കട്ടത്താടിയും മീശയും ബുള്ളറ്റും; ഇവിടെയിതാ ഇങ്ങനെയുമൊരു പെണ്ണൊരുത്തി

2012ൽ വിവാഹിതയാകുംവരെ മൻദീപിന്റെ മുഖത്ത് മീശയുടെയോ താടിയുടെയോ ഒരു ലക്ഷണവുമുണ്ടായിരുന്നില്ല

MediaOne Logo

Web Desk

  • Updated:

    2023-03-18 03:40:48.0

Published:

18 March 2023 3:40 AM GMT

womanwithmustacheandbeard, MandeepKaur, Punjabiwomanwithmustacheandbeard
X

ചണ്ഡിഗഢ്: സ്ത്രീകൾ മീശയും താടിയും വച്ചാൽ എന്തു സംഭവിക്കും? പലതും സംഭവിക്കുമെന്നാണ് പഞ്ചാബ് സ്വദേശിയായ മൻദീപ് കൗറിന്റെ ജീവിതം പറയുന്നത്. മീശയ്ക്കു പുറമെ കട്ടിത്താടിയും വളർന്ന മൻദീപിനെ കണ്ടാൽ പെട്ടെന്നൊന്നും സ്ത്രീയാണെന്ന് തിരിച്ചറിയാനാകുകയേയില്ല.

2012ലാണ് മൻദീപ് കൗർ വിവാഹിതയാകുന്നത്. അതുവരെയും മുഖത്ത് മീശയുടെയോ താടിയുടെയോ ഒരു ലക്ഷണവുമുണ്ടായിരുന്നില്ല. എന്നാൽ, വിവാഹം കഴിഞ്ഞതോടെയാണ് പുതിയ പ്രവണതകൾ കണ്ടുതുടങ്ങിയത്. മുഖത്ത് രോമങ്ങൾ അസാധാരണമായ രീതിയിൽ വളരുന്നു! ആദ്യമൊന്നും ഭർത്താവ് കാര്യമാക്കിയില്ല. എന്നാൽ, താടിയും മീശയും വലിയ തോതിൽ വളർന്നതോടെ ഇയാളുടെ മട്ടുമാറി. ഒടുവിൽ യുവതിയുമായുള്ള വിവാഹബന്ധത്തിൽനിന്ന് ഭർത്താവ് പിന്മാറുകയും ചെയ്തു.

ഇതോടെ മൻദീപ് മാനസികസംഘർഷത്തിലായി. ഏറെക്കാലം ഇതിന്റെ ആഘാതത്തിലാണ് കഴിഞ്ഞത്. ഇതോടെ ആത്മീയവഴിയിൽ കൂടുതൽ സജീവമായി. അമൃത്സറിലെ സിഖ് ഗുരുദ്വാരയിലെ സന്ദർശനം പതിവാക്കി. എല്ലാ പിന്തുണയുമായി കുടുംബവും ഒപ്പംനിന്നു. ഒടുവിൽ, താടിയും മീശയും തന്റെ കരുത്താണെന്ന ആത്മവിശ്വാസത്തിലെത്തി മൻദീപ്.

ഇപ്പോൾ പുരുഷന്മാരെപ്പോലെ താടിയും മീശയും വടിക്കാതെ കൊണ്ടുനടക്കുകയാണ് 34കാരി. 'താടിയും മീശയും കാരണം എന്നെ എന്റെ ഭർത്താവ് ഉപേക്ഷിച്ചു. ഇപ്പോൾ എന്റെ ഏറ്റവും മികച്ച വിശേഷവും അതു തന്നെയാണ്.'-ഇങ്ങനെയാണ് ഇപ്പോൾ മൻദീപിന്റെ നിലപാട്. ബുള്ളറ്റ് ഓടിക്കാറുള്ളതിനാൽ ആളുകൾ പലപ്പോഴും തന്നെ ആണാണെന്നാണ് കരുതാറുള്ളതെന്നും അവർ പറയുന്നു.

താടിയും മീശയും വളർത്തുന്ന ആദ്യത്തെ പെണ്ണല്ല മൻദീപ് കൗർ. ഇംഗ്ലണ്ടിലെ സ്ലോഗ് സ്വദേശിയായ ഹർനാം കൗറും മുഖത്തെ രോമവളർച്ച കാരണം വാർത്താതാരമായിരുന്നു. മുഖം അടക്കം സാധാരണ സ്ത്രീകൾക്ക് രോമം വളരാത്ത ശരീരഭാഗങ്ങൾ രോമാവൃതമാകുന്ന അവസ്ഥയ്ക്ക് ഹർസ്യൂട്ടിസം എന്നാണ് പറയുക. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ആണ് ഇത്തരത്തിൽ അസാധാരണമായ രോമവളർച്ചയുടെ(പിസിഒഎസ്) പ്രധാന കാരണം. മുഖക്കുരു, ക്രമരഹിതമായ ആർത്തവം എന്നിവയും ഇതിന്റെ ഫലമായി ഉണ്ടാകാം. മാംസപേശികൾ ദൃഢമാക്കാൻ ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകൾ അടക്കം ചില മരുന്നുകൾ ഇതിനു കാരണമാകാറുണ്ട്.

Summary: Mandeep Kaur, a woman from Punjab was allegedly dumped by her husband after she grew a mustache and beard

TAGS :

Next Story