Quantcast

ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന വിഘടനവാദി നേതാവ് യാസിൻ മാലികിന്റെ ഭാര്യ പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ടിങ് നൽകിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിലാണ് യാസിന്‍ മാലിക്

MediaOne Logo

Web Desk

  • Updated:

    2023-08-18 06:11:19.0

Published:

18 Aug 2023 5:57 AM GMT

Mushaal Mullick
X

പാകിസ്താനിൽ പുതുതായി അധികാരമേറ്റ കെയർടേക്കർ ഗവൺമെന്റിന്റെ ഭാഗമായി കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലികിന്റെ ഭാര്യ മുഷാൽ ഹുസൈൻ മാലിക്. പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാകഡിന്റെ പ്രത്യേക ഉപദേഷ്ടാവായാണ് നിയമനം. സ്ത്രീ ശാക്തീകരണം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിലാണ് ഇവരുടെ സേവനം.

ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ടിങ് നൽകിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് നിലവിൽ തിഹാർ ജയിലിലാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് കമാൻഡറായ യാസിൻ മാലിക്. 2009ൽ ഇസ്‌ലാമാബാദിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പാകിസ്താനിൽ നിന്നുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

പാകിസ്താനിലെ വിഖ്യാത എകണോമിക് പ്രൊഫസർ എംഎ ഹുസൈന്റെയും പാക് മുസ്‌ലിം ലീഗ് വനിതാ വിഭാഗം അംഗം റെഹാന ഹുസൈന്റെയും മകളാണ് മുഷാൽ. ലണ്ടൻ സ്‌കൂൾ ഓഫ് എകണോമിക്‌സിൽ നിന്ന് ബിരുദം നേടിയ അവർ 2005ലാണ് യാസിൻ മാലികിനെ ആദ്യമായി കണ്ടുമുട്ടുന്നത്. 2009ൽ വിവാഹം. 12 വയസ്സുള്ള മകളുണ്ട്.

വ്യാഴാഴ്ച പ്രസിഡണ്ട് ആരിഫ് ആൽവിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് അൻവാറുൽ ഹഖിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റത്. 16 മന്ത്രിമാരും മൂന്നു ഉപദേഷ്ടാക്കളുമാണ് ഇടക്കാല കാബിനറ്റിലുള്ളത്. അടുത്ത പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതു വരെയാണ് ഗവൺമെന്റിന്റെ കാലാവധി.

ജലിൽ അബ്ബാസ് ജീലാനിയാണ് വിദേശകാര്യമന്ത്രി. സർഫറാസ് ബഗ്തി ആഭ്യന്തര വകുപ്പും വ്യവസായി ജോഹർ ഇജാസ് വ്യവസായ വകുപ്പും കൈകാര്യം ചെയ്യും. ഡോ. ഉമർ സൈഫ് ആണ് ഐടി വകുപ്പു മന്ത്രി. നിയമമന്ത്രിയായി ഇർഫാൻ അസ്‌ലമും സംസ്‌കാരിക മന്ത്രിയായി നടൻ ജമാൽ ഷായും ചുമതലയേറ്റു. അനിഖ് അഹ്‌മദാണ് മതകാര്യ വകുപ്പു മന്ത്രി.

TAGS :

Next Story