കാന്‍സറുണ്ടെന്ന് കണ്ടെത്തിയത് ഓഫീസിലെ ഹെല്‍ത്ത് ചെക്കപ്പില്‍, പിന്നാലെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട് കമ്പനി; ദുരനുഭവം പങ്കുവെച്ച് കോര്‍പ്പറേറ്റ് മാനേജര്‍
മാരക രോഗങ്ങള്‍ ബാധിച്ചവരോടുള്ള ജോലിസ്ഥലത്തെ വിവേചനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് മഹാരാഷ്ട്ര നിയമസഭയിലും പാർലമെന്റിലും സ്വകാര്യ ബിൽ അവതരിപ്പിക്കാനുള്ള പോരാട്ടത്തിലാണ് സന്തോഷ്

- Published:
16 March 2026 4:54 PM IST

ജീവിതം എപ്പോഴും അപ്രതീക്ഷിത സംഭവങ്ങൾ നിറഞ്ഞതാണ്. ഒരു മനുഷ്യനെ ഉയരത്തിലെത്തിക്കാനും അതുപോലെ തന്നെ താഴേക്കിടാനും വളരെ കുറച്ച് സമയം മാത്രം മതി. ചില തിരിച്ചടികള്‍ നമ്മളെ വല്ലാതെ തളര്‍ത്തും.എന്നാല്‍ ഏത് തിരിച്ചടിയിലും തളരില്ല എന്ന് തീരുമാനിച്ചാല്‍ നമ്മളെ ആര്‍ക്കും തകര്‍ക്കാനാകില്ലെന്നാണ് സത്യം. ഇന്ന് ഒട്ടുമിക്ക ഓഫീസുകളിലും ഹെല്‍ത്ത് ചെക്കപ്പുകള്‍ നടത്താറുണ്ട്. ഇത്തരമൊരു ഹെല്‍ത്ത് ചെക്കപ്പ് ഒരാളുടെ ജീവിതം മുഴുവന്‍ മാറ്റിമറിച്ച അനുഭവം പങ്കുവെക്കുകയാണ് മൾട്ടിനാഷണൽ കമ്പനിയിൽ സീനിയർ മാനേജറായി ജോലി ചെയ്തിരുന്ന സന്തോഷ് പാടോലെ എന്ന യുവാവ്.
2025 മെയ് മാസത്തിലാണ് തന്‍റെ ഓഫീസില്‍ സംഘടിപ്പിച്ച ആരോഗ്യ പരിശോധനയ്ക്ക് പോയത്. എന്നാല്‍ ആ പരിശോധന അയാളുടെ ജീവിതം മുഴുവന്‍ മാറ്റി മറിക്കുന്നതായിരുന്നു. അദ്ദേഹത്തിന് തൈറോയ്ഡ് കാന്‍സറായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ട്യൂമര്‍ നിശബ്ദമായി വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഉടന്‍ തന്നെ ചികിത്സ ആരംഭിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്തു. കമ്പനിയുടെ മെഡിക്കൽ ഇൻഷുറൻസ് ഉള്ളതിനാല്‍ അന്നത്തെ ചികിത്സാ ചെലവില്‍ വലിയൊരു ആശ്വാസമാണ് സന്തോഷിന് ലഭിച്ചത്.
എന്നാൽ, ക്യാൻസർ എന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുകയും വിഷമകരമായ ചികിത്സയിലൂടെ കടന്നുപോവുകയും ചെയ്യുന്നതിനിടയിൽ, സന്തോഷിനെ തേടി മറ്റൊരു വലിയ പ്രഹരം കൂടിയെത്തി. 2025 ജൂലൈയിൽ കമ്പനി അദ്ദേഹത്തോട് ജോലിയിൽ നിന്ന് രാജിവെക്കാൻ ആവശ്യപ്പെട്ടു. മികച്ച പ്രകടനവും, ഒന്നിലധികം പ്രൊമോഷനുകളും ലഭിച്ചിരുന്ന തന്റെ കരിയറിൽ എന്താണ് സംഭവിച്ചതെന്നറിയാതെ അദ്ദേഹം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. 'എനിക്ക് ഞെട്ടലാണ് തോന്നിയത്, ഞാന്‍ ജോലി ചെയ്തിരുന്ന കാലം മുഴുവന്‍ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നിലധികം പ്രമോഷനുകൾ, ബോണസുകൾ, അംഗീകാരങ്ങള്‍, അവാർഡുകൾ തുടങ്ങി ഏറ്റവും മികച്ച പ്രൊഫഷണൽ ട്രാക്ക് റെക്കോർഡ് എനിക്കുണ്ടായിരുന്നു.എന്താണ് ഞാന്‍ ചെയ്ത തെറ്റ് എന്ന് എനിക്ക് മനസിലായില്ല'- സന്തോഷ് പാടോലെ പറയുന്നു.
