Quantcast

കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച നേതാവ് ഭാരത് ജോഡോ യാത്രയില്‍; ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് വക്താവ് രാജിവച്ചു

മുന്‍മന്ത്രി ചൗധരി ലാല്‍ സിങിനെ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി

MediaOne Logo

Web Desk

  • Published:

    18 Jan 2023 1:41 PM IST

Deepika Pushkar Nath
X

ദീപിക പുഷ്കര്‍ നാഥ്

ജമ്മു: ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് വക്താവ് ദീപിക പുഷ്കര്‍ നാഥ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഈയാഴ്ച ജമ്മുകശ്മീരില്‍ പ്രവേശിക്കാനിരിക്കെയാണ് രാജി. മുന്‍മന്ത്രി ചൗധരി ലാല്‍ സിങിനെ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി. ട്വിറ്ററിലൂടെയാണ് ദീപിക രാജിക്കാര്യം അറിയിച്ചത്.

2018ലെ കത്വ ബലാത്സംഗക്കേസ് അട്ടിമറിച്ചതിന് ഉത്തരവാദി സിംഗ് ആണെന്നും പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽ പാർട്ടി വിടുകയാണെന്നും ദീപിക ട്വീറ്റ് ചെയ്തു. പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി ജമ്മു കശ്മീരിലെ പ്രദേശങ്ങളെ ഭിന്നിപ്പിച്ചയാളാണ് ലാല്‍ സിങെന്നും അത്തരത്തില്‍ ഒരാളുമായി വേദി പങ്കിടാന്‍ താല്‍പര്യമില്ലെന്നും ദീപിക ട്വിറ്ററില്‍ കുറിച്ചു. അഭിഭാഷകയുമായ ദീപിക 2021ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. കത്വ കേസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായതിലൂടെയാണ് ദീപിക ദേശീയ ശ്രദ്ധയാകർഷിച്ചത്. കേസിന്‍റെ വിചാരണ കശ്മീരിൽ നിന്ന് പഞ്ചാബിലേക്ക് മാറ്റാൻ നിയമപോരാട്ടം നടന്നത് ദീപികയുടെ കൂടി നേതൃത്വത്തിലായിരുന്നു.

രണ്ട് തവണ എംപിയും മൂന്ന് തവണ എംഎൽഎയുമായിരുന്ന സിങ് 2014ല്‍ ലോക്സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാജി വയ്ക്കുകയും ബി.ജെ.പിയിലേക്ക് ചേരുകയും ചെയ്തു. പി.ഡി.പി-ബി.ജെ.പി സർക്കാരിലും മന്ത്രിയായിരുന്നു. 2018ല്‍ സര്‍ക്കാര്‍ വീഴുന്നതിനു മുന്‍പ് സിങ് രാജിവച്ചു. തുടര്‍ന്ന് ദോഗ്ര സ്വാഭിമാൻ സംഗതൻ പാർട്ടി (ഡി.എസ്.എസ്.പി) രൂപീകരിക്കുകയും ചെയ്തു. കത്വ കേസിലെ പ്രതികളെ പിന്തുണച്ചുകൊണ് നടത്തിയ റാലിയില്‍ സിങ് പങ്കെടുത്തിരുന്നു. കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി. എന്നാല്‍ അന്നത്തെ കലാപ അന്തരീക്ഷം ശാന്തമാക്കാന്‍ വേണ്ടിയാണ് താനവിടെ ഉണ്ടായിരുന്നതെന്നായിരുന്നു സിങിന്‍റെ ന്യായീകരണം.

രാഹുല്‍ ഗാന്ധിയുടെ പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഏതൊരു നേതാവിനെയും ഭാരത് ജോഡോ യാത്രയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ജമ്മു കശ്മീർ ചുമതലയുള്ള എ.ഐ.സി.സി ചുമതലയുള്ള രജനി പാട്ടീലിന്‍റെ പ്രതികരണം. "ഞങ്ങൾ ആർഎസ്എസ് അജണ്ടയിലല്ല നീങ്ങുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെ ഗാന്ധി ഉയർത്തിയ ത്രിവർണ പതാക ഞങ്ങൾ ലാൽ ചൗക്കിലെ പാർട്ടി ഓഫീസിൽ ഉയർത്തും," അവർ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story