Quantcast

മികച്ച ഇന്ത്യക്കായി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും; മെഹബൂബ മുഫ്തി

ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കാൻ ധൈര്യമുള്ള ഒരാളോടൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായി മെഹബൂബ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    27 Dec 2022 3:05 PM GMT

മികച്ച ഇന്ത്യക്കായി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും; മെഹബൂബ മുഫ്തി
X

ശ്രീന​ഗർ: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവിയുമായ മെഹബൂബ മുഫ്തി. യാത്രയിൽ കശ്മീരിലെത്തുമ്പോൾ അണി ചേരുമെന്നും തനിക്ക് അതിലേക്ക് ക്ഷണം കിട്ടിയിട്ടുണ്ടെന്നും മെഹബൂബ ട്വീറ്റിലൂടെ അറിയിച്ചു.

"ഭാരത് ജോഡോ യാത്ര കശ്മീരിലെത്തുമ്പോൾ അതിൽ പങ്കാളിയാവാൻ എന്നെ ഔപചാരികമായി ക്ഷണിച്ചിട്ടുണ്ട്. രാഹുൽ ​ഗാന്ധിയുടെ അദമ്യമായ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നു. ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കാൻ ധൈര്യമുള്ള ഒരാളോടൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. മെച്ചപ്പെട്ട ഇന്ത്യയ്ക്കായി യാത്രയിൽ അദ്ദേഹത്തോടൊപ്പം ചേരും"- അവർ ട്വീറ്റ് ചെയ്തു.

നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ലയും ഭാരത് ജോഡോ യാത്രയിൽ അണി ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 20നാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലെത്തുന്നത്. സെപ്തംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്.

അതേസമയം, ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലേക്ക് കടക്കാനിരിക്കെ പരിപാടിയിലേക്ക് ബി.ജെ.പിയിതര കക്ഷി നേതാക്കളെ കോൺ​ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. സമാജ്‌വാദി അധ്യക്ഷൻ അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി, ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്.

ജനുവരി മൂന്നിനാണ് ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ പ്രവേശിക്കുന്നത്. പിന്നീട് ബാഗ്പത്, ഷംലി വഴി ഹരിയാനയിൽ പ്രവേശിക്കും. എസ്.പി എം.എൽ.എ ശിവ്പാൽ സിങ് യാദവ്, ബി.എസ്.പി ജനറൽ സെക്രട്ടറി സതീഷ് മിശ്ര, സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി മേധാവി ഓംപ്രകാശ് രാജ്ഭർ, സി.പി.ഐ സെക്രട്ടറി അതുൽ അഞ്ജൻ എന്നിവരെയും ക്ഷണിച്ചിട്ടുള്ളതായി കോൺഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു.

ഈ വർഷം ആദ്യം നടന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മൂന്ന് ദിവസങ്ങളിലും യു.പിയിലെ യാത്രയിൽ പങ്കെടുക്കും. 10 സംസ്ഥാനങ്ങളിലൂടെ ഇതുവരെ 2,800 കിലോമീറ്ററിലധികം സഞ്ചരിച്ച കന്യാകുമാരി- കശ്മീർ യാത്ര ഒമ്പത് ദിവസത്തെ ശൈത്യകാല അവധിയിലാണ്.

TAGS :

Next Story