കാൻസറിന്റെ ആഘാതത്തിൽ നിന്നുപോലും മുക്തനാകാത്ത സന്തോഷിനെ ഈ സംഭവം മാനസികമായി തളർത്തി. പിരിച്ചുവിടലിന്റെ കാരണം വ്യക്തമാക്കാൻ ആവശ്യപ്പെട്ട് അദ്ദേഹം കമ്പനിക്ക് ഇമെയിൽ അയച്ചെങ്കിലും ഒരു മാസത്തോളം മറുപടിയൊന്നും ലഭിച്ചില്ല. തുടർന്ന് അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചപ്പോൾ മാത്രമാണ്, അദ്ദേഹത്തിന്റെ ജോലിയിൽ ചില അപാകതകൾ ഉണ്ടായിരുന്നുവെന്ന് കമ്പനി പ്രതികരിച്ചത്. എന്നാൽ ഇതിന് വ്യക്തമായ തെളിവുകളോ വിശദീകരണമോ നൽകാൻ അവർക്ക് കഴിഞ്ഞില്ല.
നീതിക്കായുള്ള പോരാട്ടം
ജോലി തിരികെ ലഭിക്കാൻ അദ്ദേഹം പലതവണ അപേക്ഷിച്ചെങ്കിലും കമ്പനി വഴങ്ങിയില്ല. ആ സമയത്ത് എനിക്ക് ജോലി ശരിക്കും ആവശ്യമായിരുന്നു, ജോലി ചെയ്യാൻ കഴിയുന്ന അവസ്ഥയിലായിരുന്നു ഞാൻ, അതുകൊണ്ട് കമ്പനി എന്നെ തിരിച്ചെടുക്കണമെന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളൂ. പക്ഷേ, ഞാൻ നിരവധി തവണ അപേക്ഷിച്ചിട്ടും അവർ വഴങ്ങിയില്ല. തുടർന്ന് നിരാഹാര സമരം നടത്തുമെന്ന് ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്തപ്പോൾ മാത്രമാണ് കമ്പനി അദ്ദേഹത്തെ ബന്ധപ്പെട്ടത്, അതും സമരം തടയാൻ വേണ്ടി മാത്രം. രേഖാമൂലമുള്ള ഉറപ്പുകളൊന്നും നൽകാൻ അവർ തയ്യാറായില്ല. തുടർന്ന് അദ്ദേഹം നിരാഹാര സമരം ആരംഭിച്ചെങ്കിലും അഞ്ചാം ദിവസം ആരോഗ്യനില വഷളായതിനെ തുടർന്ന് അവസാനിപ്പിക്കേണ്ടി വന്നു.
എങ്കിലും, അദ്ദേഹത്തിന്റെ പ്രതിഷേധം മാധ്യമ ശ്രദ്ധ നേടുകയും ഇന്ത്യയിലെ തൊഴിൽ നിയമങ്ങളിലെ വലിയൊരു പോരായ്മ വെളിച്ചത്തുകൊണ്ടുവരികയും ചെയ്തു. ജോലിസ്ഥലത്തെ ലൈംഗിക അതിക്രമങ്ങൾ തടയാൻ ലൈംഗിക പീഡന നിരോധന നിയമം (PoSH) പോലുള്ള നിയമങ്ങൾ ഉള്ളതുപോലെ, കാൻസർ പോലുള്ള ഗുരുതരമായ അസുഖങ്ങൾ ബാധിക്കുന്നവരെ വിവേചനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇന്ത്യയിൽ നിലവിൽ വ്യക്തമായ നിയമങ്ങളില്ല എന്നത് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.
ഇന്ന് ജോലിയില്ലാത്ത അവസ്ഥയിലും കാൻസറിനോടും പൊരുതുന്ന സന്തോഷ്, മറ്റൊരു വലിയ പോരാട്ടത്തിലാണ്. ജോലിസ്ഥലത്ത് മാരക രോഗങ്ങളുള്ളവരോടുള്ള വിവേചനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് മഹാരാഷ്ട്ര നിയമസഭയിലും പാർലമെന്റിലും സ്വകാര്യ അംഗ ബിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ജീവനക്കാർക്ക് ചികിത്സാ സമയത്ത് തൊഴിൽ സുരക്ഷയും മാന്യതയും ഉറപ്പുവരുത്തുന്ന ഒരു സംവിധാനം കൊണ്ടുവരിക എന്നതാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യമാക്കുന്നത്.
വർഷങ്ങളോളം കമ്പനികൾക്ക് വേണ്ടി അധ്വാനിക്കുന്ന പ്രൊഫഷണലുകളെ, അവർക്ക് ഒരു പ്രതിസന്ധി വരുമ്പോൾ കോർപ്പറേറ്റുകൾ എത്ര ക്രൂരമായാണ് വലിച്ചെറിയുന്നത് എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് സന്തോഷ് പാടോലെയുടെ കഥ
Adjust Story Font
16
