കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിൽ സംഘ്പരിവാറിന് തിരിച്ചടി; മാധവ് കൗശിക് അധ്യക്ഷൻ
അധ്യക്ഷ സ്ഥാനത്തേക്ക് സംഘ്പരിവാർ പിന്തുണയോടെ മത്സരിച്ച കർണാടക സംസ്‌കൃത സർവകലാശാല മുൻ വി.സി മെല്ലെപുരം ജി. വെങ്കിടേഷയ്ക്ക് പരാജയം

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി പിടിച്ചടക്കാനുള്ള സംഘ്പരിവാർ നീക്കത്തിന് തിരിച്ചടി. അക്കാദമി അധ്യക്ഷ തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ പാനലിന് പരാജയം. മുൻ വൈസ് പ്രസിഡന്റ് മാധവ് കൗശിക് പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
92 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ 60 പേരുടെ പിന്തുണയോടെയാണ് മാധവ് കൗശിക് വിജയിച്ചത്. കർണാടക സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ മെല്ലെപുരം ജി. വെങ്കിടേഷ സംഘ്പരിവാർ പിന്തുണയോടെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.
മാധവ് കൗശികിനെ പ്രസിഡന്റും എഴുത്തുകാരൻ സി. രാധാകൃഷ്ണനെ വൈസ് പ്രസിഡന്റുമാക്കാൻ നേരത്തെ ധാരണയായിരുന്നു. എന്നാൽ, സംഘ്പരിവാർ അനുകൂലികളുടെ പാനൽ അപ്രതീക്ഷിതമായി മത്സരം പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പിലേക്ക് നീണ്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി. രാധാകൃഷ്ണനെതിരെ ഡൽഹി സർവകലാശാലാ ഹിന്ദി വിഭാഗം മേധാവി കുമുദ് ശർമയാണ് സംഘ്പരിവാർ പാനലിൽ മത്സരിക്കുന്നത്.
92 പേർക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ പത്തുപേർ കേന്ദ്ര സർക്കാർ നോമിനികളാണ്. മലയാളികളായ കെ.പി രാമനുണ്ണി, വിജയലക്ഷ്മി എന്നിവർക്കും വോട്ടവകാശമുണ്ട്.
Summary: Setback for Sangh Parivar in Kendra Sahitya Akademi election as former Vice President Madhav Kaushik elected as the new President
Adjust Story Font
16

