12 വർഷമായി കോമയിൽ; 31കാരനെ ദയാവധത്തിന് വിധേയനാക്കണോ വേണ്ടയോ...? തീരുമാനമെടുക്കാൻ സുപ്രിംകോടതി
പഞ്ചാബ് യൂണിവേഴ്സിറ്റി വിദ്യാർഥിയായിരിക്കെയാണ് അന്നത്തെ 19കാരന്റെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്.

ന്യൂഡൽഹി: 2013ൽ ബിരുദ വിദ്യാർഥിയായിരിക്കെ താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീഴുന്നു. തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ് പിന്നീട് പല ആശുപത്രികളിലായി ചികിത്സ. പക്ഷേ, കാര്യമുണ്ടായില്ല. അപകടത്തിന്റെ തീവ്രതയിൽ അബോധാവസ്ഥയിലായി ഇന്നും അതേയവസ്ഥയിൽ തുടരുന്ന ആ ചെറുപ്പക്കാരൻ സുഖംപ്രാപിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ വിധിയെഴുതി. മകന്റെ കിടപ്പിൽ മനംനൊന്തും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന വിശ്വാസത്തിലും ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിക്കുന്നു. രണ്ട് തവണ തള്ളിയ അപേക്ഷ ഇപ്പോൾ വീണ്ടും കോടതി പരിഗണിച്ചിരിക്കുന്നു. പറഞ്ഞുവരുന്നത് ഉത്തർപ്രദേശിലെ നോയ്ഡ സ്വദേശിയായ ഹരീഷ് റാണയുടെ കാര്യമാണ്.
പഞ്ചാബ് യൂണിവേഴ്സിറ്റി വിദ്യാർഥിയായിരിക്കെയാണ് അന്നത്തെ 19കാരന്റെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. ഛണ്ഡീഗഢിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് അവൻ താഴേക്ക് വീഴുകയായിരുന്നു. തുടർന്ന്, അബോധാവസ്ഥയിലായ റാണയ്ക്ക് പിജിഐ ചണ്ഡീഗഡ്, എയിംസ് ഡൽഹി, റാം മനോഹർ ലോഹ്യ ആശുപത്രി, ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രി, ഫോർട്ടിസ് ആശുപത്രി എന്നിവിടങ്ങളിൽ പല തവണയായി വിപുലമായ ചികിത്സ നൽകിയിട്ടും യാതൊരു പുരോഗതിയും ഉണ്ടായില്ല.
ഇപ്പോൾ 31 വയസുള്ള റാണയെ ദയാവധത്തിന് വിധേയനാക്കാൻ അനുവദിക്കണമെന്ന വൃദ്ധമാതാപിതാക്കളുടെ ഹരജിയിൽ ജനുവരി 13ന് വാദം കേട്ട ശേഷം സുപ്രിംകോടതി അന്തിമ തീരുമാനമെടുക്കും. ജസ്റ്റിസുമാരായ ജെ.ബി പർഡിവാല, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മാതാപിതാക്കളുടെ ആവശ്യം കേട്ട ബെഞ്ച് നിർണായക വിധി പുറപ്പെടുവിക്കേണ്ട സമയമാണിതെന്ന് സൂചിപ്പിക്കുകയും ചെയ്തു.
രോഗി ചികിത്സയിൽ കഴിഞ്ഞിരുന്ന ന്യൂഡൽഹി എയിംസിലെ സെക്കൻഡറി മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പഠിക്കാൻ അഭിഭാഷക രശ്മി നന്ദകുമാർ, അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി എന്നിവരോട് കോടതി നിർദേശിച്ചു. ഹരീഷ് റാണയുടെ മെഡിക്കൽ ഹിസ്റ്ററി, ന്യൂറോളജിക്കൽ അസെസ്മെന്റ്, രോഗനിർണയ കണ്ടെത്തലുകൾ, മറ്റ് പ്രസക്ത നിരീക്ഷണങ്ങൾ എന്നിവയുൾപ്പെടുന്നതാണ് റിപ്പോർട്ട്. റാണയുടെ അവസ്ഥ ദയനീയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഏറെ ദുഃഖകരമാണ് ഈ റിപ്പോർട്ടെന്നും നിരീക്ഷിച്ചു. റിപ്പോർട്ട് തങ്ങൾക്ക് വലിയ വെല്ലുവിളിയായിരിക്കുമെന്നും യുവാവിനെ ഇനി എന്നും ഇതുപോലെ നിലനിർത്താൻ തങ്ങൾക്കാവില്ലെന്നും കോടതി വ്യക്തമാക്കി.
നിലവിലുള്ള മാർഗനിർദേശങ്ങൾ പ്രകാരം, ദയാവധത്തിനായി മെഡിക്കൽ, ജീവൻ രക്ഷാ ചികിത്സ പിൻവലിക്കാൻ പ്രാഥമിക, ദ്വിതീയ മെഡിക്കൽ ബോർഡുകൾ സമ്മതിക്കണം. അന്തിമ തീരുമാനം മെഡിക്കൽ വിലയിരുത്തലുകളുടെയും രോഗിയുടെ കുടുംബം അവരുടെ അഭിഭാഷകൻ മുഖേന പ്രകടിപ്പിക്കുന്ന ആഗ്രഹങ്ങളുടെയും അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
ജനുവരി 13ന് ഹാജരാകാൻ ആവശ്യപ്പെട്ട് റാണയുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യയിൽ ദയാവധത്തിന് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾക്കനുസൃതമായി, റാണയുടെ ജീവൻ നിലനിർത്തുന്ന ചികിത്സ പിൻവലിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുംമുമ്പ് കോടതി രക്ഷിതാക്കളിൽ നിന്ന് നേരിട്ട് വാദം കേൾക്കും.
ആശുപത്രികൾ കൈയൊഴിഞ്ഞതോടെ, റാണയെ വർഷങ്ങളായി കുടുംബം വീട്ടിൽ തന്നെ പരിചരിച്ചുവരികയാണ്. ഇടയ്ക്കൊക്കെ ഒരു നഴ്സും വീട്ടിലെത്തും. 10 വർഷത്തിലേറെയായി തുടരുന്ന ചികിത്സയെ തുടർന്ന് കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് കുടുംബം. ചികിത്സ കൊണ്ട് കാര്യമില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കുടുംബം ദയാവധ അപേക്ഷയുമായി കോടതിയിലെത്തിയത്. മുമ്പ് 2018ലും 2023ലും അപേക്ഷ നൽകിയിരുന്നെങ്കിലും സുപ്രിംകോടതി നിരസിച്ചിരുന്നു. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്ലെന്ന് സ്ഥിരീകരിക്കുന്ന പുതിയ മെഡിക്കൽ റിപ്പോർട്ടിനെ തുടർന്നാണ് വീണ്ടും ഹരജി സമർപ്പിച്ചത്.
Adjust Story Font
16

