ഇങ്ങനെ ദോശയെ അപമാനിക്കരുത്; സോഷ്യല്‍ മീഡിയയെ ദേഷ്യം പിടിപ്പിച്ച ദില്‍കുഷ് ദോശ

ചീസ്, പനീര്‍, ചെറി, ഉണങ്ങിയ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയാല്‍ സമ്പന്നമാണ് ദില്‍കുഷ് ദോശ

MediaOne Logo

Web Desk

  • Updated:

    2021-09-06 11:25:23.0

Published:

6 Sep 2021 11:25 AM GMT

ഇങ്ങനെ ദോശയെ അപമാനിക്കരുത്; സോഷ്യല്‍ മീഡിയയെ ദേഷ്യം പിടിപ്പിച്ച ദില്‍കുഷ് ദോശ
X

ചോക്ലേറ്റ് ബിരിയാണി, ചൂട് ഐസ്ക്രീം തുടങ്ങി മാരകമായ ഫുഡ് കോമ്പിനേഷനുകള്‍ക്ക് സോഷ്യല്‍മീഡിയ സാക്ഷിയാകാറുണ്ട്. അതുപോലെ പറക്കും ദോശ, തീപ്പൊരി ദോശ അങ്ങനെ പല തരത്തിലുള്ള ദോശകളും. അത്തരത്തിലൊരു ദോശയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ചീസ്, പനീര്‍, ചെറി, ഉണങ്ങിയ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയാല്‍ സമ്പന്നമാണ് ദില്‍കുഷ് ദോശ. റോഡരികിലുള്ള ഒരു ചെറിയ ഭക്ഷണശാലയിലാണ് ഈ സ്പെഷ്യല്‍ ദോശ തയ്യാറാക്കിയിരിക്കുന്നത്. യു ട്യൂബാറായ ഹാരി ഉപ്പാല്‍ ആഗസ്തിലാണ് ആദ്യമായി ഈ വീഡിയോ യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തത്. സെപ്തംബര്‍ 5ന് ദീപക് പ്രഭു എന്നയാള്‍ 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചെറിയ ക്ലിപ്പ് ട്വിറ്ററില്‍ ചെയ്തതോടെയാണ് വീഡിയോ വൈറലാകുന്നത്.

ആദ്യം പാചകക്കാരന്‍ ദോശക്കല്ലിലേക്ക് ദോശ മാവ് ഒഴിച്ചുപരത്തുന്നു. തുടര്‍ന്ന് അതിലേക്ക് വെണ്ണ തേയ്ക്കുന്നു. പിന്നീട് അരിഞ്ഞു വച്ച സവാള, ക്യാബേജ്, ക്യാപ്സിക്കം എന്നിവയിലേക്ക് തേങ്ങ ചട്നി ചേര്‍ത്ത് യോജിപ്പിക്കുന്നു. ഇതിനു ശേഷം പൊടിപൊടിയായി അരിഞ്ഞ ചീസ് കഷണങ്ങള്‍ ചേര്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഡ്രൈ ഫ്രൂട്ട്സും ഉണക്കമുന്തിരിയും ബദാമും ഇതോടൊപ്പം അലങ്കരിക്കുന്നു. ജീരകപ്പൊടിയും ഗരം മസാലയും ചേര്‍ത്ത മിശ്രിതവും ദോശയില്‍ ചേര്‍ക്കുന്നുണ്ട്. ദോശ നന്നായി വെന്തതിന് ശേഷം കഷണങ്ങളായി മുറിച്ച് വിളമ്പുന്നതും വീഡിയോയില്‍ കാണാം.

കാര്യം നിരവധി പേര്‍ ഈ വീഡിയോ കണ്ടെങ്കിലും ചിലര്‍ക്ക് ദില്‍കുഷ് ദോശയെ അത്ര പിടിച്ചില്ല. എന്തിനാണ് എല്ലാത്തിലും ചീസ് ഇടുന്നതെന്നും ഭക്ഷണത്തെ അതു നാശമാക്കുകയാണ് ചെയ്യുന്നതെന്നും നെറ്റിസണ്‍സ് കുറിച്ചു. ഇത് ദോശയെ അപമാനിക്കലാണെന്നാണ് മറ്റൊരാളുടെ കമന്‍റ്. ഉണക്ക മുന്തിരിയും ഡ്രൈ ഫ്രൂട്ട്സും ചേര്‍ക്കുന്നത് ഭീകരമാണെന്നാണ് ഒരാളുടെ അഭിപ്രായം. എന്തായാലും ദില്‍കുഷ് ദോശയെ കുറിച്ച് അത്ര നല്ല പ്രതികരണമല്ല സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.TAGS :

Next Story