Quantcast

ലുലുമാളിലെ പാക് കൊടി; ഏഷ്യാനെറ്റ് കന്നട പതിപ്പിന്റെ വ്യാജവാർത്തയ്ക്ക് മലയാളം ഏഷ്യാനെറ്റിന്റെ ഫാക്ട് ചെക്ക്

ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ ഏഷ്യാനെറ്റിന്റെ ഇരട്ടത്താപ്പ് എക്‌സിൽ തുറന്നുകാട്ടിയത് വ്യാപക ചർച്ചയായി

MediaOne Logo

Web Desk

  • Updated:

    2023-10-11 11:21:55.0

Published:

11 Oct 2023 11:10 AM GMT

Pak flag at Kochi Lulumal; Fact check by Malayalam Asianet Against fake news of Asianet Kannada edition -Asianet Suvarna news
X

ലുലുമാളിലെ പാക് പതാക സംബന്ധിച്ച് ഏഷ്യാനെറ്റ് കന്നട പതിപ്പും മലയാളം പതിപ്പും നൽകിയ വാർത്തകൾ

കൊച്ചി ലുലു മാളിലെ പാകിസ്താന്റെ കൊടി ഇന്ത്യയുടേതിനേക്കാൾ വലുതാണെന്ന ഏഷ്യാനെറ്റ് കന്നട പതിപ്പിന്റെ വ്യാജവാർത്തയ്ക്ക് മലയാളം ഏഷ്യാനെറ്റിന്റെ ഫാക്ട് ചെക്ക്. ലുലു മാളിൽ ഇന്ത്യയുടെ കൊടിയേക്കാൾ വലിയ പാകിസ്താൻ പതാക സ്ഥാപിച്ചുവെന്ന ഏഷ്യാനെറ്റ് സുവർണ ന്യൂസിന്റെ വ്യാജ വാർത്തയെയാണ് മലയാളം ഏഷ്യാനെറ്റ് ന്യൂസ് തുറന്നുകാട്ടിയത്. ലുലു മാളിന്റെ ഔദ്യോഗിക വിശദീകരണം ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെക്കുകയായിരുന്നു. ഫാക്ട് ചെക്കറും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈർ ഈ ഇരട്ടത്താപ്പ് എക്‌സിൽ തുറന്നുകാട്ടിയത് വ്യാപക ചർച്ചയായി. ലുലുമാളിലെ പാക് പതാക സംബന്ധിച്ച് കന്നഡ ഏഷ്യാനെറ്റിന്റെയും മലയാളത്തിലുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെയുടെ വാർത്തകളുടെ സ്‌ക്രീൻഷോട്ടുകൾ അദ്ദേഹം എക്‌സിൽ പങ്കുവെച്ചു.

ഏകദിന ലോകകപ്പ് പ്രമാണിച്ച് ടൂർണമെൻറിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കൊടികൾ മാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ ഉയരത്തിൽ വെച്ചതിനാൽ ചിലത് വലുതും ചെറുതുമായാണ് ചിത്രങ്ങളിൽ കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ അവയെല്ലാം ഒരേ വലുപ്പമുള്ളവയാണ്. ഫോട്ടോയുടെ ആംഗിളിന് അനുസരിച്ച് ഇവയുടെ വലുപ്പത്തിൽ തോന്നുന്ന വ്യത്യാസം വ്യാജ വാർത്ത പ്രചരിപ്പിക്കാൻ ഹിന്ദുതവാദികൾ ദുരുപയോഗിക്കുകയായിരുന്നു. ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥനടക്കമുള്ളവരാണ് ഈ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. 'ഒരു പഞ്ചർവാലയാകട്ടെ ശതകോടീശ്വരനാകട്ടെ അവരുടെ മധ്യകാലഘട്ട വിശ്വസമാണ് പ്രധാനം... എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ലുലു മാളിൽ നിന്നുള്ളതാണ് ഈ ഫോട്ടോ.. അവർ ഇന്ത്യൻ പതാകയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്' എന്ന കുറിപ്പോടെയാണ് പ്രതീഷ് വിശ്വനാഥൻ ഈ വ്യാജ വിവരം എക്‌സിൽ പങ്കുവെച്ചത്.

എന്നാൽ പ്രതീഷിനെയും മാധ്യമപ്രവർത്തകനായ പ്രതീപ് ഭന്ധാരിയെയും ടാഗ് ചെയ്ത് വ്യാജ വാർത്ത തുറന്നുകാട്ടുകയായിരുന്നു മുഹമ്മദ് സുബൈർ. ലുലു മാൾ മുസ്‌ലിമിന്റെ ഉടമസ്ഥയിലുള്ളതിനാലും കേരളത്തിലായതിനാലുമാണ് വ്യാജ വിവരം പലരും പ്രചരിപ്പിക്കുന്നതെന്നും സുബൈർ മറ്റൊരു ട്വീറ്റിൽ കുറ്റപ്പെടുത്തി. കേരളത്തിലെ തെരഞ്ഞെടുപ്പിൽ സീറ്റ് നേടൽ അവർക്ക് ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് മലയാളികളെ ദേശ വിരുദ്ധരായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണ് അവർ ആഖ്യാനം സൃഷ്ടിക്കുന്നതെന്നും സുബൈർ എക്‌സിൽ പറഞ്ഞു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ പലരും ഇപ്പോഴും ഈ വ്യാജ വാർത്ത പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

Pak flag at Kochi Lulumal; Fact check by Malayalam Asianet Against fake news of Asianet Kannada edition -Asianet Suvarna news

TAGS :

Next Story