Quantcast

'നിങ്ങള്‍ക്കെന്താ ഭ്രാന്താണോ? കള്ളന്മാര്‍'... ലഘിംപൂര്‍ കേസിനെ കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് തട്ടിപ്പറിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര

അജയ് മിശ്രയുടെ രാജിക്കായി സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-12-15 12:01:06.0

Published:

15 Dec 2021 11:43 AM GMT

നിങ്ങള്‍ക്കെന്താ ഭ്രാന്താണോ? കള്ളന്മാര്‍... ലഘിംപൂര്‍ കേസിനെ കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് തട്ടിപ്പറിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര
X

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല കേസില്‍‌ ജയിലില്‍ അടയ്ക്കപ്പെട്ട മകനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് തട്ടിപ്പറിച്ച് അധിക്ഷേപം ചൊരിഞ്ഞ് കേന്ദ്രമന്ത്രി അജയ് മിശ്ര. ലഖിംപൂരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഓടിച്ചുകയറ്റിയത് ആസൂത്രിതമായിരുന്നുവെന്ന റിപ്പോര്‍ട്ട് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പിന്നാലെ അജയ് മിശ്രയുടെ രാജിക്കായി സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചത്.

മകൻ ആശിഷ് മിശ്രയ്‌ക്കെതിരെ പുതിയ കുറ്റം ചുമത്താൻ ശിപാർശ ചെയ്യുന്ന അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനു നേരെ കേന്ദ്രമന്ത്രി അധിക്ഷേപം ചൊരിയുകയായിരുന്നു- "ഇത്തരം മണ്ടൻ ചോദ്യങ്ങൾ ചോദിക്കരുത്. നിനക്ക് ഭ്രാന്താണോ?"- മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത അജയ് മിശ്ര മൈക്ക് ഓഫാക്കാന്‍ ആവശ്യപ്പെടുകയും മൈക്ക് തട്ടിപ്പറിക്കുകയും ചെയ്തു. മാധ്യപ്രവര്‍ത്തകരെ കള്ളന്മാരെന്ന് അധിക്ഷേപിക്കുകയും ചെയ്തു.

ഇന്നലെ മകനെ മന്ത്രി ജയിലിലെത്തി കണ്ടിരുന്നു. ഇന്ന് ലഖിംപൂർ ഖേരിയിൽ ഓക്‌സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത്.

ഒക്‌ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിൽ കർഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്ര വാഹനം ഓടിച്ചുകയറ്റി കൂട്ടക്കൊല ചെയ്തത് ആസൂത്രിതമായ ഗൂഢാലോചനയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന് പിന്നാലെ അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അറിയാതെ സംഭവിച്ച പിഴവല്ലെന്നും കൊലപാതകം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വാഹനം ഓടിച്ചുകയറ്റിയതെന്നുമാണ് അന്വേഷണസംഘത്തിന്‍റെ റിപ്പോര്‍ട്ട്.

"മന്ത്രി രാജിവയ്ക്കണം. പക്ഷേ രാജി ആവശ്യപ്പെടാന്‍ പ്രധാനമന്ത്രി തയ്യാറല്ല. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായതുപോലെ മന്ത്രിയെ പുറത്താക്കാനും നിർബന്ധിതരാകും"- രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ സമ്മര്‍ദത്തിനു വഴങ്ങാന്‍ ബിജെപി നേതൃത്വം ഇതുവരെ തയ്യാറായില്ല. മകന്‍റെ പ്രവൃത്തികളുടെ പേരില്‍ അച്ഛനെ കുറ്റക്കാരനെന്ന് വിളിക്കാനാകില്ലെന്നാണ് ബിജെപി നേതാക്കളുടെ വാദം.


TAGS :

Next Story