Quantcast

ലൈംഗികബന്ധത്തിനുള്ള പ്രായപരിധി 16 ആക്കാൻ ആലോചന; കേന്ദ്രത്തോട് അഭിപ്രായം തേടി നിയമകമ്മിഷൻ

വിഷയത്തിൽ വനിതാ-ശിശു വികസന മന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണ് കേന്ദ്ര നിയമകമ്മിഷൻ

MediaOne Logo

Web Desk

  • Published:

    16 Jun 2023 10:40 AM GMT

Law commission seeks Centers view in revising age of consent to 16, age of consent to 16, age of consent in India, POCSO act amendment
X

ന്യൂഡൽഹി: ലൈംഗികബന്ധത്തിന് അനുമതി നൽകാനുള്ള പ്രായപരിധി പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മിഷൻ. പ്രായപരിധി 18ൽനിന്ന് 16 ആക്കി കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തോട് അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. മധ്യപ്രദേശ്, കർണാടക ഹൈക്കോടതികളുടെ നിർദേശപ്രകാരമാണ് നിയമ കമ്മിഷന്റെ ഇടപെടൽ.

പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്, 2012(പോക്‌സോ) ഉൾപ്പെടെ കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ പരിഷ്‌ക്കരണങ്ങൾ കൊണ്ടുവരുന്നതാകും നീക്കം. അനുമതിയുണ്ടെങ്കിലും 18 വയസിനു താഴെ പ്രായമുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിലവിൽ പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. 18 വയസിനു താഴെ പ്രായമുള്ളവർക്ക് ലൈംഗികബന്ധത്തിന് അനുമതി നൽകാൻ അധികാരമില്ലെന്നാണ് നിയമം വ്യക്തമാക്കുന്നത്.

16 വയസിനു മുകളിൽ പ്രായമുള്ളവർ പരസ്പരം പ്രണയത്തിലായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന നിരവധി കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇതിനാൽ പ്രായപരിധി കുറയ്ക്കുന്ന കാര്യം ആലോചിക്കണമെന്നുമാണ് കോടതികൾ നിയമകമ്മിഷനോട് ആവശ്യപ്പെട്ടത്. സാമൂഹികയാഥാർത്ഥ്യം കൂടി പരിഗണിച്ച് പ്രായപരിധി പുനർനിർണയിക്കാനുള്ള നിയമനടപടികളുണ്ടാവണമെന്ന് കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടു. പോക്‌സോ നിയമം പാർലമെന്റിൽ ഭേദഗതി വരുത്തണമെന്ന നിർദേശം മധ്യപ്രദേശ് ഹൈക്കോടതിയും മുന്നോട്ടുവച്ചു. കഴിഞ്ഞ ഡിസംബറിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും സമാനമായ നിർദേശം വച്ചിരുന്നു.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നിയമകമ്മിഷൻ വനിതാ-ശിശു വികസന മന്ത്രാലയത്തിന് കത്തെഴുതിയത്. കഴിഞ്ഞ മേയ് 31നാണ് മന്ത്രാലയത്തിന് കത്തു ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ മന്ത്രാലയം ഉടൻ തങ്ങളുടെ നിലപാട് കമ്മിഷനെ അറിയിക്കുമെന്നാണ് വിവരം.

Summary: The law commission seeks Center's view on revising age of consent to 16, citing reference of Karnataka and Madhya Pradesh high courts

TAGS :

Next Story