ഉമര്‍ അബ്ദുല്ലയും നിധി റാസ്ദാനും വിവാഹിതരായി
സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരും തങ്ങളുടെ വിവാഹവിവരം പുറത്തുവിട്ടത്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും പ്രമുഖ മാധ്യമപ്രവര്‍ത്തക നിധി റാസ്ദാനും വിവാഹിതരായി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരും തങ്ങളുടെ വിവാഹവിവരം പുറത്തുവിട്ടത്.
'ഒരു പുതിയ യാത്ര ഇന്നലെ ആരംഭിച്ചു' എന്ന് റിങ് ഇമോജിയോട് കൂടി നിധിയെ ടാഗ് ചെയ്തുകൊണ്ട് ഉമര്‍ അബ്ദുല്ല എക്സില്‍ കുറിച്ചു. ഇരുവരുടെയും വിവാഹ വസ്ത്രങ്ങളിലുള്ള ചിത്രങ്ങളും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 'ഇത് കഴിഞ്ഞു ബ്രോ' എന്ന് മറുപടി പോസ്റ്റിലൂടെ നിധി റാസ്ദാനും പ്രതികരിച്ചു.
ഒക്ടോബര്‍ 30ന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തതായും ശ്രീനഗറില്‍ വിവാഹസല്‍ക്കാരം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ ഉമര്‍ അബ്ദുല്ലയ്ക്കും മുന്‍ പങ്കാളി പായല്‍ അബ്ദുല്ലയ്ക്കും സുപ്രിംകോടതി പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം അനുവദിച്ചിരുന്നു. 1994 സെപ്റ്റംബർ ഒന്നിന് വിവാഹിതരായ ഇരുവരും 2009 മുതല്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഉമര്‍ അബ്ദുല്ലയും നിധിയും പുതിയ ജീവിതത്തിലേക്ക് കടന്നത്. നിധിയുടെയും രണ്ടാം വിവാഹമാണിത്.
മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ലയുടെ മകനും പാര്‍ട്ടി സ്ഥാപകനായ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ലയുടെ ചെറുമകനുമാണ് ഉമര്‍ അബ്ദുല്ല. 1998-ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉമര്‍, അന്നത്തെ പാര്‍ലമെന്റ് അംഗങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളായിരുന്നു.
വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് മഹാരാജാ കൃഷന്‍ റാസ്ദാന്റെ മകളാണ് നിധി റാസ്ദാന്‍. ജമ്മു കശ്മീരിലാണ് ജനനം. 2005-ല്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ നീലേഷ് മിശ്രയെ വിവാഹം കഴിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം 2007-ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
പത്രപ്രവര്‍ത്തന മികവിനുള്ള ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ പുരസ്‌കാരവും രാംനാഥ് ഗോയങ്ക അവാര്‍ഡും നേടിയിട്ടുണ്ട്. ജമ്മു കശ്മീരിലെ സംഭവവികാസങ്ങള്‍ നിധിയുടെ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചു.
It’s done bro 💍 @OmarAbdullah https://t.co/I3V5HnCz7C
— Nidhi Razdan (@Nidhi) October 31, 2026
A new journey began yesterday 💍@Nidhi https://t.co/BXbdLq2d1H
— Omar Abdullah (@OmarAbdullah) October 31, 2026
Adjust Story Font
16

