'ടോക്‌സിക്കി'ന് അനുമതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍? കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെതിരെ അണ്ണാമലൈ
ടോക്സിക്കില്‍ സ്ത്രീകളെ മോശവും അപകീര്‍ത്തികരവുമായ രീതിയിലാണ് ചിത്രീകരിക്കുന്നതെന്ന് അണ്ണാമലൈ

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം യഷ് നായകനായെത്തിയ 'ടോക്‌സിക്' സിനിമക്കെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ. ചിത്രത്തെയും കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെയും വിമര്‍ശിച്ചുകൊണ്ടാണ് അണ്ണാമലൈയുടെ പ്രതികരണം.
ടോക്സിക്കില്‍ സ്ത്രീകളെ മോശവും അപകീര്‍ത്തികരവുമായ രീതിയിലാണ് ചിത്രീകരിക്കുന്നതെന്ന് അണ്ണാമലൈ ആരോപിച്ചു. സിനിമയില്‍ അമിതമായി വയലന്‍സ് കുത്തിനിറച്ചിട്ടുണ്ടെന്നും അണ്ണാമലൈ പറഞ്ഞു. കോയമ്പത്തൂരില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അണ്ണാമലൈയുടെ പരാമര്‍ശം.
സ്ത്രീകളെ ഒരു രീതിയിലും ബഹുമാനിക്കാത്ത ഇത്തരം സിനിമകള്‍ക്ക് എങ്ങനെയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുന്നത്? വിദ്യാര്‍ഥികളും യുവാക്കളും ഇത്തരം ചിത്രങ്ങള്‍ കാണരുത്. ടോക്‌സിക് പോലുള്ള സിനിമകള്‍ രാജ്യത്തിന്റെ ഭാവിക്ക് തന്നെ ദോഷകരമാണ്. സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് പണം സമ്പാദിക്കുന്നത് ശരിയായ രീതിയല്ലെന്നും അണ്ണാമലൈ പറഞ്ഞു.
ഗീതു മോഹന്‍ദാസ് ഒരുക്കിയ ടോക്‌സിക് തിരുവോണ ദിനത്തിലാണ് തിയേറ്ററുകളിലെത്തിയത്. യഷിന് പുറമെ നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോഡിറ്റാണ് മുന്നോട്ടുപോകുന്നത്. സിനിമയുടെ ആഗോള കളക്ഷന്‍ 140 കോടി കവിഞ്ഞു. ആദ്യദിനം തന്നെ 104 കോടി രൂപയുടെ റെക്കോര്‍ഡ് കളക്ഷനും ചിത്രം നേടി.
Adjust Story Font
16

