരിക്കുന്നവർ തന്നെ ജഡ്ജിയും ജൂറിയും ആരാച്ചാരുമാകുന്നത് അംഗീകരിക്കാൻ കഴിയില്ല; ബുൾഡോസർ നീതിക്കെതിരെ ചീഫ് ജസ്റ്റിസ്
X

ന്യൂഡൽഹി: ഭരിക്കുന്നവർ തന്നെ ജഡ്ജിയും ജൂറിയും ആരാച്ചാരുമാകുന്നത് അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. സ്വകാര്യ കെട്ടിടങ്ങൾ പൊളിക്കുന്ന സർക്കാരിന്റെ പ്രതികാര നടപടിക്കെതിരായ സുപ്രിം കോടതിയുടെ വിധിയെ ഉദ്ധരിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഇറ്റലിയിലെ മിലാനിൽ വെച്ച് നടന്ന 'മിലാൻ കോർട്ട് ഓഫ് അപ്പീലി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റാരോപിതനായ വ്യക്തിയുടെ വീടും സ്വത്തുക്കളും പൊളിക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ നടപടി കോടതി പരിശോധിച്ചു. കോടതി കുറ്റക്കാരനായി കണ്ടെത്തി നടപടിയെടുക്കുന്നതിന് മുമ്പേയുള്ള ഇത്തരം ഏകപക്ഷീയമായ നടപടികൾ നിയമവാഴ്ചയുടേയും ആർട്ടിക്കിൾ 21 പ്രകാരം അഭയം നൽകാനുള്ള മൗലികാവകാശത്തിന്റെയും ലംഘനമാണ്. ഭരണകർത്താക്കൾ തന്നെ ഒരേസമയം ജഡ്ജിയും ജൂറിയും ആരാച്ചാറുമാകരുതെന്നും ഗവായ് വ്യക്തമാക്കി.

ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതു മാത്രമല്ല ഓരോ വ്യക്തിയുടേയും പ്രത്യേകിച്ച് ദുർബലരായവരുടെ സുരക്ഷയും ഭൗതിക ക്ഷേമവും അന്തസും ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രിം കോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'രാജ്യത്ത് സാമൂഹിക സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതിൽ ഭരണഘടനയുടെ പങ്ക്; 75 വർഷത്തെ ഇന്ത്യൻ ഭരണഘടനയുടെ പ്രതിഫലനങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിമയ രംഗത്തെ നിരവധി പ്രമുഖർ മിലാൻ കോർട്ട് ഓഫ് അപ്പീലിൽ പങ്കെടുത്തിരുന്നു.

മാർച്ചിൽ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കൈയേറ്റമാരോപിച്ച് നിരവധി വീടുകൾ സർക്കാർ പൊളിച്ചുമാറ്റിയിരുന്നു. ജൂൺ 12ന് ഡൽഹിയിലും സമാനമായ രീതിയിൽ നൂറുകണക്കിനാളുകളെ വഴിയാധാരമാക്കി കൽക്കാജിയിലെ ഭൂമിഹീൻ ക്യാമ്പിലെ വീടുകൾക്ക് നേരെ ഡൽഹി സർക്കാർ ബുൾഡോസർ രാജ് പ്രയോഗിച്ചിരുന്നു. താമസക്കാരുടെ ഹരജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെ പുലർച്ചെയാണ് അധികൃതരെത്തി വീടുകൾ പൊളിച്ചുമാറ്റിയത്. ജൂൺ ഒന്നിനും ജംഗ്പുരയിലെ മദ്രാസി ക്യാമ്പിലെ 300 മുതൽ 370 ഓളം വരുന്ന കെട്ടിടങ്ങൾ ഡൽഹി ഹൈക്കോടതി വിധിക്കു പിന്നാലെ പൊളിച്ചുമാറ്റിയിരുന്നു.

ഏപ്രിലിലെ ഒരു സുപ്രിം കോടതി വിധിയിൽ ഭരണകൂടങ്ങളുടെ ഇത്തരം പ്രവൃത്തിയെ ഭരണഘടനാ വിരുദ്ധവും മനുഷ്യത്വ രഹിതവുമെന്ന് പറഞ്ഞ് രൂക്ഷമായി വിമർശിച്ചിരുന്നു. പലപ്പോഴും ആളുകൾക്ക് കൃത്യമായ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അല്ലെങ്കിൽ ഒരു രാത്രി മാത്രമാണ് താമസക്കാർക്ക് നോട്ടീസ് ലഭിച്ച് തീരുമാനമെടുക്കാൻ ലഭിച്ചതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

TAGS :

Next Story