Quantcast

30,000 കോടിയുടെ ആസ്തി, ഇന്ത്യയിലെ രണ്ടാമത്തെ ധനിക; ആഡംബര പാര്‍ട്ടികള്‍ ഇഷ്ടപ്പെടാത്ത,മനുഷ്യ സ്നേഹിയായ ലീന തിവാരി

രാഷ്ട്രീയപ്രവര്‍ത്തകയും ബിസിനസുകാരിയുമായ സാവിത്രി ജിന്‍ഡലിനു തൊട്ടുപിന്നിലാണ് ലീനയുടെ സ്ഥാനം

MediaOne Logo

Web Desk

  • Published:

    16 Feb 2023 7:26 AM GMT

Leena Tewari
X

ലീന തിവാരി

മുംബൈ: ഇന്ത്യയിലെ സ്വകാര്യ ഫാര്‍മസി കമ്പനിയായ യു.എസ്.വി ഇന്ത്യയുടെ ചെയര്‍പെഴ്സണ്‍ ആണ് 65കാരിയായ ലീന ഗാന്ധി തിവാരി. ഫോബ്സ് മാസിക ഈ വര്‍ഷം പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം രാജ്യത്തെ രണ്ടാമത്തെ ധനികയായ സ്ത്രീ. 30,000 കോടിയുടെ ആസ്തിയാണ് ലീനക്കുള്ളത്. രാഷ്ട്രീയപ്രവര്‍ത്തകയും ബിസിനസുകാരിയുമായ സാവിത്രി ജിന്‍ഡലിനു തൊട്ടുപിന്നിലാണ് ലീനയുടെ സ്ഥാനം.

നിലവിൽ ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളുടെ പട്ടികയിൽ ബയോകോണിന്‍റെ കിരൺ മജുംദാർ-ഷോ, നൈകയുടെ ഫാൽഗുനി നായർ, സോഹോ കോർപ്പറേഷന്റെ രാധ വെമ്പു എന്നിവരെക്കാൾ ബഹുദൂരം മുന്നിലാണ് ലീന. കോടീശ്വരിയാണെങ്കിലും മാധ്യമങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കുന്ന ലീന സമ്പന്നരുടെ പാര്‍ട്ടികളിലും പ്രത്യക്ഷപ്പെടാറില്ല. അതിസമ്പന്നരുടെ ക്ലബുകളിലേക്ക് ക്ഷണിച്ചാല്‍‌ 'നോ' പറയുകയാണ് ലീനയുടെ പതിവ്. എന്നാല്‍ ബോളിവുഡ് താരം ജൂഹി ചാവ്‍ലയുടെ ഉറ്റ സുഹൃത്താണ് ലീന. ജൂഹി ലീനയുടെ പിറന്നാളിനെത്തിയിരുന്നു. പിറന്നാളിനെത്തിയ അപൂര്‍വ വി.ഐ.പിയുടെ ചിത്രം നടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കാർഡിയോ വാസ്കുലർ, ഡയബറ്റിക് മരുന്നുകളുടെ വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യ അഞ്ച് കമ്പനികളിൽ ഒന്നാണ് യു.എസ്.വി ഇന്ത്യ.സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐകൾ), കുത്തിവയ്പ്പുകൾ, ബയോസിമിലാർ മരുന്നുകൾ എന്നിവയും കമ്പനി നിര്‍മിക്കുന്നുണ്ട്. മുംബൈയിലെ പൊതുപരിപാടികളില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ലീന ഒരു മനുഷ്യസ്‌നേഹിയാണെന്ന് ഫോർച്യൂൺ റിപ്പോർട്ട് ചെയ്യുന്നു. ഡോ. സുശീലാ ഗാന്ധി സെന്റർ ഫോർ അണ്ടർപ്രിവിലേജ്ഡ് വിമൻസ് എന്ന സംഘടനയുടെ ശക്തിയാണ് ലീന. പെണ്‍കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍,നൃത്തം എന്നിവയില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഇത്. യാത്രകളെയും വായനയും ഇഷ്ടപ്പെടുന്ന ലീന ഒരു എഴുത്തുകാരി കൂടിയാണ്. യു.എസ്.വി.യുടെ സ്ഥാപകനായ തന്‍റെ മുത്തച്ഛനെക്കുറിച്ച് 'ബിയോണ്ട് പൈപ്പ്‌സ് ആൻഡ് ഡ്രീംസ്' എന്ന പേരിൽ അവൾ ഒരു ജീവചരിത്രം എഴുതിയിട്ടുണ്ട്.

മുംബൈ സർവകലാശാലയിൽ നിന്ന് ബികോം ബിരുദം നേടിയിട്ടുള്ള ലീന ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. യു.എസ്.വി എം.ഡി കൂടിയായ പ്രശാന്ത് തിവാരിയാണ് ഭര്‍ത്താവ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), യുഎസിലെ കോർണൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് പ്രശാന്ത് എഞ്ചിനീയറിംഗ് പഠിച്ചത്.അനീഷ ഗാന്ധി തിവാരി എന്ന മകളും ഇവര്‍ക്കുണ്ട്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും മോളിക്യുലര്‍ ബയോളജിയില്‍ പിഎച്ച്ഡി നേടിയിട്ടുള്ള ലീന കഴിഞ്ഞ ആഗസ്തില്‍ യു.എസ്.വി ബോര്‍ഡില്‍ ചേര്‍ന്നു.

TAGS :

Next Story