Quantcast

ഈ വർഷത്തെ ശൈത്യകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ നടത്താനാവുമെന്ന് പ്രതീക്ഷ: സ്പീക്കർ ഓം ബിർല

ഭരണഘടനക്ക് മുന്നിൽ എല്ലാ മതങ്ങളും തുല്യമാണെന്ന് ഓർമിപ്പിച്ച സ്പീക്കർ, എംപിമാർ ഏതെങ്കിലും മതത്തെക്കുറിച്ച് പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്നും എപ്പോഴും പാർലമെന്റിന്റെ അന്തസും മര്യാദയും നിലനിർത്തണമെന്നും ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    19 Jun 2022 12:51 PM GMT

ഈ വർഷത്തെ ശൈത്യകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ നടത്താനാവുമെന്ന് പ്രതീക്ഷ: സ്പീക്കർ ഓം ബിർല
X

ന്യൂഡൽഹി: ഈ വർഷത്തെ ശൈത്യകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്തയിൽ നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് സ്പീക്കർ ഓം ബിർല. പുതിയ കെട്ടിടത്തിന്റെ പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ആധുനിക ഇന്ത്യയുടെയും രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെയും നേർക്കാഴ്ചയായിരിക്കും പുതിയ കെട്ടിടമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് മന്ദിരത്തിന് പുറമെ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവരുടെ ഓഫീസും വസതിയും അടക്കം ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയമാണ് സെൻട്രൽ വിസ്ത പ്രൊജക്ട്.

സ്പീക്കർ പദവിയിൽ മൂന്നു വർഷം പൂർത്തിയാക്കിയ അദ്ദേഹം തന്റെ യാത്ര വിജയകരമാക്കിയ മുഴുവൻ കക്ഷിനേതാക്കളോടും നന്ദി പറഞ്ഞു. ഈ കാലയളവിൽ സഭയുടെ ശരാശരി ഉത്പാദനക്ഷമത 100 ശതമാനമാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പതിനേഴാം ലോക്‌സഭ ഇതുവരെ എട്ട് സെഷനുകളിലായി 1,000 മണിക്കൂർ സമ്മേളിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനക്ക് മുന്നിൽ എല്ലാ മതങ്ങളും തുല്യമാണെന്ന് ഓർമിപ്പിച്ച സ്പീക്കർ, എംപിമാർ ഏതെങ്കിലും മതത്തെക്കുറിച്ച് പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്നും എപ്പോഴും പാർലമെന്റിന്റെ അന്തസും മര്യാദയും നിലനിർത്തണമെന്നും ആവശ്യപ്പെട്ടു.

''മതപരമായ വിഷയങ്ങൾ സംസാരിക്കുമ്പോൾ തങ്ങളുടെ വാക്കുകൾ മറ്റൊരു മതത്തിന്റെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നില്ലെന്ന് എംപിമാർ ഉറപ്പാക്കണം. ഈ പാരമ്പര്യവും രീതിയും നമ്മളെല്ലാം പിന്തുടരണം. നമ്മുടെ ഭരണഘടന എല്ലാവർക്കും അവരുടെ മതം പിന്തുടരാനുള്ള അവകാശം നൽകുന്നുണ്ട്''-ഓം ബിർല പറഞ്ഞു.

പാർലമെന്റിലെ ചർച്ചകളും സംവാദങ്ങളും ജനാധിപത്യത്തിന്റെ ആഭരണങ്ങളാണെന്ന് വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ സംസാരിക്കുമ്പോൾ അനാവശ്യമായ ആക്രോശങ്ങളും അലർച്ചകളും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കാനുള്ള വേദിയാക്കി രാഷ്ട്രീയനേതാക്കൾ പാർലമെന്റിനെ മാറ്റരുതെന്നും സ്പീക്കർ ഓർമിപ്പിച്ചു.

TAGS :

Next Story