Quantcast

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; മുഖ്യമന്ത്രി ബിരേണ്‍ സിംഗ് രാജിവച്ചേക്കുമെന്ന് സൂചന

വെള്ളിയാഴ്ച ഉച്ചക്ക് 1 മണിയോടെ ഗവര്‍ണര്‍ അനുസൂയ ഉയ്കെക്ക് രാജി സമര്‍പ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരം

MediaOne Logo

Web Desk

  • Updated:

    2023-06-30 08:23:59.0

Published:

30 Jun 2023 7:21 AM GMT

Biren Singh
X

ബിരേണ്‍ സിംഗ് 

ഇംഫാല്‍: സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേണ്‍ സിംഗ് രാജി വച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഉച്ചക്ക് 1 മണിയോടെ ഗവര്‍ണര്‍ അനുസൂയ ഉയ്കെക്ക് രാജി സമര്‍പ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

"അദ്ദേഹം ഇന്ന് രാജിവയ്ക്കാൻ സാധ്യതയുണ്ട്," സിംഗുമായി അടുപ്പമുള്ള മണിപ്പൂരിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച ഡൽഹിയിൽ നിന്ന് സിംഗിന് നിരവധി ഫോണ്‍കോളുകള്‍ വന്നതായി സംഗായ് എക്‌സ്പ്രസിൽ പ്രസിദ്ധീകരിച്ച വാർത്താ റിപ്പോർട്ടിൽ പറയുന്നു.അതേസമയം, സിംഗിന്‍റെ രാജി സാധ്യതയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

മണിപ്പൂരിൽ സമാധാനം പുനസ്ഥാപിച്ചു എന്ന് ബി.ജെ.പി പറയുമ്പോഴും മണിപ്പൂർ കത്തുകയാണ്. ഇംഫാൽ നഗരത്തിൽ ഇന്നലെ രാത്രി വൈകിയും വലിയ സംഘർഷമാണ് അരങ്ങേറിയത്.കാങ്‌പോക്പിയില്‍ ഉണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായാണ് ജനക്കൂട്ടം ഇംഫാലിൽ പ്രതിഷേധിച്ചത്. രാജ് ഭവനും ബി.ജെ.പി ഓഫീസിനും സമീപവും കലാപസമാനമായ സാഹചര്യമുണ്ടായി.ഇംഫാലിലെ സംഘർഷ മേഖലകളിൽ വലിയ രീതിയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.അതേസമയം മണിപ്പൂരിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം തുടരുകയാണ്. മെയ്തെയ് ക്യാമ്പിലാണ് രാഹുലിന്‍റെ സന്ദർശനം.

TAGS :

Next Story