Quantcast

ജയ് ഭീം, ഫ്രീ ഫലസ്തീൻ: ചുമരെഴുത്ത് ആരോപിച്ച് മലയാളി വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത ആർ ജെ എൻ ഐ വൈ ഡി നടപടി ജനാധിപത്യ വിരുദ്ധം- ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കാമ്പസ് വാളിൽ പെയിൻ്റ് ചെയ്യുന്നത് ഒരു കുറ്റകൃത്യമാക്കി അവതരിപ്പിച്ചു എന്നത് മാത്രമല്ല, അത് ചെയ്തു എന്ന് ഒരു നിലക്കും തെളിവ് ലഭ്യമാകാതെയാണ് മൂന്ന് മലയാളി വിദ്യാർഥികൾക്ക് നേരെ നടപടി ഉണ്ടായിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    27 May 2025 9:05 PM IST

ജയ് ഭീം, ഫ്രീ ഫലസ്തീൻ: ചുമരെഴുത്ത് ആരോപിച്ച് മലയാളി വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത ആർ ജെ എൻ ഐ വൈ ഡി നടപടി ജനാധിപത്യ വിരുദ്ധം- ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
X

തിരുവനന്തപുരം: കേന്ദ്ര യൂത്ത് ആൻഡ് സ്പോർട്സ് മിനിസ്ട്രിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന തമിഴ്നാട്ടിലെ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെൻ്റ് (ആർ ജെ എൻ ഐ വൈ ഡി) കാമ്പസ് ഹോസ്റ്റലിന്റെ ചുമരിൽ ജയ് ഭീം, ഫ്രീ ഫലസ്തീൻ എന്നീ മുദ്രാവാക്യങ്ങൾ എഴുതി എന്ന് ആരോപിച്ച് മൂന്ന് മലയാളി വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി കടുത്ത ജനാധിപത്യ വിരുദ്ധവും വിദ്യാർഥി അവകാശങ്ങളുടെ മേലുള്ള കൈകടത്തലുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം.

കാമ്പസ് വാളിൽ പെയിൻ്റ് ചെയ്യുന്നത് ഒരു കുറ്റകൃത്യമാക്കി അവതരിപ്പിച്ചു എന്നത് മാത്രമല്ല, അത് ചെയ്തു എന്ന് ഒരു നിലക്കും തെളിവ് ലഭ്യമാകാതെയാണ് മൂന്ന് മലയാളി വിദ്യാർഥികൾക്ക് നേരെ നടപടി ഉണ്ടായിരിക്കുന്നത്. രണ്ടാം വർഷ എംഎസ്ഡബ്ലു വിദ്യാർഥികളായ അസ്ലം, സഈദ്, നഹാൽ എന്നിവർക്കെതിരായ നടപടി ആസൂത്രിതവും മുൻവൈര്യാഗത്തെ മുൻനിർത്തിയുമാണ്. നിലവിലെ നടപടികൾക്ക് നേതൃത്വം നൽകിയ ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റൻസ് രജിസ്ട്രാർ ചണ്ഡീഗഡ് ഓഫ് കാമ്പസിൽ പീഡനക്കേസുമായി ബന്ധപ്പെട്ട് കോടതി വിചാരണ നേരിട്ട് കൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ്. അദ്ദേഹത്തിനെതിരെ കാമ്പസിൽ നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർഥികളെ കൂടിയാണ് സസ്പെൻഷന് വിധേയമാക്കിയിരിക്കുന്നത് എന്നത് നടപടി ആസൂത്രിത പകപോക്കലാണെന്നാണ് വ്യക്തമാക്കുന്നത്.

ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്കറെ അഭിവാദ്യം ചെയ്യുന്ന മുദ്രാവാക്യമാണ് ജയ് ഭീം. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്ന പ്രഖ്യാപിത നയതന്ത്ര നിലപാടുള്ള രാജ്യമാണ് ഇന്ത്യ. ജയ് ഭീമും, ഫ്രീ ഫലസ്തീനും എങ്ങനെയാണ് രാജ്യ ദ്രോഹ പരാമർശങ്ങളാകുന്നതെന്ന് ഇൻസ്റ്റ്യിറ്റ്യൂട്ട് അധികൃതർ വിദ്യാർഥി- പൊതു സമൂഹത്തോട് വ്യക്തമാക്കേണ്ടതുണ്ട്. പീഡന വിചാരണ നേരിടുന്ന അസിസ്റ്റൻ്റ് രജിസ്ട്രാർക്കെതിരെ നടപടി സ്വീകരിക്കാതെ, അത് ചൂണ്ടിക്കാണിച്ച വിദ്യാർഥികളെ വേട്ടയാടുന്നത് കടുത്ത ജനാധിപത്യ വിരുദ്ധമാണ്. ജയ് ഭീമിനെയും സ്വതന്ത്ര ഫലസ്തീനെയും രാജ്യ ദ്രോഹ മുദ്രാവാക്യമാക്കുന്ന നടപടി പ്രത്യക്ഷ വംശീയതയാണ്. ജനാധിപത്യ വിരുദ്ധ വംശീയ നടപടികൾ പിൻവലിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ എത്രയും വേഗം തിരിച്ചെടുക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു.

TAGS :

Next Story