Quantcast

'മാസ്‌കെവിടെ?!'; കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ആൾക്കൂട്ടത്തിനെതിരെ വടിയെടുത്ത് 'കൊച്ചുപോരാളി'

ഹിമാചൽപ്രദേശിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ധരംശാലയിലെ നഗരത്തിരക്കിൽ കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ മുഖം തുറന്നിട്ട് നടക്കുന്ന ജനങ്ങളെ പ്ലാസ്റ്റിക്ക് ദണ്ഡ് കൊണ്ട് കുത്തുകൊടുത്ത് മാസ്‌കിടാൻ ഉപദേശിക്കുന്ന കൊച്ചുമിടുക്കനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം

MediaOne Logo

Web Desk

  • Updated:

    2021-07-07 07:25:00.0

Published:

7 July 2021 6:20 AM GMT

മാസ്‌കെവിടെ?!; കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ആൾക്കൂട്ടത്തിനെതിരെ വടിയെടുത്ത് കൊച്ചുപോരാളി
X

കോവിഡ് രണ്ടാം തരംഗം ഏറെക്കുറെ അവസാനിച്ച് മൂന്നാം തരംഗത്തിന്റെ വരവിനെ ഭീതിയോടെ കാത്തിരിക്കുകയാണ് രാജ്യം. ഇപ്പോഴും കാര്യമായി ആശ്വസിക്കാവുന്ന വാർത്തകൾ രാജ്യത്തൊരു സംസ്ഥാനത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ഭരണകൂടങ്ങളോ ആരോഗ്യ അധികൃതരോ വിചാരിച്ചതുകൊണ്ടു മാത്രം തടയാനാകുന്നതല്ല കോവിഡ് മഹാമാരി. ഓരോ പൗരനും സ്വയം തന്നെ മുൻകരുതലെടുക്കാൻ തയാറാകുകയാണ് ഏറ്റവുമാദ്യം വേണ്ടത്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വീടുകളിൽനിന്നു പുറത്തിറങ്ങാതിരുന്നും സൂക്ഷിക്കണം. അഭ്യസ്ഥവിദ്യരും സാക്ഷരരും സാമൂഹികമായി ഉയർന്നതട്ടിലുള്ളവരെന്നും സ്വയം കരുതുന്നവർ തന്നെ ഇത്തരം സാമാന്യ മര്യാദകൾ പാലിക്കാതെ നിയന്ത്രങ്ങൾ കാറ്റിൽപറത്തിയാൽ എന്തു ചെയ്യും?!

സാമൂഹികബോധം നഷ്ടപ്പെട്ട അത്തരമൊരു ജനക്കൂട്ടത്തെ വടിയെടുത്ത് ഉപദേശിക്കാനിറങ്ങിയ കൊച്ചുബാലനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. മാസ്‌ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ, കൂട്ടംചേർന്നു നടക്കുന്ന വിനോദസഞ്ചാരികളെ കോവിഡ് മുൻകരുതലെടുക്കാൻ ഉപദേശിക്കുന്നത് നഗ്നപാദനായ, പിന്നിയതും മുഷിഞ്ഞതുമായ വസ്ത്രമണിഞ്ഞ ഒരു കൊച്ചു പയ്യനാണ്.

ഹിമാചൽപ്രദേശിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ധരംശാലയിലെ ഭാഗ്‌സു നാഗിലാണ് സംഭവം. നഗരത്തിലെ തിരക്കേറിയ തെരുവിൽ തിരിച്ചറിവും പൗരബോധവുമില്ലാത്ത ജനങ്ങളെ ഉപദേശിക്കാനിറങ്ങിയതായിരുന്നു മാസ്‌കിട്ട് കൈയിൽ പ്ലാസ്റ്റിക്ക് ദണ്ഡും പിടിച്ച് പയ്യൻ. വിനോദസഞ്ചാരികളും നാട്ടുകാരുമടങ്ങുന്ന വലിയ ആൾക്കൂട്ടം തെരുവിലൂടെ നടന്നുനീങ്ങുമ്പോൾ ഒരാളെവിടാതെ പിന്തുടരുന്നുണ്ട് കൊച്ചുമിടുക്കൻ. മാസ്‌കിടാത്തവർക്കെല്ലാം ഓരോ കുത്ത് വീതം വച്ച് കൊടുത്തുള്ള അവന്റെ ചോദ്യമാണ് ഏറ്റവും രസകരം; തന്റെ മാസ്‌ക് എവിടെപ്പോയെന്ന്!

കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ മുഖം തുറന്നിട്ട് നടക്കുന്നവരെയെല്ലാം അവൻ മാസ്‌കിടാൻ ഉപദേശിക്കുന്നു. കൊച്ചുമിടുക്കന്റെ സാമൂഹികബോധം കണ്ട് കുറ്റബോധം തോന്നിയാണോ എന്നറിയില്ല ചിലരുടെയെല്ലാം മുഖത്ത് പുഞ്ചിരി വിടരുന്നുണ്ട്. എന്നാൽ, മിക്കവരും അവഗണിച്ചു കടന്നുപോകുകയാണ് ചെയ്യുന്നത്. ഒരാൾ ഒന്നുകൂടി കടന്ന്, താൻ പൊലീസാണോ എന്നുവരെ ചോദിക്കുന്നുണ്ട്.

ധരംശാല തെരുവിൽ ജനങ്ങളോട് മാസ്‌കിടാൻ ഉപദേശിക്കുന്ന, കാലിലിടാൻ ചെരിപ്പുപോലുമില്ലാത്ത കൊച്ചുപയ്യനെന്നും 'കൊച്ചു കോവിഡ് പോരാളി'യെന്നുമെല്ലാമുള്ള അടിക്കുറിപ്പുകളോടെയാണ് ഇപ്പോൾ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിഡിയോ ലക്ഷക്കണക്കിനുപേർ സമൂഹമാധ്യമങ്ങളിൽ കാണുകയും പങ്കിടുകയുമെല്ലാം ചെയ്തുകഴിഞ്ഞിട്ടുണ്ട്. പ്രായം ഒരിക്കലും വിവേകത്തിന് തുല്യമാകില്ലെന്നാണ് ഒരാൾ വിഡിയോ പങ്കുവച്ച് അഭിപ്രായപ്പെട്ടത്. ആ ബോധമില്ലാത്ത ജനങ്ങളെക്കാൾ എത്രയോ വിവരമുള്ളവനാണ് അവനെന്നും ദൈവം ആ കൊച്ചുമിടുക്കനെ അനുഗ്രഹിക്കട്ടെയെന്നും മറ്റൊരു സമൂഹമാധ്യമ ഉപയോക്താവ്. സമ്പത്ത് നോക്കിയല്ല കൊറോണ ആക്രമിക്കാൻ വരുന്നതെന്ന് സാമൂഹികമായി പ്രബലരായ ഇക്കൂട്ടർക്ക് അറിയില്ലെന്നു തോന്നുന്നുവെന്ന് മറ്റൊരാൾ കുറ്റപ്പെടുത്തുന്നു.

ഉത്തരേന്ത്യൻ നഗരങ്ങളിൽ ചൂട് കനത്തുതുടങ്ങിയതോടെ കോവിഡ് ഭീഷണികളെല്ലാം വകവയ്ക്കാതെ ആയിരക്കണക്കിനുപേരാണ് ദിനംപ്രതി ഹിമാചൽ പ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നത്. ഷിംല, മണാലി, ധരംശാല, ഡാൽഹൗസി അടക്കമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാമുള്ള ഹോട്ടലുകൾ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

TAGS :

Next Story