Quantcast

''ഈ വേട്ടയ്ക്കു കാരണം അയാളുടെ പേര്''; ആര്യൻ ഖാന്‍റെ അറസ്റ്റിൽ മെഹ്ബൂബ മുഫ്തി

അയാളുടെ പേര് ഖാന്‍ എന്നായത് കൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ അയാളെ വിടാതെ പിന്തുടരുന്നതെന്ന് മെഹ്ബൂബ മുഫ്തി

MediaOne Logo

Web Desk

  • Updated:

    2021-10-11 13:53:08.0

Published:

11 Oct 2021 1:46 PM GMT

ഈ വേട്ടയ്ക്കു കാരണം അയാളുടെ പേര്; ആര്യൻ ഖാന്‍റെ അറസ്റ്റിൽ മെഹ്ബൂബ മുഫ്തി
X

പ്രശസ്ത ബോളിവുഡ് താരം ഷാറൂഖ് ഖാന്‍റെ മകൻ ആര്യൻഖാന്‍റെ അറസ്റ്റിൽ പ്രതികരണവുമായി ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. അയാളുടെ പേര് ഖാൻ എന്നായത് കൊണ്ടാണ് കേന്ദ്ര ഏജൻസികൾ അയാളെ വേട്ടയാടുന്നതെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു.

'നാല് കർഷകരെ കൊന്ന കേസിൽ കുറ്റാരോപിതനായ കേന്ദ്രമന്ത്രിയുടെ മകന്‍റെ പുറകിൽ പോകാതെ വെറും 23 വയസ്സുള്ളൊരു ചെറുപ്പക്കാരന് പുറകിലാണ് കേന്ദ്രഏജൻസികൾ. കാരണം അയാളുടെ പേര് ഖാൻ എന്നാണ്. മുസ്ലീങ്ങൾ വേട്ടയാടപ്പെടണമെന്നത് ബി.ജെ.പിയുടെ അജണ്ടയാണ്. അതിലാണ് അവരുടെ വോട്ട് ബാങ്ക് കിടക്കുന്നത്.' മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.

മുംബൈ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ കഴിഞ്ഞയാഴ്ചയാണ് ആര്യന്‍ ഖാന്‍ അറസ്റ്റിലായത്. ആര്യനും മറ്റു പ്രതികള്‍ക്കുമെതിരെ തെളിവുകളുണ്ടെന്നാണ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ പറയുന്നത്. ഫാഷന്‍ ടിവി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കാഷിഫ് ഖാന്‍റെ നേതൃത്വത്തിലാണ് മുംബൈയിലെ കോര്‍ഡേലിയ എന്ന ആഡംബര കപ്പലില്‍ മൂന്ന് ദിവസത്തെ സംഗീത യാത്ര പുറപ്പെട്ടത്. ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘാടകരുടെ ക്ഷണപ്രകാരമാണ് ആര്യന്‍ ഖാന്‍ എത്തിയതെന്നാണ് വിവരം. കപ്പലില്‍ നിരോധിത ലഹരി മരുന്നുകളുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറുകയായിരുന്നു. കപ്പല്‍ നടുക്കടലില്‍ എത്തിയതോടെയാണ് എന്‍സിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. എംഡിഎംഎ, കൊക്കെയിന്‍ തുടങ്ങിയ ലഹരിവസ്തുക്കള്‍ പിടികൂടിയെന്നാണ് എന്‍സിബി സംഘം പറഞ്ഞത്.




TAGS :

Next Story