Quantcast

മീഡിയവൺ വിലക്ക്: കേന്ദ്ര നടപടി ഭരണഘടനാവിരുദ്ധം, പെഗാസസ് വിധി സ്വകാര്യതയിൽ മാത്രം ഊന്നിയല്ല : എൻ റാം

മീഡിയവൺ വിലക്ക് വിഷയത്തിൽ ഡൽഹി പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ദി ഹിന്ദു ഡയറക്ടർ എൻ.റാം സംസാരിച്ചതിന്റെ പൂർണരൂപം

MediaOne Logo

അഫ്‍സല്‍ റഹ്‍മാന്‍ സി.എ

  • Updated:

    2022-02-14 16:44:18.0

Published:

14 Feb 2022 4:30 PM GMT

മീഡിയവൺ വിലക്ക്: കേന്ദ്ര നടപടി ഭരണഘടനാവിരുദ്ധം, പെഗാസസ് വിധി സ്വകാര്യതയിൽ മാത്രം ഊന്നിയല്ല : എൻ റാം
X

ആദ്യമായി മീഡിയവൺ ചാനലിനും ജീവനക്കാർക്കും എന്റെ ഐക്യദാർഢ്യം അറിയിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നടത്തുന്നത് അന്യായമാണ്. ഇത് മൗലികാവകാശങ്ങൾക്കും പത്ര സ്വാതന്ത്ര്യത്തിനുമെതിരെയുമുള്ള ആക്രമണമാണ്.


ചരിത്രത്തിൽ മുന്പില്ലാത്തവിധമുള്ള സാഹചര്യങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അടിയന്തരാവസ്ഥ മാറ്റിനിർത്തിയാൽ പത്രസ്വാതന്ത്ര്യത്തിന് ഇത്രയും വെല്ലുവിളികൾ നേരിട്ട മറ്റൊരു കാലം നാം കണ്ടിട്ടില്ല. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വളരെ പുറകിലാണ്. കമ്മിറ്റി റ്റു പ്രൊട്ടക്ട് ജേണലിസ്റ്സ് കണക്കുകൾ പ്രകാരം തൊഴിൽ ചെയ്യുന്നതിനിടെ കൊല്ലപ്പെടുന്ന ഇന്ത്യയിലെ മാധ്യമപ്രവർത്തകരുടെ എണ്ണം അമ്പതിലധികമാണ്. കൊലപാതകങ്ങളും അക്രമങ്ങളും തുടരുമ്പോഴും ഏറ്റവും ഉത്കണ്ഠജനകമായി സി.പി.ജെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് ഇത്തരം സംഭവങ്ങളിൽ എടുത്ത കേസുകളിൽ ഒന്നിൽ പോലും നിയമനടപടികൾ അന്തിമഘട്ടത്തിൽ എത്തിയിട്ടല്ലെന്നാണ്.


ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ സിറിയയും പാകിസ്ഥാനുമൊക്കെ ഉൾപ്പെടുന്ന വളരെ മോശം പട്ടികയിലാണ് തുടർച്ചയായി ഇന്ത്യയുള്ളത്. ഇതിനുപുറമെ വിവിധ മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരെ വിവിധ തരത്തിലുള്ള ശിക്ഷാ നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകും. സർക്കാരിന് വേണ്ടി കുഴലൂതുന്നവർക്ക് പാരിതോഷകങ്ങളും നൽകുന്നു.


സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി എഴുന്നേറ്റ് നിൽക്കുന്ന മാധ്യമങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഈയൊരു സാഹചര്യത്തിലാണ് നമ്മൾ മീഡിയവണിന് നേരെയുള്ള നടപടി കാണേണ്ടത്. ഇന്ത്യൻ എക്സ്പ്രസ്സ്, ടെലഗ്രാഫ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങൾ ഈ വിഷയത്തിൽ മുഖപ്രസംഗങ്ങൾ എഴുതിയത് എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് വളരെ സന്തോഷം നൽകുന്നു.


ഗൗതം ഭാട്ടിയ ഈ വിഷയത്തിൽ എഴുതിയ ലേഖനം ഞാൻ വായിക്കുകയുണ്ടായി. ഭരണഘടന കോടതികളുടെ വിധികളിൽ നാം പ്രതീക്ഷിക്കുന്ന ചില ഭാഗങ്ങളുണ്ടെന്ന് അദ്ദേഹം എഴുതി. നിയമപരമായ വിശദീകരണം, പരിണതഫലം, ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്ന ഒരു ഘടകം എന്നിവയാണ് അത്. ഈ വിഷയത്തിൽ നിയമപരമായ വിശദീകരണത്തിന്റെ അഭാവം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദേശീയ സുരക്ഷയെന്ന് ചാപ്പ കുത്തുന്ന കേസുകളിൽ സ്വാഭാവിക നീതിക്കും ജുഡീഷ്യൽ റിവ്യൂ എന്നിവക്കുള്ള തങ്ങളുടെ സാധ്യതകളെ കോടതികൾ പരിമിതപ്പെടുത്തുന്നത് അസ്വസ്ഥജനകമാണ്.


