ജെഎൻയു യൂണിയൻ ഓഫീസിൽ സവർക്കറുടെ ഛായാചിത്രം; പ്രതിഷേധവുമായി യൂണിയൻ
സവർക്കറുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഛായാചിത്രം സ്ഥാപിച്ചത്

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫീസിൽ എബിവിപിയുടെ യൂണിയൻ ജോയിന്റ് സെക്രട്ടറി വൈഭവ് മീണ ഹിന്ദുത്വ നേതാവ് വിനായക് ദാമോദർ സവർക്കറുടെ ചിത്രം സ്ഥാപിച്ചു. സവർക്കറുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഛായാചിത്രം സ്ഥാപിച്ചത്. യൂണിയൻ ഓഫീസിൽ പുതിയ ഛായാചിത്രം സ്ഥാപിക്കുന്നതിനുള്ള ഔപചാരിക നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ഈ നടപടി യൂണിയനിൽ വിവാദത്തിന് കാരണമായി.
വ്യാഴാഴ്ച ജെഎൻയുഎസ്‌യു പ്രസിഡന്റ് നിതീഷ് കുമാറും ജനറൽ സെക്രട്ടറി ഫാത്തിമ മുന്തഹയും ഇതിനെ എതിർത്ത് സംയുക്ത പ്രസ്താവന പുറത്തിറക്കി. 'കൗൺസിൽ യോഗത്തിൽ മുൻകൂട്ടി ആലോചിക്കാതെ ജെഎൻയുഎസ്‌യു ഓഫീസിൽ ഛായാചിത്രങ്ങൾ സ്ഥാപിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൗൺസിൽ യോഗത്തിൽ ഒരു പ്രമേയം പാസാക്കാതെ ജെഎൻയുഎസ്‌യു ഓഫീസിൽ ഒരു ഛായാചിത്രം സ്ഥാപിക്കാൻ കഴിയില്ല.' പ്രസ്താവനയിൽ പറയുന്നു.
'എബിവിപിയുടെ വിദ്യാർഥി പ്രതിനിധിയെ തെരഞ്ഞെടുത്തതിനു ശേഷമാണ് ഈ അംഗീകാരം സാധ്യമായത്. ഞങ്ങൾ ഈ പാരമ്പര്യം തുടരും.' ഛായാചിത്രം സ്ഥാപിച്ചതിനെക്കുറിച്ച് ജോയിന്റ് സെക്രട്ടറി മീണ പറഞ്ഞു. നിലവിലെ ജെഎൻയുഎസ്‌യു പാനലിൽ നാല് അംഗങ്ങളാണുള്ളത്. അതിൽ മൂന്ന് പേർ ഇടതുപക്ഷ സഖ്യത്തിന്റെ ഭാഗമാണ് ഒരാൾ എബിവിപിയിൽ നിന്നാണ്. കൗൺസിലിൽ പ്രമേയം പാസാക്കാതെ ഛായാചിത്രങ്ങൾ സ്ഥാപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ജെഎൻയു സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് നിതീഷ് കുമാർ എല്ലാ വിദ്യാർത്ഥി സംഘടനകളോടും വ്യക്തികളോടും ആവശ്യപ്പെട്ടു.
Adjust Story Font
16

