Quantcast

കേരളത്തില്‍ മാര്‍ക്ക് ജിഹാദുണ്ടെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു; രാകേഷ് കുമാര്‍ പാണ്ഡെ

ഡല്‍ഹി സര്‍വകലാശാലയിലെ പ്രവേശന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    7 Oct 2021 11:58 AM GMT

കേരളത്തില്‍ മാര്‍ക്ക് ജിഹാദുണ്ടെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു; രാകേഷ് കുമാര്‍ പാണ്ഡെ
X

കേരളത്തില്‍ മാര്‍ക്ക് ജിഹാദുണ്ടെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ. ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ ഇടതുപക്ഷമാണ്. സര്‍വകലാശാല പ്രവേശന നടപടികളില്‍ മാറ്റം വരണമെന്നും രാകേഷ് കുമാര്‍ പാണ്ഡെ മീഡിയവണിനോട് പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു രാകേഷ് കുമാര്‍ പാണ്ഡെയുടെ പരാമര്‍ശം. ആര്‍ എസ് എസ് ബന്ധമുള്ള അധ്യാപക സംഘടന നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് പാണ്ഡെ. 'കേരളത്തില്‍ നിന്നും ഡല്‍ഹി സര്‍വകലാശാലയില്‍ കൂടുതല്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികം. ഇടതുപക്ഷം ജെ എന്‍ യുവില്‍ പരീക്ഷിച്ച നടപടി ഡല്‍ഹി സര്‍വകലാശാലയിലും നടാപ്പാക്കുന്നു.' - രാകേഷ് കുമാര്‍പാണ്ഡെ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഡല്‍ഹി സര്‍വകലാശാലയിലെ പ്രവേശന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ കട്ട് ഓഫ് പുറത്തുവന്നപ്പോള്‍ തന്നെ നിരവധി മലയാളി വിദ്യാര്‍ഥികള്‍ ഇവിടെ പ്രവേശനം നേടിയിരുന്നു. ഇതാണ് പ്രൊഫസറെ ചൊടിപ്പിച്ചത്. കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ട്. ഇത്രയധികം വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പ്രവേശനം എടുത്തിരിക്കുന്നത് വലിയൊരു വിഭാഗത്തിന്റെ ഗൂഡാലോചനയുടെ ഭാഗമാണെന്നും രാകേഷ് കുമാര്‍പാണ്ഡെ ആരോപിക്കുന്നു. ഇടതുപക്ഷം ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷിച്ച അതേ നടപടിയാണ് ഡല്‍ഹി സര്‍വകലാശാലയിലും നടാപ്പാക്കുന്നതെന്നും കുമാര്‍പാണ്ഡെ പറഞ്ഞു.

ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് 100 ശതമാനം മാര്‍ക്ക് കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാണെന്നും രാകേഷ് കുമാര്‍ ആരോപിച്ചു. കേരളത്തില്‍ മാര്‍ക്ക് ജിഹാദ് എന്ന തലക്കെട്ടാണ് പ്രൊഫസര്‍ ഇതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും ഇടതുപക്ഷ സംഘടനകളും ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്.

അതേസമയം, നിസാര കാരണങ്ങള്‍ പറഞ്ഞ് മലയാളി വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നിഷേധിക്കുകയാണെന്ന് എസ്എഫ്‌ഐ കുറ്റപ്പെടുത്തി.

TAGS :

Next Story