Quantcast

മകളെ തോളിലേറ്റി നടക്കുമ്പോൾ യുവാവിന്‍റെ തലക്ക് വെടിയേറ്റു; ഞെട്ടിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

പകയാണ് കൊലപാതകശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

MediaOne Logo

Web Desk

  • Published:

    15 Aug 2023 3:00 AM GMT

UP Crime, Shahjahanpur, Man shot at point blank range, was carrying child on shoulders,UP ,latest national news,മകളെ തോളിലേറ്റി നടക്കുമ്പോൾ യുവാവിന്‍റെ തലക്ക് വെടിവെച്ചു
X

ഷാജഹാന്‍പൂര്‍: ഒന്നരവയസുള്ള മകളെ തോളിലേറ്റി നടക്കുന്നതിനിടെ യുവാവിന് വെടിയേറ്റു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികളാണ് യുവാവിന്റെ തലക്ക് നേരെ നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ ശുഐബ് (28) ആശുപത്രിയിൽ ചികിത്സയിലാണ്. വെടിയേറ്റുവീണ ശുഐബിനെ ആദ്യം രാജ്കിയ മെഡിക്കൽ കോളേജിലെത്തിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ബറേലിയിലെ ആശുപത്രിയിലേക്കും തുടർന്ന് ഡൽഹിയിലേക്കും റഫർ ചെയ്തിട്ടുണ്ട്.പരിക്കേറ്റ മകളും ചികിത്സയിലാണ്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മകളെ തലയിലേറ്റി റോഡിലൂടെ നടന്നുപോകുകയായിരുന്നു ശുഐബ്. ഈ സമയത്ത് ബൈക്കിൽ രണ്ടുപേർ ആദ്യം മുന്നോട്ട് പോകുന്നത് കാണാം. ശേഷം ബൈക്ക് അവിടെ നിർത്തി. ഈ സമയത്താണ് തോക്കുമായി ഒരാൾ അടുത്തേക്ക് വന്ന് തലക്ക് നേരെ വെടിവെക്കുന്നത്. യുവാവ് നിലത്തേക്ക് വീണതോടെ മകളും തെറിച്ചുവീണു. തുടർന്ന് അക്രമി സംഘം ബൈക്കിൽ ഓടി രക്ഷപ്പെട്ടു. ശബ്ദം കേട്ട് നാട്ടുകാരെല്ലാം ഓടിയെത്തുന്നതും വീഡിയോയിൽ കാണാം.

ഈ മാസം 13 നാണ് സംഭവം നടന്നതെന്നാണ് ഷാജഹാൻപൂർ പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രി 7.30 ഓടെ മകളെ തോളിലേറ്റി ബന്ധുവീട്ടിലേക്ക് നടക്കുകയായിരുന്നു ശുഐബ്. 15 വർഷം മുമ്പ് ശുഐബ് കുടുംബത്തോടൊപ്പം പഞ്ചാബിലെ അമൃത്സറിലേക്ക് താമസം മാറിയിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് കുടുംബ പരിപാടിയിൽ പങ്കെടുക്കാനായി ഷാജഹാൻപൂരിയിലെത്തിയത്.

പകയാണ് കൊലപാതകശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം മൂന്ന് വർഷം മുമ്പാണ് ശുഐബ് ചാന്ദ്‌നിയെ വിവാഹം കഴിച്ചത്. എന്നാല്‍ ഇവരുടെ അയല്‍വാസിയായ താരിഖിന്റെ സഹോദരനുമായി ചാന്ദ്‌നിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍കൊണ്ട് ഈ വിവാഹത്തില്‍ നിന്ന് മാതാപിതാക്കള്‍ പിന്മാറുകയും തുടര്‍ന്നാണ് ശുഐബുമായി വിവാഹം നടത്തുന്നത്. ഇതിന് പ്രതികാരം വീട്ടുമെന്ന് താരിഖിന്‍റെ സഹോദരന്‍ പല തവണ പറഞ്ഞിരുന്നെന്നും ശുഐബിന്‍റെ അമ്മാവന്‍ പൊലീസിന് മൊഴി നല്‍കിയതായി ഫ്രീ പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഷാജഹാന്‍പൂര്‍ എസ്.പി അശോക് മീണ പറഞ്ഞു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. ' പുറത്തുവന്ന വീഡിയോ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്.പി അശോക് മീണ പറഞ്ഞു.

TAGS :

Next Story