Quantcast

പൊലീസ് സ്റ്റേഷനിൽ ഷിന്‍ഡെ ശിവസേന നേതാവിനുനേരെ നിറയൊഴിച്ച് ബി.ജെ.പി എം.എൽ.എ; അറസ്റ്റ്

ഉദ്ദവ് താക്കറെയെ വഞ്ചിച്ച ഷിൻഡെ ബി.ജെ.പിയെയും വഞ്ചിക്കുമെന്ന് ഗണപത് എം.എൽ.എ കുറ്റപ്പെടുത്തി. മഹാരാഷ്ട്ര രക്ഷപ്പെടണമെങ്കിൽ ഷിൻഡെ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    3 Feb 2024 10:52 AM GMT

Maharashtra BJP MLA Ganpat Gaikwad held for shooting at Shiv Sena(Eknath Shinde faction) leader inside police station Mahesh Gaikwad
X

ഗണപത് ഗെയ്ക്ക്‍വാദ്(വലത്ത്), മഹേഷ് ഗെയ്ക്ക്‍വാദ്(ഇന്‍സെറ്റില്‍)

താനെ: പൊലീസ് സ്റ്റേഷനിൽ സഖ്യക്ഷി നേതാവിനുനേരെ വെടിയുതിർത്ത് ബി.ജെ.പി എം.എൽ.എ. മഹാരാഷ്ട്രയിലെ കല്യാൺ എം.എൽ.എ ഗണപത് ഗെയ്ക്ക്‌വാദ് ആണ് ശിവസേന ഷിൻഡെ വിഭാഗം നേതാവായ മഹേഷ് ഗെയ്ക്ക്‌വാദിനെ വെടിവച്ചത്. സംഭവത്തിൽ ഗണപതിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. താനെയിലെ ഉൽഹാസ്‌നഗറിലുള്ള പൊലീസ് സ്റ്റേഷനിൽ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയായിരുന്നു എം.എൽ.എ ശിവസേന നേതാവിനെതിരെ വെടിയുതിർത്തത്. പരിക്കേറ്റ മഹേഷിനെ ഉടൻ താനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കല്യാൺ ശിവസേന ഷിൻഡെ വിഭാഗം അധ്യക്ഷനാണ് മഹേഷ് ഗെയ്ക്ക്‌വാദ്. മഹേഷിന്റെ ആളുകൾ പൊലീസ് സ്റ്റേഷനിൽ വച്ച് തന്റെ മകനെ മർദിച്ചെന്നും ഇതേതുടർന്നാണ് കൈയിലുണ്ടായ തോക്കിൽനിന്ന നിറയൊഴിച്ചതെന്നുമാണു സംഭവത്തിനു പിന്നാലെ ഗണപത് ന്യായീകരിച്ചത്. അതിൽ ഖേദമില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഏക്‌നാഥ് ഷിൻഡെ സംസ്ഥാനത്ത് ക്രിമിനലുകളുടെ സാമ്രാജ്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും ബി.ജെ.പി എം.എൽ.എ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകനും കല്യാൺ എം.പിയുമായ ശ്രീകാന്ത് ഷിൻഡെ ബോർഡുകൾ സ്ഥാപിച്ച് താൻ ചെയ്ത പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്നു. ഇവർ ബി.ജെ.പി നേതാക്കൾക്കെതിരെ ആക്രമണം നടത്തുന്നത് മുതിർന്ന നേതാക്കളോട് പലതവണ താൻ ഉണർത്തിയിട്ടുണ്ടെന്നും ഗണപത് ഗെയ്ക്ക്‌വാദ് പറഞ്ഞു.

ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരെ അദ്ദേഹം ആരോപണങ്ങളുയർത്തി. ഉദ്ദവ് താക്കറെയെ വഞ്ചിച്ചയാളാണ് ഷിൻഡെ. അയാൾ ബി.ജെ.പിയെയും വഞ്ചിക്കുമെന്ന് ഗണപത് കുറ്റപ്പെടുത്തി. തനിക്ക് കോടികൾ തരാനുണ്ട് അയാൾ. മഹാരാഷ്ട്ര രക്ഷപ്പെടണമെങ്കിൽ ഷിൻഡെ രാജിവയ്ക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉപമുഖ്യമന്ത്രി ഫഡ്‌നാവിസിനോടുമുള്ള തന്റെ അപേക്ഷയാണിതെന്നും ഗണപത് ഗെയ്ക്ക്‌വാദ് പറഞ്ഞു.

ഉൽഹാസ്‌നഗറിലെ സംഭവം ഗുരുതരമാണെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ ഡി.ജി.പിയോട് ഉത്തരവിട്ടിട്ടുണ്ടെന്നും മുതിർന്ന ബി.ജെ.പി നേതാവ് കൂടിയായ ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. ഏതു രാഷ്ട്രീയത്തിൽപെട്ടവരാണെങ്കിലും എല്ലാവരും നിയമത്തിനു മുന്നിൽ സമന്മാരാണ്. എം.എൽ.എ വെടിവയ്ക്കാനുണ്ടായ സാഹചര്യം അന്വേഷണത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ വ്യക്തമാക്കി.

Summary: Maharashtra BJP MLA Ganpat Gaikwad held for shooting at Shiv Sena(Eknath Shinde faction) leader inside police station Mahesh Gaikwad

TAGS :

Next Story