Quantcast

ഉത്തർപ്രദേശിൽ മദ്രസാ ആധുനീകരണത്തെക്കുറിച്ച് പറയുന്നു; ബജറ്റിൽ മദ്രസാ ഫണ്ട് വെട്ടിക്കുറയ്ക്കുന്നു-ജോൺ ബ്രിട്ടാസ്

മുസ്‌ലിംകളുടെ ക്ഷേമം ഉറപ്പുവരുത്താൻ സച്ചാർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അബ്ദുൽ വഹാബ് രാജ്യസഭയിൽ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിനുമേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ബ്രിട്ടാസ്

MediaOne Logo

Web Desk

  • Published:

    11 Feb 2023 9:26 AM GMT

JohnBrittasRajyaSabhaspeech, muslimrepresentation
X

ന്യൂഡൽഹി: രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ ഒരൊറ്റ മുസ്‌ലിം മുഖ്യമന്ത്രി പോലുമില്ലാത്തത് എന്തുകൊണ്ടാണെന്ന് ജോൺ ബ്രിട്ടാസ് എം.പി ചോദിച്ചു. കർണാടകയിൽ ഹിജാബ് നിരോധനം കാരണം ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥിനികൾക്ക് സർക്കാർ കോളജുകൾ ഉപേക്ഷിക്കേണ്ടിവന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വശത്ത് മദ്രസാ ആധുനീകരണത്തെക്കുറിച്ച് പറയുമ്പോള്‍ ബജറ്റിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പുകളും മദ്രസാ ഫണ്ടും വെട്ടിക്കുറച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്‌ലിം ജനവിഭാഗത്തിന്റെ ക്ഷേമം ഉറപ്പുവരുത്താൻ സച്ചാർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അംഗം പി.വി അബ്ദുൽ വഹാബ് രാജ്യസഭയിൽ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിനുമേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ബ്രിട്ടാസ്. വിവിധ സാമൂഹികവിഭാഗങ്ങളുടെ കൃത്യമായ പ്രാതിനിധ്യമാണ് ഏതു ജനാധിപത്യത്തിന്റെയും നിലവാരം അളയ്ക്കപ്പെടുന്നത്. എന്നാൽ, ഇതേ പ്രാതിനിധ്യമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു.

'മുസ്‌ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ചാണ് പറയുന്നത്. എന്നാൽ, മതേതര ഡ്രസ് കോഡിന്റെ പേരിൽ കർണാടകയിലുള്ള വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നത് തടയുകയാണുണ്ടായത്. ന്യൂനപക്ഷങ്ങളെ മുഖ്യധാരയുടെ ഭാഗമാക്കുമെന്ന് സർക്കാർ നിരന്തരം പറയുന്നുണ്ട്. ഹിജാബ് നിരോധനം കൊണ്ട് എന്തുണ്ടായി? കർണാടകയിൽ മാത്രം ഒരു ലക്ഷത്തിലേറെ മുസ്‌ലിം പെൺകുട്ടികൾ സർക്കാർ കോളജുകൾ ഉപേക്ഷിച്ചുപോയി. ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്ന മുസ്‌ലിം വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.'

'കോളജ് വിദ്യാർത്ഥികൾക്ക് മതേതര ഡ്രെസ് കോഡ് ഉറപ്പാക്കാനാണ് ഹിജാബ് നിരോധിച്ചതെിന്നാണ് ഹിജാബ് കേസിൽ സുപ്രിംകോടതിയിൽ കർണാടക സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ മുഖ്യമന്ത്രി മതകീയമായ വസ്ത്രം ധരിച്ച് നടന്നിട്ടും ഒരു പ്രശ്‌നവുമില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ജനാധിപത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ, ഭരണനിർവഹണ, നിയമനിർമാണ, നീതിന്യായ, മാധ്യമ, ഉദ്യോഗതലങ്ങളിൽ രാജ്യത്തെ 22 കോടി ജനങ്ങളുടെ പ്രാതിനിധ്യം എന്താണ്? മുസ്‌ലിംകളുടെ ജനസംഖ്യ മാത്രം നോക്കുകയാണെങ്കിൽ അവർക്ക് ലോക്‌സഭയിൽ ചുരുങ്ങിയത് 74 അംഗങ്ങളുണ്ടാകേണ്ടതാണ്. എന്നാൽ, 24 അംഗങ്ങൾ മാത്രമാണുള്ളത്. 28 സംസ്ഥാനങ്ങളിൽ ഒരൊറ്റ മുസ്‌ലിം മുഖ്യമന്ത്രിയെങ്കിലുമുണ്ടോ നമുക്ക്?'

ഉത്തർപ്രദേശിൽ മദ്രസാ ആധുനീകരണത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ, 93 ശതമാനം മദ്രസാ ഫണ്ട് വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്. 160 കോടി രൂപയുണ്ടായിരുന്നത് 10 കോടിയായി കുറച്ചിരിക്കുന്നു. ഈ ബജറ്റിൽ മുസ്‌ലിം, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗങ്ങൾക്കുള്ള സ്‌കോളർഷിപ്പ് 50 ശതമാനം കുറച്ചിരിക്കുകയാണ്. ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ് 1,425 കോടിയിൽനിന്ന് 430 കോടിയായി കുറഞ്ഞിരിക്കുകയാണ്. 'സബ് കാ സാത്ത്, സബ് കാ വികാസ്' എന്നാണ് സർക്കാരിന്റെ മുദ്രാവാക്യം. ആരുടെ വികസനമാണ് ഇവിടെ നടക്കുന്നതെന്നും ബ്രിട്ടാസ് ചോദിച്ചു.

പ്രമേയ അവതരണത്തെ സ്വാഗതം ചെയ്ത ബ്രിട്ടാസ്, മുസ്‌ലിം ജനത രാജ്യത്ത് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ അരക്ഷിതാവസ്ഥയെക്കുറിച്ചും കേന്ദ്രസർക്കാർ സ്വീകരിക്കുന്ന അടിച്ചമർത്തൽ നയത്തെക്കുറിച്ചും കാര്യമായി ഒന്നുംതന്നെ ലീഗ് നേതാവ് പറയാതിരുന്നതിലുള്ള ഖേദം പ്രകടിപ്പിച്ചു. കേരളത്തിൽ മുസ്‌ലിം ജനവിഭാഗത്തിന്റെ ഉയർച്ചയും പുരോഗതിയും രാജ്യത്തിന് മാതൃകയാക്കാൻ കഴിയുമെന്ന കാര്യം എന്തുകൊണ്ടാണ് ലീഗ് നേതാവ് വിട്ടുകളഞ്ഞതെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.

Summary: 'There are lots of talk about Madrasa modernization in Uttar Pradesh, but in 93 percent cut is there Madrasa funds in new budget', says John Brittas MP

TAGS :

Next Story