Quantcast

രാജ്യത്ത് ആദ്യം: കശ്മീരില്‍ വന്‍ ലിഥിയം ശേഖരം കണ്ടെത്തി, വൈദ്യുതി വാഹന മേഖലയില്‍ നിര്‍ണായകം

ഇലക്ട്രിക് വാഹനങ്ങളുടെയും സോളാർ പാനലുകളുടെയും നിർമാണത്തിന് ആവശ്യമായ നിർണായക ഘടകമാണ് ലിഥിയം

MediaOne Logo

Web Desk

  • Published:

    12 Feb 2023 4:48 AM GMT

lithium jammu kashmir
X

പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ഇന്ത്യയില്‍ ആദ്യമായി വന്‍ ലിഥിയം ശേഖരം കണ്ടെത്തി. ജമ്മു കശ്മീരിലാണ് ലിഥിയം കണ്ടെത്തിയത്. 5.9 ദശലക്ഷം ടൺ ലിഥിയം റിയാസി ജില്ലയിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയത്.

ഇലക്ട്രിക് വാഹനങ്ങളുടെയും സോളാർ പാനലുകളുടെയും നിർമാണത്തിന് ആവശ്യമായ നിർണായക ധാതുവാണ് ലിഥിയം- "ഇന്ത്യയിൽ നേരത്തെ ലഭ്യമല്ലാത്ത ക്രിട്ടിക്കൽ റിസോഴ്‌സ് വിഭാഗത്തിലാണ് ലിഥിയം ഉൾപ്പെടുന്നത്. ഇതുവരെ രാജ്യത്ത് ലിഥിയം 100 ശതമാനം ഇറക്കുമതി ചെയ്യുകയായിരുന്നു. മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന്‍റെ താഴ്‍വരയില്‍ സലാല്‍ ഗ്രാമത്തിലാണ് സമൃദ്ധമായ അളവില്‍ ഗുണനിലവാരമുള്ള ലിഥിയം കണ്ടെത്തിയത്"- ജെ.കെ മൈനിങ് സെക്രട്ടറി അമിത് ശർമ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളുടെ നിര്‍മാണത്തിന് ലിഥിയം അനിവാര്യമാണ്. ലിഥിയം ശേഖരത്തിന്‍റെ കണ്ടെത്തലോടെ ഈ മേഖലയില്‍ രാജ്യത്തിന്‌ സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ വൈദ്യുതി വാഹന രംഗത്ത് രാജ്യത്ത് വൻമാറ്റങ്ങളുണ്ടായേക്കും.

ലിഥിയം വേര്‍തിരിച്ചെടുക്കല്‍ എന്ന് ആരംഭിക്കുമെന്ന ചോദ്യത്തിന് അമിത് ശർമയുടെ മറുപടിയിങ്ങനെ- "ജി3 ലെവൽ പഠനം നടന്നു. ലിഥിയം വേര്‍തിരിച്ചെടുക്കല്‍ പ്രക്രിയ തുടങ്ങും മുന്‍പ് ജി2, ജി1 പഠനങ്ങൾ നടത്തും. എല്ലാം എത്രയും വേഗം പൂര്‍ത്തിയാക്കും. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഈ ചരിത്ര നേട്ടത്തിൽ ഞങ്ങള്‍ പൂർണ പിന്തുണ നൽകും".

സർക്കാരിന്റെ വ്യാവസായിക നയം അനുസരിച്ച് പ്രാദേശികമായി യുവാക്കൾക്ക് മുൻഗണന നൽകുമെന്നും അവര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അമിത് ശര്‍മ പറഞ്ഞു- "പ്രദേശത്തെ യുവാക്കൾ നൈപുണ്യമുള്ളവരോ ഭാഗികമായി നൈപുണ്യമുള്ളവരോ അല്ലാത്തവരോ ആകട്ടെ ഈ പദ്ധതിയുടെ ഭാഗമാകും. ഈ പദ്ധതി ബാധിക്കുന്ന ആളുകൾക്ക് മതിയായ നഷ്ടപരിഹാരം നൽകുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യും".

Summary- The much celebrated announcement by the Geological Survey of India (GSI) this week that it has found huge lithium deposits in Jammu and Kashmir

TAGS :

Next Story