Quantcast

വനിതാ മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് പോസ്റ്റ്: നടനും ബി.ജെ.പി നേതാവുമായ ശേഖറിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി

നിരവധി പേര്‍ പിന്തുടരുന്ന, സമൂഹത്തില്‍ ഉന്നത പദവിയുള്ള ശേഖർ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്

MediaOne Logo

Web Desk

  • Published:

    15 July 2023 2:52 PM GMT

Person Forwarding Social Media Message Liable For Its Contents Madras High Court Refuses To Quash Criminal Cases Against S.Ve Shekhar
X

ചെന്നൈ: വനിതാ മാധ്യമപ്രവർത്തകർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നടനും ബി.ജെ.പി നേതാവുമായ എസ്.വി ശേഖറിനെതിരെയെടുത്ത കേസ് റദ്ദാക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് 2018 ഏപ്രിലിൽ ശേഖർ അധിക്ഷേപകരവും അപകീർത്തികരവും അശ്ലീലവുമായ പോസ്റ്റ് ഷെയര്‍ ചെയ്തതിനു പിന്നാലെയാണ് കേസെടുത്തത്.

നിരവധി പേര്‍ പിന്തുടരുന്ന, സമൂഹത്തില്‍ ഉന്നത പദവിയുള്ള ശേഖർ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് നിരീക്ഷിച്ചു- "ഒരു വ്യക്തി സമൂഹത്തിൽ എത്രത്തോളം അറിയപ്പെടുന്നവനാണോ, അത്രത്തോളം ഉത്തരവാദിത്വവുമുണ്ട്. ഹരജിക്കാരൻ നിരവധി ഫോളോവര്‍മാരുള്ള, സമൂഹത്തില്‍ ഉന്നത പദവിയുള്ള ആളാണ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് സന്ദേശം ഫോര്‍വേഡ് ചെയ്യും മുന്‍പ് കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നു. അങ്ങനെ ജാഗ്രത കാണിക്കാതെ ഗുരുതരമായ പ്രത്യാഘാതമുണ്ടായിട്ടുണ്ടെങ്കില്‍, ഹർജിക്കാരന്‍ അത് നേരിടേണ്ടിവരും. ക്ഷമാപണം നടത്തിയതുകൊണ്ടുമാത്രം പ്രത്യാഘാതത്തില്‍ നിന്ന് രക്ഷപ്പെടാൻ കഴിയില്ല".

തിരുമലൈ എന്നയാളിൽ നിന്ന് ലഭിച്ച സന്ദേശത്തിന്റെ ഉള്ളടക്കം വായിക്കാതെ ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ശേഖർ അവകാശപ്പെട്ടു. അന്നുതന്നെ അപകീർത്തികരമായ പോസ്റ്റ് നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്‌തെന്നും ശേഖര്‍ പറഞ്ഞു. ഓരോ സന്ദേശവും ലോകത്തിന്റെ മുക്കിലും മൂലയിലും ചുരുങ്ങിയ സമയത്തിനുള്ളിൽ എത്താൻ കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഒരു പോസ്റ്റിടുമ്പോഴും ഫോർവേഡ് ചെയ്യുമ്പോഴും ഓരോ വ്യക്തിയും സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കണമെന്നും കോടതി വ്യക്തമാക്കി.

വില്ലിൽ നിന്ന് ഇതിനകം എയ്ത അമ്പ് പോലെയാണ് അയച്ച/ഫോർവേഡ് ചെയ്ത സന്ദേശമെന്ന് കോടതി വിശദീകരിച്ചു. ക്ഷമാപണം നടത്തിയതുകൊണ്ടു മാത്രം പ്രത്യാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകരമായ സന്ദേശം ഫോർവേഡ് ചെയ്താല്‍, പ്രത്യാഘാതം നേരിടാന്‍ ആ വ്യക്തി ബാധ്യസ്ഥനാണെന്ന് കോടതി വിശദീകരിച്ചു.

ശേഖർ ഫോര്‍വേഡ് ചെയ്ത സന്ദേശം മാധ്യമപ്രവർത്തകരെ പ്രത്യേകിച്ച് വനിതാ മാധ്യമപ്രവർത്തകരെ അപമാനമുണ്ടാക്കുന്നതാണ്. ഇത് അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പ്രകടനത്തിനും അക്രമത്തിനും കാരണമായി. സമാധാനാന്തരീക്ഷം ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ശേഖറിനെതിരെ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ശേഖറിന്‍റെ പോസ്റ്റ് സ്ത്രീത്വത്തെ അപമാനിക്കുന്നതായതിനാല്‍ 2022ലെ തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളും ശേഖറിനെതിരെ ചുമത്തിയിരുന്നു. ക്രിമിനൽ നടപടികൾ റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ശേഖറിന്‍റെ ഹരജി തള്ളി.

Summary- The Madras High Court has recently refused to quash batch of criminal proceedings initiated against actor and BJP politician S.Ve Sheker for his derogatory remarks against women journalists.

TAGS :

Next Story