Quantcast

മിഷൻ 2024; ദസറദിനത്തിൽ ദേശീയ പാർട്ടി പ്രഖ്യാപിക്കാൻ കെ.സി.ആർ

2024 തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ താഴെയിറക്കുകയാണ് തന്റെ ലക്ഷ്യമെന്നും മോദിക്കെതിരെയുള്ള ബദൽമുന്നേറ്റമായി പുതിയ പാർട്ടി മാറുമെന്നുമാണ് കെ.സി.ആർ മുതിർന്ന നേതാക്കളുടെ യോഗത്തിൽ പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-10-04 03:50:37.0

Published:

4 Oct 2022 3:01 AM GMT

മിഷൻ 2024; ദസറദിനത്തിൽ ദേശീയ പാർട്ടി പ്രഖ്യാപിക്കാൻ കെ.സി.ആർ
X

ഹൈദരാബാദ്: പുതിയ രാഷ്ട്രീയനീക്കവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. 2024 പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ ദേശീയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്) തലവൻ. നാളെ ദസറദിനത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

ഞായറാഴ്ച പാർട്ടി നേതാക്കൾക്ക് പ്രത്യേക വിരുന്ന് ഒരുക്കിയിരുന്നു കെ.സി.ആർ. മന്ത്രിമാരുമായും തെലങ്കാനയിലെ 33 ജില്ലകളിലെയും ടി.ആർ.എസ് അധ്യക്ഷന്മാരുമാണ് ഇതിൽ പങ്കെടുത്തിരുന്നത്. ശേഷം നടന്ന യോഗത്തിലാണ് ദേശീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം അദ്ദേഹം നേതാക്കളെ അറിയിച്ചിരിക്കുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

നാളെ തെലങ്കാന ഭവനിൽ ടി.ആർ.എസിന്റെ നിയമസഭാ കക്ഷി യോഗവും സംസ്ഥാന പ്രവർത്തക സമിതി യോഗം നടക്കുമെന്നാണ് അറിയുന്നത്. ഇതിലായിരിക്കും ദേശീയ പാർട്ടി രൂപീകരണത്തിന് പ്രമേയം പാസാക്കുക. യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാ-നിയമസഭാ അംഗങ്ങൾ, നിയമസഭാ കൗൺസിൽ അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാർ, നഗരസഭാ അധ്യക്ഷന്മാർ അടക്കം 283 പേർ പങ്കെടുക്കും.

ടി.ആർ.എസിന് ദേശീയരൂപം നൽകാനാണ് പദ്ധതി. ഭാരതീയ രാഷ്ട്രസമിതി(ബി.ആർ.എസ്) ആണ് ആലോചനയിലുള്ള പേര്. ടി.ആർ.എസിന്റെ പേരുമാറ്റം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയ്ക്കു പുറത്തുള്ള സംസ്ഥാനങ്ങളിലും പാർട്ടി മത്സരിക്കും. തെരഞ്ഞെടുപ്പിലെ പ്രകടനത്തിന് അനുസരിച്ചായിരിക്കും ദേശീയ പാർട്ടി അവകാശവാദം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അരങ്ങേറ്റം കുറിച്ചും ദേശീയപാർട്ടി പദവി സ്വന്തമാക്കാനും നീക്കമുണ്ടായേക്കും.

ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ സാന്നിധ്യമുറപ്പിക്കാനാണ് ടി.ആർ.എസ് നീക്കം. 2024 തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ താഴെയിറക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കെ.സി.ആർ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് ദേശീയതലത്തിൽ ബദൽ മുന്നേറ്റമായി ബി.ആർ.എസ് മാറുമെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചു.

Summary: Chief Minister and Telangana Rashtra Samiti president K. Chandrasekhar Rao has confirmed launch of a national party on Dasara day.

TAGS :

Next Story