Quantcast

രാമ നവമി സംഘർഷം; കയ്യേറ്റമാരോപിച്ച് മധ്യപ്രദേശ് സർക്കാർ പൊളിച്ച വീടുകളിൽ നിയമ പ്രകാരം നിർമിച്ചവയും

സർക്കാർ പൊളിച്ച് നീക്കിയ ഖർഗോണിലെ വീടുകൾ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ചതാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-04-13 16:25:33.0

Published:

13 April 2022 9:11 AM GMT

രാമ നവമി സംഘർഷം; കയ്യേറ്റമാരോപിച്ച് മധ്യപ്രദേശ് സർക്കാർ പൊളിച്ച വീടുകളിൽ നിയമ പ്രകാരം നിർമിച്ചവയും
X

ഭോപ്പാൽ: മധ്യപ്രദേശ് സർക്കാർ ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്ത രാമ നവമി സംഘർഷത്തിൽ പ്രതിയാക്കപ്പെട്ടവരുടെ വീടുകളിൽ നിയമപ്രകാരം നിർമിച്ചവയും. കയ്യേറ്റമാരോപിച്ച് സർക്കാർ പൊളിച്ച് നീക്കിയ ഖർഗോണിലെ ചില വീടുകൾ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ചതാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പദ്ധതി പ്രകാരം ഖാർഗൂന്‍ പ്രദേശത്ത് വീടുവെച്ച ഹസീന ഫക്രുവിന് ലഭിച്ച വീട്‌ ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റിയിരുന്നു. ആവശ്യമായ മുഴുവൻ രേഖകളും പരിശോധിച്ച ശേഷമാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് അനുവദിച്ചിരുന്നത്. രാമനവമി ദിവസം നടന്ന സംഘർഷത്തിൽ പ്രതിയാക്കപ്പെട്ടവരുടെ വീടുകൾ ഖർഗോൺ ജില്ലാ ഭരണകൂടമാണ് പൊളിച്ച് നീക്കിയിരുന്നത്.


രാമ നവമി ഘോഷയാത്രയ്ക്ക് നേരെയുള്ള കല്ലേറിൽ കുറ്റാരോപിതരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 45 പേരുടെ സ്വത്തുവകകളാണ് പൊലീസ് സുരക്ഷയിൽ അധികൃതർ നശിപ്പിച്ചിരുന്നത്. അനിഷ്ട സംഭവം നടന്ന് 48 മണിക്കൂറിനകമായിരുന്നു ഭരണകൂട നടപടി. പൊതു സ്ഥലങ്ങൾ കൈയേറിയാണ് മിക്കവരും കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളതെന്ന് ഇൻഡോർ ഡിവിഷണൽ കമ്മിഷണർ പവൻ ശർമ്മ ദ ഹിന്ദുവിനോട് പറഞ്ഞിരുന്നു. സാമുദായിക സംഘർഷത്തിലെ കുറ്റാരോപിതരുടെ സ്വത്തും ഇതിലുണ്ട്. റവന്യൂ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്- അദ്ദേഹം പറഞ്ഞു.



കോടതി കുറ്റക്കാരാണ് എന്നു കണ്ടെത്താത്ത പ്രതികളുടെ സ്വത്തുവകകൾ എങ്ങനെയാണ് പൊളിക്കുക എന്ന ചോദ്യത്തിന്, അനധികൃത നിർമാണമാണ് എങ്കിൽ തങ്ങൾക്ക് നടപടിയെടുക്കാമെന്നായിരുന്നു പവൻ ശർമ്മയുടെ മറുപടി.


നേരത്തെ, സംഘർഷത്തിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു. 'കലാപകാരികളെ വെറുതെ വിടില്ല. മധ്യപ്രദേശിൽ അവർക്ക് സ്ഥാനമുണ്ടാകില്ല. തിരിച്ചറിഞ്ഞാൽ ശക്തമായ നടപടി കൈക്കൊള്ളും. അറസ്റ്റിൽ മാത്രമായി കാര്യങ്ങൾ ഒതുങ്ങില്ല.' - എന്നായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ.

രാമ നവമി ദിനത്തിൽ വ്യാപകമായ അക്രമമാണ് രാജ്യത്തിന്റെ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നത്. ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി അക്രമങ്ങൾ അരങ്ങേറി. രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് ഖർഗോണിൽ എൺപതോളം പേർ അറസ്റ്റിലായിട്ടുണ്ട്.


Madhya Pradesh government demolished houses by bulldozer builded as per the law

TAGS :

Next Story