കുട്ടികളുടെ മരണം: മധ്യപ്രദേശിൽ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ
മരണത്തിന് കാരണമായ കോൾഡ്റിഫ് കഫ് സിറപ്പ് നിർമിച്ച ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ പൊലീസ് കേസെടുത്തു.

Photo| Special Arrangement
https://www.mediaoneonline.com/india/mosques-covered-with-cloths-ahead-of-durga-idol-immersion-in-hyderabad-301963
ഭോപ്പാൽ: മധ്യപ്രദേശിൽ ഒമ്പത് കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. ചിന്ദ്വാരയിലെ ഡോക്ടറായ പ്രവീൺ സോണിയാണ് പിടിയിലായത്. കഫ് സിറപ്പ് കഴിച്ച് മരിക്കുകയും ആശുപത്രിയിലാവുകയും ചെയ്ത ഭൂരിഭാഗം കുട്ടികളെയും ചികിത്സിച്ചത് പരേഷ്യയിലെ ശിശുരോഗവിദഗ്ധനായ ഡോ. പ്രവീൺ സോണിയുടെ ക്ലിനിക്കിലായിരുന്നു.
ഇതിനിടെ, മരണത്തിന് കാരണമായ കോൾഡ്റിഫ് കഫ് സിറപ്പ് നിർമിച്ച ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും വിതരണവും സർക്കാർ ഇന്നലെ നിരോധിച്ചിരുന്നു. മരുന്നിന്റെ സാമ്പിളുകളിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന ഉയർന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയിൽ സർക്കാർ ഡ്രഗ് അനലിസ്റ്റ് പരിശോധിച്ച സിറപ്പിന്റെ സാമ്പിൾ, ഗുണനിലവാരമില്ലാത്തത് ആണെന്ന് തമിഴ്‌നാട് ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രാദേശിക ഭരണകൂടം കോൾഡ്റിഫ് കഫ് സിറപ്പും നെക്സ്ട്രോ- ഡിഎസ് എന്ന മറ്റൊരു കഫ് സിറപ്പും കഴിഞ്ഞ തിങ്കളാഴ്ച തന്നെ നിരോധിച്ചിരുന്നു. ഇതിൽ കോൾഡ്റിഫിന്റെ പരിശോധനാ റിപ്പോർട്ട് ശനിയാഴ്ച വന്നിട്ടുണ്ട്. നെക്സ്ട്രോ- ഡിഎഫിന്റെ ഫലം വരാനുള്ള കാത്തിരിപ്പിലാണ് അധികൃതർ.
കുട്ടികളുടെ മരണം അങ്ങേയറ്റം ദാരുണമെന്ന് വിശേഷിപ്പിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പറഞ്ഞു. "കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പന മധ്യപ്രദേശിലാകെ നിരോധിച്ചിട്ടുണ്ട്. സിറപ്പ് നിർമിക്കുന്ന കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തുന്നു"- അദ്ദേഹം എക്സിൽ കുറിച്ചു.
സംശയമുള്ള മറ്റു മരുന്നുകളും നിരീക്ഷിക്കുന്നതായി മധ്യപ്രദേശ് ഡ്രഗ് കൺട്രോൾ ബോർഡ് വ്യക്തമാക്കി. ഒമ്പത് കുട്ടികൾക്കാണ് മധ്യപ്രദേശിൽ മാത്രം വ്യാജമരുന്ന് കുടിച്ച് ജീവൻ നഷ്ടമായത്. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സർക്കാർ നടപടി. നേരത്തെ കോൾഡ്റിഫ് മരുന്ന് തമിഴ്നാട് സർക്കാരും വിലക്കേർപ്പെടുത്തിയിരുന്നു.
മൂന്ന് സംസ്ഥാനങ്ങളിൽ ഈ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി കേരളവും കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും വിതരണവും നിർത്തിവച്ചിട്ടുണ്ട്. മധ്യപ്രദേശിൽ ഒമ്പതും രാജസ്ഥാനിൽ രണ്ടും മഹാരാഷ്ട്രയിൽ ഒരു കുട്ടിയുമാണ് വ്യാജ കഫ് സിറപ്പ് കഴിച്ച് മരിച്ചത്.
Adjust Story Font
16

