കൊടൈക്കനാൽ റോഡ് റെയിൽവേ സ്‌റ്റേഷൻ സൈൻബോർഡില്‍ നിന്നും ഇംഗ്ലീഷ് ഒഴിവാക്കി, തമിഴും ഹിന്ദിയും മാത്രം; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച
തമിഴിലും ഹിന്ദിയിലുമുള്ള സ്ഥലത്തിന്‍റെ പേര് മാത്രമാണ് നെയിം ബോര്‍ഡിലുള്ളത്

കൊടൈക്കനാൽ: ഇന്ത്യൻ റെയിൽവേ റെയിൽഫാൻസ് അസോസിയേഷൻ്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. കൊടൈക്കനാൽ റോഡ് റെയിൽവേ സ്‌റ്റേഷന്‍റെ സൈന്‍ ബോര്‍ഡില്‍ സ്റ്റേഷന്‍റെ പേര് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് മാത്രം അപ്രത്യക്ഷമായിരിക്കുകയാണ്. തമിഴിലും ഹിന്ദിയിലുമുള്ള സ്ഥലത്തിന്‍റെ പേര് മാത്രമാണ് നെയിം ബോര്‍ഡിലുള്ളത്.
വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായ ചര്‍ച്ചക്ക് വഴിവച്ചിരിക്കുകയാണ്. "അതെ, എന്തിനാണ് ഒരു വിദേശ ഭാഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നത്?" ഫേസ്ബുക്ക് ഉപയോക്താവായ ആയുഷ് പരാശർ ചോദിച്ചു. എന്നാല്‍ ഇംഗ്ലീഷ് ഇപ്പോൾ ഒരു വിദേശ ഭാഷയല്ല. നമ്മൾ ജീവിക്കുന്നത് 21-ാം നൂറ്റാണ്ടിലാണെന്നായിരുന്നു മറ്റൊരു ഉപയോക്താവായ അനികേത് ബിദ്ദു ഗാംഗുലിയുടെ പ്രതികരണം. എന്നാല്‍ ഇംഗ്ലീഷിലെഴുതിയ പലക താഴെ വീണതായിരിക്കാമെന്ന് മറ്റൊരു വിഭാഗം പ്രതികരിച്ചു.
അതേസമയം രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ സൈൻ ബോർഡുകൾ ഏകീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. . സൈൻ ബോർഡുകളുടെ നിറം, ഫോണ്ട്, ചിത്രങ്ങള്‍ എന്നിവ ഏകീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അടങ്ങിയ ലഘുലേഖയും പുറത്തിറക്കിയിരുന്നു. ലളിതമായ ഭാഷ, വ്യക്തമായ അക്ഷര വലുപ്പം, പെട്ടെന്ന് കാണാന്‍ കഴിയുന്ന നിറങ്ങളുടെ ഉപയോഗം, ചിത്രങ്ങളുടെ ഉപയോഗം എന്നിവയുടെ സഹായത്തോടെയാണ് ഏകീകൃത സൈൻ ബോർഡ് സംബന്ധിച്ച ബുക്ക്‌ലെറ്റ് റെയില്‍വേ മന്ത്രാലയം പുറത്തിറക്കിയത്. വയോജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും സഹായകമാകുന്ന രീതിയിലാണ് ഈ സംവിധാനമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു.
ബുക്ക്‌ലെറ്റിൻ്റെ 50-ാം പേജില്‍ ഓരോ പ്ലാറ്റ്‌ഫോമിൻ്റെയും രണ്ടറ്റത്തും ട്രാക്കിൻ്റെ വലത് കോണിൽ പ്രാഥമിക സ്റ്റേഷൻ്റെ നെയിം ബോർഡ് നൽകണമെന്നും ബോർഡില്‍ പ്രാദേശിക ഭാഷയിലും ഹിന്ദിയിലും ഇംഗ്ലീഷിലും സ്റ്റേഷൻ്റെ പേര് ഉണ്ടായിരിക്കണമെന്നും പറയുന്നു.എല്ലാ ഭാഷകളും ഒരേ ഫോണ്ട് വലുപ്പത്തിലായിരിക്കണം(300mm) എന്നും ബുക്ക്‍ലെറ്റില്‍ നിര്‍ദേശമുണ്ട്.
Adjust Story Font
16

