'പ്രത്യേക രാഷ്ട്രീയ ആശയത്തിൽ വിശ്വസിക്കുന്ന വ്യക്തി കൊല്ലപ്പെട്ടതുകൊണ്ട് മാത്രമാണ് ഇത്രയധികം ആളുകൾ ജയിലിൽ കഴിയുന്നത്'; ശ്രീനിവാസൻ വധക്കേസിൽ പിഎഫ്‌ഐ നേതാക്കൾക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി
പിഎഫ്ഐ നേതാക്കളായ യഹ്‌യ തങ്ങൾ, സി.എ റഊഫ്, അബ്ദുൽ സത്താർ എന്നിവർക്കാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.

ന്യൂഡൽഹി: പാലക്കാട് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച സുപ്രിംകോടതി എൻഐഎക്ക് എതിരെ ഉയർത്തിയത് രൂക്ഷ വിമർശനം. പ്രത്യേക രാഷ്ട്രീയ ആശയത്തിൽ വിശ്വസിക്കുന്ന വ്യക്തി കൊല്ലപ്പെട്ടതുകൊണ്ട് മാത്രമാണ് എൻഐഎ ഇത്രയധികം ആളുകളെ ജയിലിലടച്ചതെന്ന് ജസ്റ്റിസുമാരായ അഭയ് ഓക, ഉജ്ജൽ ഭുയൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
മുതിർന്ന അഭിഭാഷകരായ ആദിത്യ സോധി, രാഘേന്ത് ബസന്ത് എന്നിവരാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്. അഡീഷണൽ സോളിസിറ്റർ ജനറൽ രാജാ താക്കറെയാണ് എൻഐഎക്കായി ഹാജരായത്.
പിഎഫ്‌ഐ നേതാവായിരുന്ന യഹ്‌യ തങ്ങൾ വലിയ ഗൂഢാലോചനാ കേസിലാണ് ആദ്യം അറസ്റ്റിലായതെന്നും പിന്നീട് കൊലപാതകത്തിലുള്ള പങ്ക് തെളിയുകയായിരുന്നു എന്നും എഎസ്ജി വാദിച്ചു. എന്നാൽ യഹ്‌യ തങ്ങൾക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കേസുകൾ മാത്രമാണ് നിലവിലുള്ളത് എന്നായിരുന്നു കോടതിയുടെ മറുപടി.
പിഎഫ്‌ഐ പ്രവർത്തകനായിരുന്ന സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികാരമായി കൊലപ്പെടുത്താനുള്ള ആളെ കണ്ടെത്താനായി ഏഴ് സംഘങ്ങൾ രൂപീകരിച്ചു. യഹ്‌യാ തങ്ങളും റഊഫും ഇതിൽ ഒരു സംഘത്തിന്റെ ഭാഗമായിരുന്നു. ഇവർ ഉൾപ്പെട്ട സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി കോമ്പൗണ്ടിൽവെച്ചാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള തീരുമാനമെടുത്തതെന്നുമാണ് മാപ്പ് സാക്ഷിയുടെ മൊഴിയായി എഎസ്ജി കോടതിയെ അറിയിച്ചത്. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.
''കൊലപാതം എവിടെയോ നടക്കുന്നു, കുറ്റാരോപിതരായ ആളുകൾ വേറെ ഏവിടെയോ ഇരിക്കുന്നു. പിന്നെ അവർ എങ്ങനെ കൊലപാതകത്തിന് ഉത്തരവാദികളാവും. കൊലപാതകം നടന്നതിന് സമീപത്ത് ഇവർ ഉണ്ടായിരുന്നു എന്ന് മൊഴി നൽകിയിരുന്നെങ്കിൽ അത് ഞങ്ങൾക്ക് മനസ്സിലാകുമായിരുന്നു. എന്നാൽ ഇവർ മറ്റെവിടെയോ മീറ്റിങ് കൂടുകയായിരുന്നു. ഒരാളെ കൊന്ന കുറ്റമാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരാൾ മാത്രമാണ് കൊല്ലപ്പെട്ടത്''-ജസ്റ്റിസ് ഓക പറഞ്ഞു.
ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘവുമായി കുറ്റാരോപിതർ ആശയവിനിമയം നടത്തിയതായി മാപ്പുസാക്ഷിയുടെ മൊഴിയിൽ പറയുന്നില്ലെന്നും ജസ്റ്റിസ് ഓക ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു ഹിന്ദുവിനെ കൊലപ്പെടുത്താനായിരുന്നു ഗൂഢാലോചനയെന്നും അതുവരെ സുബൈറിന്റെ മൃതദേഹം സംസ്‌കരിച്ചില്ലെന്നും അഡീഷണൽ അറ്റോർണി ജനറൽ പറഞ്ഞു. ഒരാൾ കൊല്ലപ്പെട്ടതിന് എത്ര പേരെയാണ് നിങ്ങൾ ജയിലിലടച്ചത്? എന്നായിരുന്നു ഇതിനോട് കോടതിയുടെ പ്രതികരണം.
ഇവർ നേതാക്കളാണ്, ഇവരാണ് തീരുമാനമെടുക്കന്നത്. നേതാക്കൾ നേരിട്ട് പോയി കൃത്യം നടത്താറില്ല. അതിനായി വേറെ സംഘങ്ങളുണ്ട്. പോയി പരിശോധിക്കാനും കൃത്യം നടത്താനും വേറെ സംഘങ്ങളുണ്ടെന്നും എഎജി പറഞ്ഞു. ഇനി എത്രകാലം ഇവരെ ജയിലിലടക്കും എന്ന് ജസ്റ്റിസ് ഓക ചോദിച്ചു. ഗൂഢാലോചന നടത്തി പ്രതികാരം ചെയ്യുന്ന ഈ രീതി കേവലം ഒരു കൊലപാതകവുമായി ബന്ധപ്പെട്ടതല്ലെന്നും 2047 ലക്ഷ്യമിട്ടുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് എന്നുമായിരുന്നു എഎസ്ജിയുടെ മറുപടി. ഇത് അംഗീകരിക്കാതെയാണ് കോടതി യഹ്‌യ തങ്ങൾക്കും അബ്ദുൽ റഊഫിനും ജാമ്യം അനുവദിച്ചത്.
അബ്ദുൽ സത്താറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ അദ്ദേഹത്തിനെതിരെ 71 ക്രിമിനൽ കേസുകളുണ്ടെന്ന് എഎസ്ജി പറഞ്ഞു. എന്നാൽ ഇതെല്ലാം ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഹർത്താൽ നടത്തിയതിനാണെന്ന് മുതിർന്ന അഭിഭാഷകനായ ആദിത്യ സോധി പറഞ്ഞു. എന്നാൽ സത്താർ നേതാവാണെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് എല്ലാം നടക്കുന്നതെന്നും ജാമ്യം അനുവദിക്കരുതെന്നും എഎസ്ജി പറഞ്ഞു. നേരത്തെയുള്ള കേസുകളിൽ സത്താറിന് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞപ്പോൾ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കാൻ അദ്ദേഹം പുറത്തിറങ്ങുന്നത് തടയണം എന്നായിരുന്നു എഎസ്ജിയുടെ വാദം.
ഇതാണ് നിങ്ങളുടെ സമീപനത്തിന്റെ പ്രശ്‌നം എന്നായിരുന്നു ഇതിന് ജസ്റ്റിസ് ഓകയുടെ മറുപടി. ഒരു വ്യക്തിയെ അഴിക്കുള്ളിലാക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം. ഒരാശയം സ്വീകരിച്ചതുകൊണ്ട് ഒരാളെ ജയിലിലടക്കരുത്. ഇതാണ് ഇപ്പോൾ തങ്ങൾ കാണുന്ന രീതി. ഇത് അവർ ഒരു പ്രത്യേക പ്രത്യയശാസ്ത്രം സ്വീകരിച്ചു എന്നതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരാളെ പ്രോസിക്യൂട്ട് ചെയ്താൽ വിചാരണ നടത്തി ശിക്ഷിക്കണം. നിയമ നടപടിക്രമങ്ങൾ ശിക്ഷയായി മാറരുതെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയാനും പറഞ്ഞു.
Adjust Story Font
16

