ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും വെടിവെച്ചു കൊന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
സലൂൺ ഉടമയമായ അമൻദീപ് സിംഗ്, ഭാര്യ ജസ്വീർ കൗർ, പത്തും ആറും വയസ്സുള്ള ഇവരുടെ രണ്ട് പെൺമക്കൾ എന്നിവരാണ് മരിച്ചത്

- Published:
8 Jan 2026 10:13 PM IST

ഫിറോസ്‌പൂർ: ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും വെടിവെച്ചു കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ഫിറോസ്‌പൂരിലാണ് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സലൂൺ ഉടമയമായ അമൻദീപ് സിംഗ്, ഭാര്യ ജസ്വീർ കൗർ, പത്തും ആറും വയസ്സുള്ള ഇവരുടെ രണ്ട് പെൺമക്കൾ എന്നിവരാണ് മരിച്ചത്.
അമൻദീപ് സിംഗ് തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ഭാര്യയെയും മക്കളെയും വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം ഇങ്ങനെയാണ് -ഫിറോസ്‌പൂരിലെ ഹർമൻ നഗർ സ്വദേശികളാണ് മരിച്ചത്. മണിയോടെ പുറത്തുപോയ ഇവർ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീ എത്തിയപ്പോൾ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയൽവാസികളുടെ സഹായത്തോടെ വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിടപ്പുമുറിയിൽ നാലു പേരും മരിച്ച് കിടക്കുന്നത് കണ്ടത്.
മൃതദേഹത്തിന്റെ സമീപത്ത് നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. അമൻദീപ് സിംഗ് റിയൽ എസ്റ്റേറ്റ് മേഖലയിലും സജീവമായിരുന്നു. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം വ്യക്തമല്ലെന്നും ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഫിറോസ്‌പൂർ എസ്എസ്പി ഭൂപീന്ദർ സിംഗ് സിദ്ധു അറിയിച്ചു.
Adjust Story Font
16
