പഞ്ചാബ് മുൻമന്ത്രി ബിക്രം സിങ് മജിതിയയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
മജിതിയയ്ക്കെതിരെ കഴിഞ്ഞ ദിവസം മയക്കുമരുന്ന് കടത്തു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പഞ്ചാബ് മുൻ മന്ത്രി ബിക്രം സിങ് മജിതിയയ്ക്കെതിരെ പൊലീസിന്‍റെ ലുക്കൗട്ട് നോട്ടീസ്. മജിതിയയ്ക്കെതിരെ കഴിഞ്ഞ ദിവസം മയക്കുമരുന്ന് കടത്തു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മജിതിയ രാജസ്ഥാനിലേക്ക് കടന്നെന്നാണ് പൊലീസ് പറയുന്നത്.
പഞ്ചാബില്‍ അകാലിദള്‍-ബിജെപി സർക്കാരില്‍ മന്ത്രിയായിരുന്നു മജിതിയ. മജിതിയയ്ക്ക് മയക്കുമരുന്ന് കടത്തില്‍ പങ്കുണ്ടെന്നും കേസെടുക്കണമെന്നും നവജോത് സിങ് സിദ്ദു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വളരെക്കാലമായി ആവശ്യപ്പെടുന്നു. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസസ് ആക്ടിന്‍റെ വിവിധ വകുപ്പുകൾ പ്രകാരമാണ് പഞ്ചാബ് പൊലീസ് മജിതിയയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. പഞ്ചാബിലെ മയക്കുമരുന്ന് ഭീഷണി തടയാൻ പ്രത്യേക ദൗത്യസംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ പ്രത്യേക ദൌത്യ സംഘം റിപ്പോര്‍ട്ട് സമർപ്പിച്ചിട്ടുണ്ട്. തന്‍റെ വസ്തുവകകളോ വാഹനങ്ങളോ മയക്കുമരുന്ന് കടത്തിന് ബോധപൂർവം അനുവദിച്ചു, മയക്കുമരുന്ന് വിതരണത്തിനോ വിൽപ്പനയ്‌ക്കോ പണം നൽകി, മയക്കുമരുന്ന് കടത്താന്‍ ക്രിമിനൽ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് മജിതിയയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ ആരോപിച്ചു. ഇത് പ്രതികാര നടപടിയാണ്. അനീതിക്കെതിരെ പോരാടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ബിക്രം സിംഗ് മജിതിയയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് പറഞ്ഞു.
"ഇതൊരു തെറ്റായ കേസാണ്, എനിക്ക് ഈ കേസ് നന്നായി അറിയാം. ഈ കേസിന്റെ അന്വേഷണ റിപ്പോർട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ സീൽ ചെയ്തതാണ്. രാഷ്ട്രീയ പകപോക്കാനാണ് മജിതിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് തെറ്റാണ്" എന്നാണ് അമരിന്ദര്‍ സിങ് പറഞ്ഞത്.
Adjust Story Font
16

