Quantcast

ഒരു കി.മീ ദൂരം കടക്കാന്‍ രണ്ടു മണിക്കൂര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ വീട്ടിലെത്തിയത് രാത്രി; ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ബെംഗളൂരു

മണിക്കൂറുകളോളം വാഹനങ്ങൾ റോഡുകളിൽ കുടുങ്ങി

MediaOne Logo

Web Desk

  • Updated:

    2023-09-28 02:37:53.0

Published:

28 Sep 2023 2:20 AM GMT

unusual rise in traffic in Bengaluru
X

ബെംഗളൂരുവില്‍ ബുധനാഴ്ച ഉണ്ടായ ഗതാഗതക്കുരുക്ക്

ബെംഗളൂരു: രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ബെംഗളൂരു ഗതാഗതക്കുരുക്കിന് കൂടി പേര് കേട്ടതാണ്. ഒരു കിലോമീറ്റര്‍ പോലും ദൂരം കടക്കാന്‍ മണിക്കൂറുകള്‍ ബ്ലോക്കില്‍ പെടുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ബുധനാഴ്ച ഈ കുരുക്ക് അതിന്‍റെ പാരമ്യതയിലെത്തി. മണിക്കൂറുകളോളം വാഹനങ്ങൾ റോഡുകളിൽ കുടുങ്ങി. അവയില്‍ പലതും തകരാറിലാവുകയും ചെയ്തു.

നഗരത്തിലെ ഔട്ടർ റിംഗ് റോഡ് (ORR) പ്രദേശത്താണ് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുണ്ടായത്. അഞ്ച് മണിക്കൂറോളമാണ് വാഹനങ്ങള്‍ കുരുക്കില്‍ പെട്ടത്. കർഷകരുടെയും കന്നഡ സംഘടനകളുടെയും സംഘടനയായ ‘കർണാടക ജല സംരക്ഷണ സമിതി’ ആഹ്വാനം ചെയ്ത ബെംഗളൂരു ബന്ദിന് തൊട്ടുപിന്നാലെയാണ് സംഭവം.കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഗതാഗതക്കുരുക്കില്‍ പെട്ടതുകൊണ്ട് ഓഫീസുകളിലേക്ക് വീടുകളിലേക്കും പോകുന്ന വഴിയില്‍ മണിക്കൂറുകളോളം ട്രാഫിക്കിൽ കുടുങ്ങിയതായി നിരവധി പേര്‍ ട്വിറ്ററില്‍ കുറിച്ചു. രാത്രി 9 മണിക്ക് മുമ്പ് ഓഫീസിൽ നിന്ന് പുറത്തിറങ്ങരുതെന്നും ORR, മാറത്തഹള്ളി, സർജാപുര, സിൽക്ക്ബോർഡ് റൂട്ടുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവർ മറ്റുള്ളവരോട് നിർദ്ദേശിച്ചു. കഴിഞ്ഞ മൂന്നു മണിക്കൂറിനുള്ളില്‍ കടന്നത് ആകെ 5 കിലോ മീറ്ററാണെന്നും ഒരു കിലോമീറ്റർ പിന്നിടാൻ രണ്ട് മണിക്കൂർ വേണ്ടിവന്നതായും ഒരു യൂസര്‍ കുറിച്ചു.

ബെംഗളൂരുവിലെ വൻ തിരക്ക് കാരണം രാത്രി 8 മണിക്കാണ് സ്കൂള്‍ കുട്ടികള്‍ വീട്ടിലെത്തിയതെന്ന് ഒരു ഉപയോക്താവ്. ഒരു പിതാവിന്‍റെ ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് ഇയാള്‍ ട്വിറ്ററില്‍ അനുഭവം പങ്കുവച്ചത്. കുട്ടികളെ മറക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ചിലര്‍ അധികാരികള്‍ക്കെതിരെയും രംഗത്തെത്തി. "ബെല്ലന്തൂരിലെ ഗതാഗതക്കുരുക്ക് മൂലം കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. ഫുട്പാത്തിൽ ഇരുവശത്തും ഇരുചക്രവാഹനങ്ങൾ ഓടുന്നു. ബൈക്ക് യാത്രക്കാർക്ക് പിഴ ചുമത്താൻ നിങ്ങൾ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്?" കാൽനടയാത്രക്കാർക്കുള്ള നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കുന്നതിന്‍റെ വീഡിയോ പങ്കുവെച്ച് ഒരു ഉപയോക്താവ് ചോദിച്ചു. ഒരു ആംബുലന്‍സ് 20 മിനിറ്റലധികം ബ്ലോക്കില്‍ കുടുങ്ങിയെന്നും 15 കിലോമീറ്റർ താണ്ടാൻ നാല് മണിക്കൂർ എടുത്തതായും ഒരു ഉപഭോക്താവ് പരാതിപ്പെട്ടു.

അതിനിടയില്‍ പ്രശസ്ത കൊമേഡിയന്‍ ട്രെവർ നോഹയുടെ ബെംഗളൂരുവിൽ ഔട്ടർ റിംഗ് റോഡ് ഏരിയയിൽ നടക്കേണ്ടിയിരുന്ന ഷോകൾ റദ്ദാക്കി.സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഷോ റദ്ദാക്കുകയാണെന്നാണ് സംഘാടകര്‍ അറിയിച്ചത്. അദ്ദേഹത്തിന്‍റെ ഷോയ്‌ക്കായി ടിക്കറ്റ് എടുത്ത നിരവധി ബെംഗളൂരു നിവാസികൾ പരിപാടി കാണാന്‍ അവരുടെ ഓഫീസുകളിൽ നിന്ന് നേരത്തെ പുറപ്പെട്ടിരുന്നുവെങ്കിലും ഗതാഗതക്കുരുക്കില്‍ കുടുങ്ങിയിരുന്നു. ബുധനാഴ്ച രാത്രി 7.30 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷോ ഏകദേശം 30 മിനിറ്റ് വൈകിയാണ് ആരംഭിച്ചതെന്ന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ പരാതിപ്പെട്ടു. "മോശം ശബ്ദസംവിധാനം" കാരണം നിരവധി പ്രേക്ഷകർക്ക് ഒന്നും കേൾക്കാൻ കഴിയാത്തതിനെ തുടർന്ന് ഷോ പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.സാധാരണയായി 1.5 മുതൽ 2 ലക്ഷം വരെ വരേണ്ടിയിരുന്ന വാഹനങ്ങളുടെ എണ്ണത്തേക്കാൾ ഇരട്ടി തിരക്കാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് 7:30 ഓടെ 3.59 ലക്ഷം വാഹനങ്ങൾ ഓടിയതായി ഐബിഐ ട്രാഫിക് റിപ്പോർട്ട് പറയുന്നു.പല ഉൾറോഡുകളിലും വെള്ളക്കെട്ടില്‍ മുങ്ങിയതും കുരുക്കിന് വഴിയൊരുക്കി.

വൈകിട്ട് അഞ്ചിനും എട്ടിനുമിടയിൽ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ വീടുകളിലേക്ക് മടങ്ങാൻ തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് വർധിച്ചതായി പൊലീസ് പറഞ്ഞു. വരുന്ന അഞ്ചു ദിവസത്തെ അവധി കാരണം ആളുകള്‍ നഗരത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചതും കുരുക്കിന് കാരണമായി.

TAGS :

Next Story