Quantcast

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി വീണ്ടും ആശുപത്രിയില്‍

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സെന്തില്‍ പുഴൽ ജയിലിലാണ് തടവില്‍ കഴിയുന്നത്

MediaOne Logo

Web Desk

  • Published:

    9 Oct 2023 4:34 AM GMT

Senthil Balaji
X

സെന്തില്‍ ബാലാജി

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന തമിഴ്നാട് മന്ത്രി വി.സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ചയാണ് ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സെന്തില്‍ പുഴൽ ജയിലിലാണ് തടവില്‍ കഴിയുന്നത്.

ഇയാളെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് വൃത്തങ്ങൾ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ വ്യക്തമാക്കി. കഴിഞ്ഞ ജൂണില്‍ അറസ്റ്റ് ചെയ്യുന്ന സമയത്തും സെന്തിലിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മന്ത്രിയുടെ ഹൃദയ ധമനികളിൽ ബ്ലോക്ക് ഉണ്ടെന്നും അടിയന്തര ശസ്ത്രക്രിയ അനിവാര്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം.ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടിലുണ്ട്.

മന്ത്രിയുടെ അടുത്ത സഹായികളായ ബി.ഷൺമുഖം, എം.കാർത്തികേയൻ എന്നിവരാണ് ഇടപാടുകൾ നടത്തിയതെന്ന് ഇ.ഡി ആരോപിക്കുന്നു. ബാലാജിയുടെ പേഴ്സണൽ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി. സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

TAGS :

Next Story