Quantcast

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം: കോടതി വിധി ജനാധിപത്യത്തിന്‍റെ ശബ്ദമെന്ന് എം.കെ സ്റ്റാലിൻ

'ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ തീരുമാനങ്ങൾ നാമനിര്‍ദേശം ചെയ്യപ്പെട്ട പദവിയിലിരിക്കുന്ന ഗവർണർമാർ തള്ളിക്കളയരുത് എന്നാണ് ഈ വിധി അടിവരയിടുന്നത്'

MediaOne Logo

Web Desk

  • Published:

    11 Nov 2022 1:32 PM GMT

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം: കോടതി വിധി ജനാധിപത്യത്തിന്‍റെ ശബ്ദമെന്ന് എം.കെ സ്റ്റാലിൻ
X

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികൾക്ക് മോചനം നൽകിയ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സുപ്രിംകോടതി വിധി ജനാധിപത്യത്തിന്‍റെ ശബ്ദമാണെന്ന് സ്റ്റാലിൻ പ്രതികരിച്ചു.

നളിനിയെ ജയിൽ മോചിതയാക്കാനുള്ള മന്ത്രിസഭാ ഓർഡിനൻസിൽ ഒപ്പ് വെയ്ക്കാത്ത ഗവർണറുടെ നടപടിയെ തമിഴ്നാട് സർക്കാർ വിമർശിച്ചു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ തീരുമാനങ്ങൾ നാമനിര്‍ദേശം ചെയ്യപ്പെട്ട പദവിയിലിരിക്കുന്ന ഗവർണർമാർ തള്ളിക്കളയരുത് എന്നാണ് ഈ വിധി അടിവരയിടുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു.

ഡി.എം.കെ ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും പ്രതികളുടെ മോചനത്തെ അനുകൂലിച്ചിട്ടുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. കരുണാനിധിയുടെ ഭരണ കാലത്താണ് പ്രതികളിലൊരാളായ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്. പ്രതികളുടെ മോചനത്തിനായി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നൽകുകയും അവരുടെ മനുഷ്യാവകാശങ്ങൾക്കൊപ്പം നിൽക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ പേരറിവാളന്റെ മോചനത്തെ ആദ്യ വിജയമെന്ന് വിശേഷിപ്പിച്ച സ്റ്റാലിന്‍, മറ്റ് ആറ് പ്രതികളെയും വിട്ടയച്ചതിനെ രണ്ടാം വിജയമെന്ന് വിളിച്ചു- "അധികാരത്തിൽ വന്നയുടൻ ഞങ്ങൾ നടത്തിയ ശക്തമായ നിയമ പോരാട്ടങ്ങളുടെ വിജയമാണിത്. മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എല്ലാവരുടെയും വിജയമാണിത്".

കൂട്ടുപ്രതിയായ പേരറിവാളനെ സുപ്രിംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് വിട്ടയച്ച വിധിയുടെ ആനുകൂല്യം തങ്ങൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നളിനി ഉൾപ്പെടെയുള്ളവർ സുപ്രിംകോടതിയില്‍ എത്തിയത്. കേസ് പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഹാജരായിരുന്നില്ല. നളിനി ഉൾപ്പെടെ എല്ലാ പ്രതികളെയും വിട്ടയക്കുന്നതിൽ എതിർപ്പില്ലെന്നു തമിഴ്നാട് സർക്കാർ അറിയിച്ചു.

നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും പ്രതികളുടെ മോചനത്തിനുള്ള മന്ത്രിസഭാ യോഗ ശിപാർശ ഗവർണർക്കു അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഗവർണർ തീരുമാനമെടുത്തിരുന്നില്ല. ജയിലിലെ നല്ല നടപ്പിനുള്ള രേഖകൾ നളിനി ഹരജിയിൽ വ്യക്തമാക്കിയിരുന്നു. ശിക്ഷാ കാലയളവിൽ ബിരുദം നേടിയതും പുസ്തകം എഴുതിയതും കഴിയാവുന്ന രീതിയിൽ സാമൂഹ്യ സേവനം നടത്തിയതും നല്ലനടപ്പിന് തെളിവായി കോടതിയെ അറിയിച്ചു. 32 വർഷം ശിക്ഷയനുഭവിച്ചത് കൂടി പരിഗണിച്ചാണ് ജയിൽ മോചിതരാക്കാൻ കോടതി തീരുമാനിച്ചത്. നളിനിയോടൊപ്പം ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രവിചന്ദ്രൻ ഉൾപ്പെടെയുള്ളവരും മോചിതരാകും.

അതേസമയം പ്രതികളെ ജയിൽ മോചിതരാക്കിയ സുപ്രിംകോടതി വിധിക്കെതിരെ നിയമ പോരാട്ടം തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. സുപ്രിംകോടതി വിധിയെ ദൗർഭാഗ്യകരം എന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മീഡിയാ തലവനുമായ ജയറാം രമേശ് വിശേഷിപ്പിച്ചത്. വിധി അംഗീകരിക്കാൻ കഴിയില്ലെന്നും ജയറാം രമേശ് വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

രാജ്യത്തിന്‍റെ പ്രധാനമന്ത്രി വധിക്കപ്പെട്ട കേസിൽ ഇത്തരം ഒരു നിലപാട് സുപ്രിംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സ്വിങ്‍വി പറഞ്ഞു. ഗാന്ധി കുടുംബത്തിന്‍റെയോ തമിഴ്നാട് സർക്കാരിന്‍റെയോ നിലപാടല്ല കോൺഗ്രസിന്‍റേത് എന്നും സുപ്രിംകോടതി വിധിക്കെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story