'ആ കോവിഡ് ബാധിതയെ കൊന്ന് കളയൂ'; സഹപ്രവർത്തകനോട് രോഗിയെ കൊല്ലാൻ പറയുന്ന ഡോക്ടറുടെ ശബ്ദ സന്ദേശം പുറത്ത്, കേസെടുത്ത് പൊലീസ്
2021ലെ കോവിഡ് മഹാമാരിയുടെ സമയത്തെ വോയിസ് ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് മഹരാഷ്ട്ര പൊലീസിന്റെ നടപടി

ലാത്തൂർ: കോവിഡ് ബാധിതയായ രോഗിയെ കൊലപ്പെടുത്താൻ പറയുന്ന ഡോക്ടറുടെ ശബ്ദ സന്ദേശം പുറത്തായതോടെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. സർക്കാർ ആശുപത്രിയിലെ മുതിർന്ന ഡോക്ടറായ ശശികാന്ത് ദേശ്പാണ്ഡെയും ശശികാന്ത് ദാങ്കെയും തമ്മിലുള്ള സംഭാഷണമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. 2021 ലാണ് കേസിനാസ്പദമായ സംഭവം.
ലാത്തൂരിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിൽ അഡീഷണൽ ജില്ലാ സർജനായിരുന്ന ഡോക്ടർ ശശികാന്ത് പാണ്ഡെയും കോവിഡ് 19 സെന്ററിൽ ജോലി ചെയ്തിരുന്ന ഡോക്ടർ ശശികാന്ത് ദാങ്കെയുമാണ് പ്രതികൾ. ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരുന്ന 2021ലെ കോവിഡ് മഹാമാരിയുടെ സമയത്താണ് ആശുപത്രിയിൽ കോവിഡ് ബാധിതയായെത്തിയ കൗസർ ഫാത്തിമയെ കൊന്ന് കളയൂവെന്ന് പറയുന്ന സംഭാഷണം നടക്കുന്നത്.
'ആരെയും അകത്തേക്ക് കടത്തിവിടേണ്ട, ആ ദയാമി സ്ത്രീയെ കൊന്നുകളയൂ' എന്ന് ഡോക്ടർ ദേശ്പാണ്ഡേ ഡോക്ടർ ദാങ്കേയോട് പറയുന്നതായി വോയിസ്‌ക്ലിപ്പിൽ കേൾക്കാം. ഇതിന് മറുപടിയായി രോഗിക്ക് നൽകുന്ന ഓക്സിജന്റെ അളവ് കുറച്ചതായി ദാങ്കെ വ്യക്തമാക്കുന്നു.
കൗസർ ഫാത്തിമ പിന്നീട് കോവിഡിനെ അതിജീവിച്ചിരുന്നു. ഭർത്താവായ ദയാമി അജിമോദ്ദീൻ ഗൗസ്സോദ്ദീന്റെ പരാതിയിൽ ഉദ്ഗിർ സിറ്റി പൊലീസ് മേയ് 24ന് ദേശ്പാണ്ഡെക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മതവികാരത്തെ വൃണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള മനപൂർവ്വവും ദേഹോപദ്രവപരവുമായ പ്രവൃത്തിയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ദേശ്പാണ്ഡെയുടെ ഫോണടക്കമുള്ളവ പൊലീസ് കസ്റ്റഡിയിലെടുത്തു. ദാങ്കെയുടെ ഫോണും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ജാതി അധിക്ഷേപവും മതവികാരം വൃണപ്പെടുത്തിയെന്നുമടക്കം പരാതിയിൽ പരാമർശമുണ്ട്. മേയ് രണ്ടിനാണ് സംഭാഷണത്തിന്റെ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.
Adjust Story Font
16

