Quantcast

കോവിഡ് കേസുകളിൽ ജനിതക പരിശോധന, ആള്‍ക്കൂട്ടത്തില്‍ മാസ്ക്: രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കും

വിമാന സർവീസുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ

MediaOne Logo

Web Desk

  • Updated:

    2022-12-21 09:35:47.0

Published:

21 Dec 2022 9:20 AM GMT

കോവിഡ് കേസുകളിൽ ജനിതക പരിശോധന, ആള്‍ക്കൂട്ടത്തില്‍ മാസ്ക്: രാജ്യത്ത്  പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കും
X

ഡല്‍ഹി: കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. വിമാന സർവീസുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

കോവിഡ് കേസുകളിൽ ജനിതക പരിശോധന കർശനമായി നടത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നല്‍കി. ആൾക്കൂട്ടത്തിൽ മാസ്ക് ഉപയോഗിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ നിര്‍ദേശിച്ചു. എല്ലാവരും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണം. പരിഭ്രാന്തരാകേണ്ട കാര്യമില്ല. മതിയായ പരിശോധനകൾ നടക്കുന്നുണ്ട്. അന്താരാഷ്‌ട്ര വിമാന യാത്രയ്‌ക്കുള്ള മാർഗനിർദേശങ്ങളിൽ ഇതുവരെ മാറ്റമില്ലെന്നും വി.കെ പോൾ പറഞ്ഞു.

"കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവര്‍ക്കും ഞാൻ നിർദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്"- എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ നിരീക്ഷിക്കാൻ എല്ലാ ആഴ്ചയും യോഗം ചേരും.

ചൈന, അമേരിക്ക, ജപ്പാന്‍, ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് രാജ്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 129 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിൽ സജീവ കേസുകളുടെ എണ്ണം 3408 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മരണം രേഖപ്പെടുത്തി. ആകെ മരണം 5,30,677 ആയി.


Summary- The centre today advised people to mask up in crowded areas and decided to hold weekly meetings to monitor the country's Covid situation after alarming reports from China prompted a high-level meeting to chalk out the strategy to prevent a surge here

TAGS :

Next Story