സിഖ് വിരുദ്ധ പരാമർശം: കങ്കണയ്ക്ക് ഡൽഹി നിയമസഭാ സമിതിയുടെ സമൻസ്

സിഖ് സമൂഹത്തെ ഖലിസ്ഥാനി ഭീകരവാദികളായി ചിത്രീകരിച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ പേരിൽ നേരത്തെ മുംബൈ പൊലീസ് കങ്കണയ്‌ക്കെതിരെ കേസെടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-25 10:00:54.0

Published:

25 Nov 2021 10:00 AM GMT

സിഖ് വിരുദ്ധ പരാമർശം: കങ്കണയ്ക്ക് ഡൽഹി നിയമസഭാ സമിതിയുടെ സമൻസ്
X

സിഖ് സമൂഹത്തിനെതിരായ 'ഖലിസ്ഥാനി ഭീകരവാദ' പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണാവത്തിന് സമൻസ്. ഡൽഹി നിയമസഭയ്ക്കു കീഴിലുള്ള പീസ് ആൻഡ് ഹാർമണി കമ്മിറ്റിയാണ് സമൻസ് അയച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്ക് മുൻപാകെ ഡിസംബർ ആറിനുമുൻപായി ഹാജരാകാനാണ് നിർദേശം.

കഴിഞ്ഞ ശനിയാഴ്ച കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിന്റെ പേരിലാണ് നടപടി. കുറിപ്പിൽ സിഖ് സമൂഹത്തെ ഖലിസ്ഥാനി ഭീകരരെന്ന് അധിക്ഷേപിക്കുന്നുണ്ടെന്ന് സമൻസിൽ പറയുന്നു. ഇത് രാജ്യത്തെ സൗഹാർദം തകർക്കുന്നതാണെന്നതിനു പുറമെ സിഖ് സമൂഹത്തിനു മുറിവേൽപ്പിക്കുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇതേ ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പേരിൽ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് കങ്കണയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡൽഹിയിലെ സിഖ് ഗുരുദ്വാര കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഐപിസി 295 എ പ്രകാരമായിരുന്നു കേസെടുത്തത്.

ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ കർഷക സമരത്തെ ബോധപൂർവം ഖലിസ്ഥാനി പ്രസ്ഥാനമായി ചിത്രീകരിക്കുകയും സിഖ് സമുദായത്തെ ഖലിസ്ഥാനി ഭീകരന്മാരായി അവതരിപ്പിക്കുകയും ചെയ്തെന്നായിരുന്നു പരാതി. 1984ലെ സിഖ് കൂട്ടക്കൊല ഓർമിപ്പിച്ച കങ്കണ സംഭവം അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ആസൂത്രിതമായ നീക്കമാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. അന്ന് സിഖുകാർ ഇന്ദിരയുടെ ഷൂവിനു താഴെ ചവിട്ടിയരക്കപ്പെട്ടെന്നും കങ്കണ പറയുന്നുണ്ട്. ഡൽഹി ഗുരുദ്വാര കമ്മിറ്റി അധ്യക്ഷനും ശിരോമണി അകാലിദൾ നേതാവുമായ മഞ്ചീന്ദർ സിങ് സിർസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്.

Summary: Actor Kangana Ranaut has been summoned by the Delhi assembly's panel on peace and harmony over her Khalistani remarks against Sikhs

TAGS :

Next Story