ഞാൻ കൂടി ഹരജിക്കാരനായ പെഗാസസ് കേസിലെ സുപ്രീംകോടതിയുടെ വിധി വ്യാഖാനിക്കുന്നതിൽ കേരള ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്ന് ദി ഹിന്ദുവിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കേന്ദ്രത്തിന് ഫ്രീ പാസ് നൽകാൻ പാടില്ലായെന്ന പരാമർശം സ്വകാര്യതക്ക് മാത്രം ബാധകമാകൂവെന്ന് വിധിയിൽ പറയുന്നത് ശരിയല്ല. സ്വകാര്യത, മാധ്യമസ്വാതന്ത്ര്യം, ശ്രോതസ്സുകളുടെ സംരക്ഷണം എന്നിവക്കും ഇത് ബാധകമാണെന്ന് സുപ്രീംകോടതി വിധിയിലുണ്ട്.


ഡിജികേബിൾ കേസിലെ സുപ്രീംകോടതി വിധി പകർത്തുകയാണ് മീഡിയവൺ കേസിൽ ഹെക്കോടതി ചെയ്തത്. കേസിപ്പോൾ ഡിവിഷൻ ബെഞ്ചിന് മുൻപാകെയാണ്. നല്ല വിധിയുണ്ടാകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. സീൽഡ് കവർ നിയമസംഹിത അനുവദിക്കാത്ത ന്യായാധിപന്മാരുമുണ്ട്. സുബ്രഹ്മണ്യ സ്വാമി - അരുൺ ഷൂരി കേസിലെ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി ഇതിനുദാഹരണമാണ്. ഇത് വെറും സംപ്രേഷണാവകാശത്തിന്റെ മാത്രം പ്രശ്നമല്ല. ഇത് മാധ്യമസ്വാതന്ത്ര്യത്തിന്റെയും അറിയാനുള്ള അവകാശത്തിന്റെ കൂടി വിഷയമാണ്.


എക്സികുട്ടിവ് കൂടുതൽ സമ്മർദം ചെലുത്തുന്ന കേസുകളിൽ ഉയർന്ന കോടതികളിൽ നിന്നും ആശ്വാസം ലഭിക്കുന്നത് കുറഞ്ഞുവരികയാണ്. ചില കേസുകളിൽ ഹൈക്കോടതികൾ ഭേദമായി പ്രവർത്തിക്കുന്നതായും പൗരന്മാരുടെ അവകാശങ്ങൾക്കും ഒപ്പം നിൽക്കുന്നത് നമുക്ക് കാണാൻ കഴിയും. ദേശസുരക്ഷയും പൗരന്മാരുടെ


മൗലിക അവകാശങ്ങളും നേരിട്ട് ഏറ്റുമുട്ടുന്ന കേസുകളിൽ ദേശസുരക്ഷക്ക് ഫ്രീപാസ് ലഭിക്കുന്ന സാഹചര്യമുണ്ട്.


ഈ ചർച്ചകളിൽ വിശദമായി പരാമർശിക്കാത്ത ഒരു വശമുണ്ട്. അത് കൂടി പറയേണ്ടതുണ്ടെന്ന് കരുതുന്നു. ന്യൂനപക്ഷങ്ങളെ , പ്രത്യേകിച്ച് മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള കേന്ദ്രത്തിന്റെയും ചില സംസ്ഥാനങ്ങളുടെയും അക്രമങ്ങളാണ് അവ. വൈവിധ്യമായ ഇന്ത്യൻ സമൂഹത്തിൽ ഇഴകി ചേർന്ന് ജീവിക്കുന്നവരാണ് ഇന്ത്യയിലെ മുസ്‌ലിം സമൂഹം. അവരെ അടിച്ചമർത്താൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഭയങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിക്കാൻ കഴിയും. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഇത്തരം സന്ദേശങ്ങൾ വ്യാപകമായി ഉപയോഗപ്പെട്ടിട്ടുണ്ട്.


വാദത്തിന്, ഒരു ടി.വി ചാനൽ പിഴവ് വരുത്തിയാൽ അത് പരിശോധിക്കാൻ ആ മേഖലയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ആണ് വേണ്ടത്. നടപടികളിൽ ആനുപാതികതയുണ്ടാകണം. നിരോധമെന്നത് മാധ്യമങ്ങളെ കൊല്ലാൻ വേണ്ടിയാണ്. അത് ഭരണഘടനാവിരുദ്ധവും അസ്വീകാര്യവവും ആണ്.


അനീതികൾ ഇല്ലാതാവുകയും നീതി പുലരുകതന്നെയുമാണ് എന്റെ ശുഭാപ്തിവിശ്വാസം. ഭരണഘടനക്കെതിരായ അതിക്രമങ്ങളെ ഇന്ത്യയിലെ ജനങ്ങൾ അനുവദിക്കുകയില്ല.

വിവർത്തനം : അഫ്സൽ റഹ്മാൻ

News Summary : MediaOne ban: Central action unconstitutional, Pegasus verdict not just on privacy: N Ram


TAGS :

Next Story