Quantcast

'വീട് നിർമാണത്തിന് 23 ലക്ഷം രൂപ വേണം'; ഒമ്പതുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അയൽവാസി പിടിയിൽ

ചാക്കിൽ കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-03-26 05:21:29.0

Published:

26 March 2024 4:57 AM GMT

kidnapped,crime
X

താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിൽ. താനെയിലെ ബദ്ലാപൂരിലെ ഗോരെഗാവ് ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. കേസിലെ മുഖ്യ പ്രതി സൽമാൻ മൗലവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വെകുന്നേരമാണ് സംഭവം നടന്നത്. പള്ളിയിൽ പ്രാർഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇബാദ് എന്ന കുട്ടിയെ അയല്‍വാസി കൂടിയായ സൽമാൻ മൗലവി തട്ടിക്കൊണ്ടുപോകുകയായിരുന്നു.

തയ്യൽക്കാരനായ സൽമാൻ മൗലവിയുടെ പുതിയ വീടിന്റെ നിർമാണത്തിന് 23 ലക്ഷം രൂപ ആവശ്യമായിരുന്നു.ഇത് നേടിയെടുക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പള്ളിയിൽ പോയി ഏറെ നേരം കഴിഞ്ഞും മകൻ മടങ്ങിവരാത്തതിനെ തുടർന്ന് മാതാപിതാക്കൾ തിരച്ചിൽ ആരംഭിച്ചു.ഈ സമയത്താണ് ഇബാദിന്റെ പിതാവ് മുദ്ദാസിറിന് മകനെ തട്ടിക്കൊണ്ടുപോയതാണെന്നും 23 ലക്ഷം രൂപ നൽകിയാൽ കുട്ടിയെ മോചിപ്പിക്കാം എന്ന് പറഞ്ഞ് ഫോൺ സന്ദേശം വരുന്നത്.

കൂടുതൽ വിവരങ്ങളൊന്നും പറയാതെ ഫോൺ കോൾ അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും കുട്ടിക്ക് വേണ്ടി നാട്ടുകാരും പൊലീസും തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതോടെ രക്ഷപ്പെടാൻ വഴികൾ അടഞ്ഞെന്ന് മനസിലാക്കിയ പ്രതി തന്റെ സിം കാർഡ് നശിപ്പിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും പ്രതിയുടെ ലൊക്കേഷൻ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

കുട്ടിയെ കൊലപ്പെടുത്താനുള്ള പ്രേരണയ്ക്ക് എന്താണെന്ന് അന്വേഷിക്കുമെന്ന് താനെ പൊലീസ് സൂപ്രണ്ട് ഡോ. ഡി.എസ്. സ്വാമി പറഞ്ഞു. കൊലപാതക്കേസിൽ സൽമാന്റെ സഹോദരൻ സഫുവാൻ മൗലവിയും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിൽ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story