കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠനം; ബസ് സ്റ്റാന്‍ഡ് താല്‍ക്കാലികമായി മാറ്റിയേക്കും
നിർമാണത്തിൽ അപാകതയുണ്ടെന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിൽ കണ്ടെത്തി. കെട്ടിടം അടിയന്തിരമായി ബലപ്പെടുത്തണമെന്നും ശിപാര്‍ശ

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠനം. നിർമാണത്തിൽ അപാകതയുണ്ടെന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിൽ കണ്ടെത്തി. കെട്ടിടം അടിയന്തിരമായി ബലപ്പെടുത്തണമെന്നും ശിപാര്‍ശ. ബസ് സ്റ്റാന്‍ഡ് താല്‍ക്കാലികമായി മാറ്റാന്‍ ആലോചനയുണ്ട്.
2015ലാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയം നിര്‍മിച്ചത്. ബി ഓ ടി അടിസ്ഥാനത്തില്‍ കെ ടി ഡി എഫ് സിയാണ് 76 കോടി രൂപയോളം ചെലവില്‍ സമുച്ചയം പണിതത്. ബൃഹത്തായ കെട്ടിടത്തില്‍ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ സമുച്ചയം പൂര്‍ത്തിയായതിനു പിന്നാലെ നിര്‍മാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നു വന്നത്. തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ളത്. ബലക്ഷയം പരിഹരിക്കാന്‍ ഏകദേശം 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്നും വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ചേര്‍ക്കാതെയാണ് സമുച്ചയം പണിഞ്ഞിരിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടം അപകടാവസ്ഥയില്‍ ആയതിനാല്‍ ബസ് സ്റ്റാന്‍ഡ് താല്‍ക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേരുകയും ബസ് സ്റ്റാന്‍ഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എങ്ങോട്ട് മാറ്റണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Adjust Story Font
16

