Quantcast

തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ കേസ് പരിഗണിക്കുന്ന ജഡ്ജിയ്ക്കെതിരെ വ്യാജപ്പേരില്‍ ഭീഷണിക്കത്ത്; അഭിഭാഷകൻ അറസ്റ്റിൽ

കന്നുകാലിക്കടത്തിൽ അറസ്റ്റിലായ അനുബ്രത മൊണ്ടലിന് ജാമ്യം ലഭിച്ചില്ലെങ്കിൽ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി

MediaOne Logo

Web Desk

  • Published:

    31 Aug 2022 6:50 AM GMT

തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ കേസ് പരിഗണിക്കുന്ന ജഡ്ജിയ്ക്കെതിരെ  വ്യാജപ്പേരില്‍ ഭീഷണിക്കത്ത്; അഭിഭാഷകൻ അറസ്റ്റിൽ
X

അസൻസോൾ: തൃണമൂൽ കോൺഗ്രസ് നേതാവ് മൊണ്ടലിന്റെ കേസ് പരിഗണിക്കുന്ന സി.ബി.ഐ ജഡ്ജിക്ക് ഭീഷണിക്കത്തെഴുതിയ അഭിഭാഷകൻ അറസ്റ്റിൽ.പ്രത്യേക സിബിഐ ജഡ്ജി രാജേഷ് ചക്രവർത്തിയെ ഭീഷണിപ്പെടുത്തിയ സുദീപ്ത റോയിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കന്നുകാലിക്കടത്തിൽ അറസ്റ്റിലായ ടിഎംസി ബിർഭം ജില്ലാ പ്രസിഡന്റ് മൊണ്ടലിന് ജാമ്യം ലഭിച്ചില്ലെങ്കിൽ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി. അന്വേഷണത്തിൽ അസൻസോൾ ജില്ലാ കോടതിയിലെ ഹെഡ് ക്ലർക്കും ടിഎംസി നേതാവുമായ ബപ്പാടിത്യ ചതോപാധ്യായയുടെ പേരും ഔദ്യോഗിക സ്റ്റാമ്പും ഉപയോഗിച്ചാണ് ഭീഷണിക്കത്ത് എഴുതിയെതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് ഇയാളുടെ പേരിൽ കത്തയച്ചതെന്നും പൊലീസ് പറയുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചതോപാധ്യായയെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അറസ്റ്റിലായ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയിരുന്നു.തുടർന്ന് അസൻസോൾ-ദുർഗാപൂർ പൊലീസ് ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് അസൻസോളിലെ ബിഎൻആർ മോറിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ മൊബൈൽ ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് പ്രതിയെ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ചതോപാധ്യായയുടെ പേരിലുള്ള വ്യാജ ആധാർ കാർഡ് റോയിയുടെ പക്കൽ നിന്ന് കണ്ടെത്തി.

ഇയാൾ മുമ്പും ഒരു ജഡ്ജിയുടെ വ്യാജ സ്റ്റാമ്പ് നിർമ്മിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. മയക്കുമരുന്ന് കേസിലും പ്രതിയാണെന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.കന്നുകാലിക്കടത്ത് കേസിൽ ഓഗസ്റ്റ് 11നാണ് മൊണ്ഡലിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ അസൻസോളിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൽക്കരി, കന്നുകാലിക്കടത്ത് കേസുകളാണ് അസൻസോളിലെ പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കുന്നത്.

TAGS :

Next Story