Quantcast

വീണ്ടും അറസ്റ്റ് ചെയ്തത് വനിതാ പൊലീസിന്‍റെ പരാതി പ്രകാരമെന്ന് അസം പൊലീസ്; ബി.ജെ.പിയുടെ ഗൂഢാലോചനയെന്ന് ജിഗ്നേഷ് മേവാനി

"എന്‍റെ പ്രതിച്ഛായ തകര്‍ക്കാനായി ചെയ്തതാണിത്. വളരെ ആസൂത്രിതമായാണ് ഇവര്‍ ഇത് ചെയ്യുന്നത്. ഇതു തന്നെയാണ് അവര്‍ രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടും ചെയ്തത്"

MediaOne Logo

Web Desk

  • Updated:

    2022-04-26 04:25:25.0

Published:

26 April 2022 4:22 AM GMT

വീണ്ടും അറസ്റ്റ് ചെയ്തത് വനിതാ പൊലീസിന്‍റെ പരാതി പ്രകാരമെന്ന് അസം പൊലീസ്; ബി.ജെ.പിയുടെ ഗൂഢാലോചനയെന്ന് ജിഗ്നേഷ് മേവാനി
X

കൊക്രജര്‍: ജിഗ്നേഷ് മേവാനി എം.എല്‍.എയെ രണ്ടാമതും അറസ്റ്റ് ചെയ്തതില്‍ വിശദീകരണവുമായി അസം പൊലീസ്. അപമര്യാദയായി പെരുമാറിയെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് അസം പൊലീസ് പറഞ്ഞു. ഇന്നലെ മേവാനിയെ അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം വെളിപ്പെടുത്തിയിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ട്വീറ്റിന്‍റെ പേരില്‍ അറസ്റ്റിലായ മേവാനിക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് അസം പൊലീസ് രണ്ടാമതും അറസ്റ്റ് ചെയ്തത്. മേവാനിയെ ഗുജറാത്തിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയാണ് പരാതി നല്‍കിയതെന്ന് അസം പൊലീസ് അറിയിച്ചു. മേവാനി അസഭ്യം പറഞ്ഞെന്നും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് വനിതാ പൊലീസിന്‍റെ പരാതിയെന്ന് അസം പൊലീസ് വിശദീകരിച്ചു.

ബാര്‍പേട റോഡ് പൊലീസാണ് ഏപ്രില്‍ 21ന് ജിഗ്നേഷ് മേവാനിക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കയ്യേറ്റ ശ്രമം, പൊതുസ്ഥലത്ത് അശ്ലീല പദങ്ങളുപയോഗിച്ചോ പ്രവൃത്തി കാണിച്ചോ അപമാനിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് മേവാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

തനിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ജിഗ്നേഷ് മേവാനി നേരത്തെ പ്രതികരിച്ചിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും ഗൂഢാലോചന നടത്തുകയാണെന്നും മേവാനി പറഞ്ഞു- "ഇതെന്റെ പ്രതിച്ഛായ തകര്‍ക്കാനായി ചെയ്തതാണ്. വളരെ ആസൂത്രിതമായാണ് ഇവര്‍ ഇത് ചെയ്യുന്നത്. ഇതു തന്നെയാണ് അവര്‍ രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടും ചെയ്തിട്ടുള്ളത്. ഇപ്പോള്‍ അവര്‍ എന്നെയാണ് ലക്ഷ്യമിടുന്നത്". മേവാനി മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോൾ ഉദ്യോഗസ്ഥയെ ആക്രമിച്ചെന്ന പരാതി ഉണ്ടായിരുന്നില്ലെന്നും ജാമ്യം ലഭിച്ചപ്പോള്‍ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അഭിഭാഷകന്‍ അങ്ഷുമാൻ ബോറ പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ട്വീറ്റ് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് നല്‍കിയ പരാതിയിലാണ് ജിഗ്നേഷ് മേവാനിയെ ആദ്യം അസം പൊലീസ് അറസ്റ്റ് ചെയ്തത്. ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസില്‍ (ബി.ടി.സി) അംഗം അരൂപ് കുമാര്‍ ഡേയാണ് പരാതി നല്‍കിയത്. 'ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൌഹാര്‍ദത്തിനും അഭ്യര്‍ഥിക്കണം' എന്ന ട്വീറ്റിന്‍റെ പേരിലാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. മേവാനിക്കെതിരെ പരാതി നല്‍കിയത് ഒരു സന്ദേശം നല്‍കാനാണെന്ന് അരൂപ് കുമാര്‍ പറയുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള 'നെഗറ്റീവ്' പോസ്റ്റുകൾ ബി.ജെ.പി പ്രവർത്തകരെ വേദനിപ്പിക്കുന്നു. അദ്ദേഹത്തെ കുറിച്ച് ട്വീറ്റ് ചെയ്യുമ്പോൾ ആളുകൾ ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കാനാണ് പരാതി നല്‍കിയതെന്നും അരൂപ് കുമാര്‍ പറഞ്ഞു.

Summary- Gujarat's Independent MLA Jignesh Mevani has been accused of assault by a woman police constable who was part of the team that brought him from Guwahati airport to Kokrajhar

TAGS :

Next Story