Quantcast

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ

സംഭവം നടന്ന് 25 വർഷത്തിന് ശേഷമാണ് വിധി പുറത്തുവന്നിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-30 12:51:55.0

Published:

15 Feb 2022 6:43 AM GMT

കാലിത്തീറ്റ കുംഭകോണം:  ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ
X

കാലിത്തീറ്റ കുംഭകോണക്കേസിൽ രാഷ്ട്രീയ ജനതാദൾ തലവനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചി സിബിഐ കോടതി. സംഭവം നടന്ന് 25 വർഷത്തിന് ശേഷമാണ് വിധി പുറത്തുവന്നിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലാണ് വിധിയുണ്ടായത്. 1990-കളിൽ ബിഹാർ മുഖ്യമന്ത്രിയായിരിക്കെ ഡൊറണ്ട ട്രഷറിയിൽ നിന്ന് 139.35 കോടി രൂപ വഞ്ചനാപരമായ രീതിയിൽ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. ജനുവരി 29 ന് കേസിൽ വാദം കേട്ട് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചതായിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റു നാലു കേസുകളിലും ശിക്ഷിപ്പെട്ടിരുന്ന ലാലുപ്രസാദ് യാദവിനെതിരെയുള്ള അവസാന കേസാണിത്. ആദ്യ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിലവിൽ ജാമ്യത്തിലാണുള്ളത്. സർക്കാർ ട്രഷറികളിൽനിന്ന് പൊതുപണം അന്യായമായി പിൻവലിച്ചതാണ് കാലിത്തീറ്റ കുംഭകോണം എന്നറിയപ്പെട്ടത്. 1996ൽ ഒരു മൃഗാരോഗ്യ കേന്ദ്രത്തിൽ നടന്ന റെയ്ഡിലാണ് സംഭവം കണ്ടെത്തിയത്. ആകെ 950 കോടിയുടെ തട്ടിപ്പാണ് നടന്നത്.



നാലാമത്തെ കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് 2018 ജൂൺ നാലിന് റാഞ്ചി സിബിഐ പ്രത്യേക കോടതി വിധിച്ചിരുന്നു. കേസിൽ പ്രതിയായിരുന്ന മുൻമുഖ്യമന്ത്രി ജഗന്നാഥ മിശ്ര കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു. ബിഹാറിലെ ധുംക്ക ട്രഷറിയിൽ നിന്നും 1995 - 1996 കാലഘട്ടത്തിൽ വ്യാജരേഖകളുപയോഗിച്ച് മൂന്ന് കോടിയിൽ അധികം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി അന്ന് കണ്ടെത്തിയത്.

കേസിൽ ലാലുവും ജഗന്നാഥ മിശ്രയും ഉൾപ്പടെ 31 പ്രതികളാണ് ഉണ്ടായിരുന്നത്. ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യത്തെ കേസിൽ 2013ൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ കേസിൽ അഞ്ച് വർഷം ശിക്ഷ ലഭിച്ചു. രണ്ടാമത്തെ കേസിൽ 2017 ഡിസംബറിൽ 3.5 വർഷവും മൂന്നാമത്തെ കേസിൽ 2018 ജനുവരിയിൽ അഞ്ച് വർഷം തടവും ലാലുവിന് ശിക്ഷ വിധിച്ചു.

നേരത്തെ കാലിത്തീറ്റ കുംഭകോണ കേസിലെ ജയിൽ ശിക്ഷയും ഡൽഹി എയിംസിലെ ചികിത്സക്കും ശേഷം ആർ.ജെ.ഡി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് സ്വന്തം തട്ടകമായ പാറ്റ്‌നയിൽ 2021 ഒക്‌ടോബറിലാണ് തിരിച്ചെത്തിയിരുന്നത്. മൂന്നര വർഷത്തെ ഇടവേളക്കു ശേഷമായിരുന്നു ലാലു മടങ്ങിയെത്തിയത്. ജയിൽ മോചിതനായിരുന്നെങ്കിലും അനാരോഗ്യവും ചികിത്സാ സൗകര്യവും കണക്കിലെടുത്ത് ഡൽഹിയിലെ മകൾ മിസ ഭാർതിയുടെ വീട്ടിലായിരുന്നു ലാലു. കാലിത്തീറ്റ അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2017 ഡിസംബർ മുതൽ ലാലു ജയിലിലായിരുന്നു. 2018 ആഗസ്തിൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, ഡി.എൽ.എഫ് അഴിമതിക്കേസിൽ മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു. കേസന്വേഷിച്ച സി.ബി.ഐയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് ലാലുപ്രസാദ് യാദവിനെതിരെയുള്ള കുറ്റാരോപണം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ക്ലീൻ ചിറ്റ് നൽകിയത്. മുംബൈയിലെ ബാന്ദ്ര റെയിൽ ലാൻഡ് ലീസ് പദ്ധതിക്കും ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പദ്ധതിക്കും വേണ്ടി ഡി.എൽ.എഫ് കമ്പനി ലാലുപ്രസാദ് യാദവിനു കോഴ നൽകിയെന്നായിരുന്നു കേസ്. സൗത്ത് ഡൽഹിയിലെ ഭൂമി ലാലു പ്രസാദ് യാദവിന് ഡി.എൽ.എഫ് കമ്പനി നൽകിയെന്നായിരുന്നു ആരോപണം. 2018ലാണ് സി.ബി.ഐയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സി.ബി.ഐ അറിയിക്കുകയായിരുന്നു. കേസിൽ ആദായ നികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

TAGS :

Next Story